വാഷിംഗ്ടൺ : നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന കാൻസറിനെ പ്രതിരോധിക്കാൻ നിർണായക കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. മനുഷ്യ ശരീരത്തിൽ മറഞ്ഞിരിക്കുന്ന കാൻസറിനെ വളരെ നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗം പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാനും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാവും.ഇപ്പോൾ ഇതിന് സഹായകമാകുന്ന രക്ത പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോർണിയയിലെ ഗവേഷകർ. ഗല്ലേറി എന്നാണ് ഈ രക്തപരിശോധനയുടെ പേര്. ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാൻസർ കണ്ടെത്താമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. അതു മാത്രമല്ല, 50 ലേറെ വിവിധ തരം കാൻസറുകളുടെ സാന്നിദ്ധ്യം ഈ രക്ത പരിശോധനയിലൂടെ വളരെ നേരത്തെ കണ്ടെത്താൻ കഴിയും. 50 നും അതിന് മുകളിലും പ്രായമുള്ളവരിൽ കാൻസർ സാദ്ധ്യത നേരത്തെ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനം രോഗത്തിന്റെ ദുരിതത്തിൽ നിന്ന് നിരവധി പേരെ കരകയറ്റാൻ സഹായിക്കും.
കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രെയ്ൽ എന്ന കമ്പനിയാണ് ഗല്ലേറി ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. 134,000 പേരെ പങ്കെടുപ്പിച്ച് ഗല്ലേറിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായതിനെ തുടർന്ന് യു.എസിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഈ ടെസ്റ്റ് നിലവിൽ നടത്താൻ അനുമതിയുണ്ട്. ഒരു വ്യക്തിയിൽ നിന്ന് രക്തത്തിന്റെ സാമ്പിൾ മാത്രമാണ് പരിശോധനയ്ക്ക് വേണ്ടി വരിക. ഇതിലെ ഡി.എൻ.എയെ വിശകലനം ചെയ്താണ് രോഗനിർണയം. പത്ത് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഏത് ഭാഗത്താണ് രൂപപ്പെടുന്നതെന്നും ഗല്ലേറി ടെസ്റ്റിന് കൃത്യമായി കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. നിലവിലെ കാൻസർ ചികിത്സകൾക്കൊപ്പം ഗല്ലേറി ടെസ്റ്റ് കൂടി ഉൾപ്പെടുത്തുന്നതോടെ ശരീരത്തിൽ ഒന്നിലധികം കാൻസർ രൂപപ്പെടുന്നുണ്ടോയെന്നും കണ്ടെത്താൻ കഴിയും. ഗല്ലേറിയുടെ കൂടുതൽ സാദ്ധ്യതകളെ പറ്റി പഠനങ്ങൾ നടത്തി വരികയാണ് ഗവേഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |