SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 AM IST

ടണൽ തുറക്കാൻ മഴ ഭീഷണിയും മറികടന്ന് ...

kuthiran-

തൃശൂർ: ഒരു മാസത്തോളം ഒഴിഞ്ഞുനിന്ന മഴ കഴിഞ്ഞദിവസം ശക്തമായി തിരിച്ചെത്തിയത്, കുതിരാനിലെ ടണൽ നിർമ്മാണത്തിന് ആശങ്കയുയർത്തുന്നുണ്ടെങ്കിലും ആഗസ്റ്റ് ഒന്നിന് തന്നെ തുറക്കാനുള്ള പണികൾ അതിദ്രുതം തുടരുകയാണ്. തൃശൂർ ഭാഗത്തുള്ള പ്രവേശന കവാടത്തിലെ റോഡുകളിലെ പാറ നീക്കൽ അവസാന ഘട്ടത്തിലാണ്.

പാലക്കാട് ഭാഗത്ത് തുരങ്കത്തിന്റെ മുകൾ വശത്ത് മണ്ണിടിച്ചിൽ തടയാനായി നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ടണലിനകത്ത് ശുചീകരണം, കോൺക്രീറ്റിംഗ്, റോഡ് മാർക്കിംഗ് പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ വൈദ്യുതി കണക്ഷൻ ഉടൻ സാദ്ധ്യമാക്കും.

തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞയാഴ്ച്ച പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും കുതിരാനിൽ മണ്ണിടിഞ്ഞ് വഴിയടഞ്ഞിരുന്നു. പണി നടക്കുന്ന ഒരു ടണൽ തുറന്നാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. അതുകൊണ്ടു തന്നെ ഈ മഴക്കാലത്ത് കുതിരാനിലെ ഒരു ടണൽ മാത്രം തുറന്നാൽ തൃശൂർ - പാലക്കാട് ദേശീയപാതയിലെ യാത്രക്കാർക്ക് അത് വലിയ ആശ്വാസമാകും. മഴ പെയ്താൽ നിസാരകാരണം കൊണ്ടു പോലും ഏറെനേരം ഗതാഗതം മുടങ്ങാറുണ്ട് ഇവിടെ. കയറ്റം കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന ചരക്കുലോറികൾ കേടുവന്നാൽ അവ മാറ്റിയിടുന്നതു വരെ വഴിമുടങ്ങും.

ഗ്യാസ് ടാങ്കറുകളും മറ്റുമാണെങ്കിൽ തമിഴ്‌നാട്ടിൽ നിന്നോ കൊച്ചിയിൽ നിന്നോ വിദഗ്ദ്ധരെത്തിയിട്ടു വേണം മാറ്റിയിടാൻ. പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള ചരക്കു ലോറികൾക്ക് കയറ്റം കയറാൻ നിലവിലേറെ സമയമെടുക്കുന്നുണ്ട്. ചരക്കു ലോറി നാല് കിലോമീറ്ററോളം ദൂരം കുതിരാൻ കയറി ഇറങ്ങണമെങ്കിൽ അരമണിക്കൂറോളം സമയമെടുക്കാറുണ്ട്. ട്രെയിലറുകളും വലിയ ടാങ്കറുകളും വലിയ യന്ത്രഭാഗം കയറ്റിയ ട്രക്കുകളും കുതിരാൻ കടക്കാൻ ഇതിലേറെ സമയമെടുക്കും. ഈ പ്രതിസന്ധികളെല്ലാം ആഗസ്റ്റ് ഒന്നോടെ തീരുമെന്നതാണ് ആശ്വാസം.

കുതിരാൻ മുതൽ സേഫ്റ്റി കോറിഡോർ : മന്ത്രി

കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡ് ഒരു സേഫ്റ്റി കോറിഡോറാക്കി മാറ്റാനുള്ള പ്രവർത്തനം കുറഞ്ഞ കാലത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഹൈവേയുടെ വശങ്ങൾ പൊലീസിന്റെ കാമറ കണ്ണുകളിലേക്ക് കൊണ്ടുവരുമെന്നും പീച്ചി പൊലീസ് സ്‌റ്റേഷൻ ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെയും പീച്ചി പൊലീസ് സ്‌റ്റേഷനിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെയും നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

കുതിരാനിലെ നിർമ്മാണ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ടു പോകുന്നുണ്ട്. സർക്കാർ തീരുമാനിച്ച പ്രകാരം സമയബന്ധിതമായി പണികൾ നീങ്ങുന്നുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലായ് അവസാനവാരത്തോടെ നിലവിലെ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കും.

എസ്. ഷാനവാസ്

കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TUNNEL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.