തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2020ലെ മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷന് ലഭിച്ചു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലടക്കം വിവിധ മേഖലകളിലെ പ്രകടനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. തൃശൂർ റൂറലിലെ ഇരിങ്ങാലക്കുട സ്റ്റേഷനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലെ കുന്നമംഗലം സ്റ്റേഷൻ മൂന്നാംസ്ഥാനം നേടി. എസ്.എച്ച്.ഒ ഉൾപ്പെടെ 68 പേരാണ് തമ്പാനൂർ സ്റ്റേഷനിലുള്ളത്. ഇതിൽ പത്ത് പേർ വനിതകളാണ്. മൂന്ന് സബ് ഇൻസ്പെക്ടർമാരും സ്റ്റേഷനിലുണ്ട്. കഴിഞ്ഞവർഷം ബൈജുവും നിലവിൽ വൈ. മുഹമ്മദ് ഷാഫിയുമാണ് തമ്പാനൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ. സ്റ്റേഷൻ മാനേജ്മെന്റ്, പൊതുജനങ്ങളോടുള്ള സമീപനം, ക്രൈം കേസുകളിലെ അന്വേഷണവും കുറ്റകൃത്യം തെളിയിക്കലും, ജനമൈത്രീ പൊലീസിംഗ്, ഓൺലൈൻ സംവിധാനങ്ങളിലെ മികവ്, ലഹരിക്കെതിരെയുള്ള അന്വേഷണം തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡിന് പരിഗണിച്ചത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ഈ വർഷം അവസാനം അവാർഡ് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |