
കാൻബെറ: ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോഴോ, വസ്ത്രം ധരിക്കുമ്പോഴോ, സാധനങ്ങൾ ഉപയോഗിക്കുമ്പോഴോ ഒക്കെ പലർക്കും അലർജി വരാറുണ്ട്. പക്ഷേ, ബദാം കാരണം വിമാനത്തിന്റെ ടോയ്ലെറ്റിലിരുന്ന് യാത്ര ചെയ്യേണ്ടിവന്ന ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയ ലോകത്തെ ചർച്ച.
കിഴക്കൻ സസെക്സിൽനിന്നുള്ള അദ്ധ്യാപികയായ ലോറ മെറിയ്ക്കാണ് അലർജി കാരണം ഇത്തരമൊരു ദുരവസ്ഥനേരിടേണ്ടിവന്നത്. ആസ്ട്രേലിയയിലുള്ള സഹോദരിയെ സന്ദർശിക്കാനായാണ് 25കാരിയായ ലോറ വിമാനത്തിൽ യാത്ര തിരിച്ചത്. തനിക്ക് ഇങ്ങനെയൊരു ആരോഗ്യപ്രശ്മുള്ളതായി നേരത്തെതന്നെ വിമാനക്കമ്പനിയെ അറിയിച്ചതാണെന്നും എന്നാൽ, അവരത് അവഗണിച്ചുവെന്നുമാണ് ലോറ പറയുന്നത്. ട്വിറ്ററിലൂടെയാണ് ലോറ തന്റെ അനുഭവം പങ്കുവച്ചത്.
യാത്രക്കാർക്ക് തങ്ങൾ നൽകുന്ന ഭക്ഷണത്തിൽ കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം പോലുള്ള ധാന്യവർഗങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് സംഭവം പുറത്തായതോടുകൂടി വിമാനകമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, പൂർണമായും അലർജി വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകാനും അവർക്ക് കഴിയുന്നില്ല.