കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ജില്ലയിലെ തൊഴിൽരഹിതരായ സ്ത്രീകൾക്ക് അതിവേഗ വായ്പ അനുവദിക്കാനും 119 വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാനും നടപടി ആരംഭിച്ചു. വനിതാശാക്തീകരണം ലക്ഷ്യമിട്ടാണ് വായ്പ നൽകുന്നത്. വിനോദകേന്ദ്രങ്ങളിലും പട്ടണങ്ങളിലും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ വിശ്രമകേന്ദ്രങ്ങൾ സഹായിക്കും.
ഒന്നരക്കോടി വരെ വായ്പകൾ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്നത്. നിശ്ചിത വരുമാനപരിധിയിലുള്ള 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ സ്ത്രീകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ വായ്പ നൽകും. പലിശ നിരക്ക് ആറു ശതമാനം. ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുക. പൂരിപ്പിച്ച അപേക്ഷ സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കാം. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് മൂന്ന് മുതൽ മൂന്നര ശതമാനം വരെ പലിശ നിരക്കിൽ ഒന്നരക്കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് പത്ത് ലക്ഷം രൂപ വരെയും ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകളും വിശദവിവരങ്ങളും എറണാകുളം മേഖലാ ഓഫീസിൽ ലഭിക്കും.
അപേക്ഷാ ഫോറം ലഭിക്കാൻ : www.kswsdc.org
വിവരങ്ങൾക്ക് : 0484 2984932, 9496015011
പ്രായം: 18-55
പലിശ : 6%
കാലാവധഘി: 5 വർഷം
119 വിശ്രമകേന്ദ്രങ്ങൾ
ജില്ലാ ശുചിത്വമിഷനാണ് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ 119 വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുക. യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ലഘുഭക്ഷണശാലയും സ്ത്രീസൗഹൃദ പൊതുടോയ്ലെറ്റും ഉൾപ്പെടുന്നതാണ് വിശ്രമ കേന്ദ്രങ്ങൾ. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിലുള്ള പൊതുടോയ്ലെറ്റുകൾ ആധുനികസൗകര്യങ്ങളോടെ പുതുക്കിപ്പണിയുകയോ പുതിയവ നിർമിക്കുകയോ ചെയ്യാം. 72 പുനരുദ്ധാരണ പദ്ധതികളും 47 പുതിയ പദ്ധതികളുമാണ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്തത്. 26 ടോയ്ലെറ്റുകളുടെ നിർമാണം പദ്ധതിയുടെ കീഴിൽ പൂർത്തിയായി.
വിനോദസഞ്ചാരകേന്ദ്രങ്ങൾ, പട്ടണങ്ങൾ തുടങ്ങിയിടങ്ങളിൽ പൊതുസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പദ്ധതി സഹായകമാകും. യാത്രക്കാർക്ക് ടോയ്ലറ്റ്, കുളിമുറികൾ തുടങ്ങി സൗകര്യങ്ങൾ ഇതുവഴി ലഭിക്കുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കാനും വളർച്ചയ്ക്കും സഹായമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |