SignIn
Kerala Kaumudi Online
Saturday, 27 April 2024 8.00 AM IST

ജില്ലാ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ: മന്ത്രി ജി.ആർ. അനിലിന്റെ നിർദേശപ്രകാരം യോഗം ചേർന്നു

kk

നെടുമങ്ങാട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശാകേന്ദ്രമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രിയായി ഉയർത്തുന്നതിന് നടപടികളായി. സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിൽ മുൻകൈ എടുത്ത് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കോടികളുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ച ഉന്നതതല സംഘം ആരോഗ്യ പ്രവർത്തകരും എൻജിനിയറിംഗ് വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി. ആശുപത്രി അധികൃതർ മുന്നോട്ടുവച്ച ആവശ്യങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ കളക്ടർ ജില്ലാപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ട അവലോകന യോഗം മന്ത്രിയുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഉടനെ ചേരും. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലമെടുപ്പ് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ക്വാളിറ്റി ഇപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് അഥവാ ലക്ഷ്യ സ്റ്റാന്റേഴ്സിലേക്ക് ഉയർത്താനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. കാൻസർ കെയർ – കീമോതെറാപ്പി യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് വാർഡ്, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, ബയോമെഡിക്കൽ വേസ്റ്റ് സംസ്കരണ ഇമേജ് റൂം, സ്റ്റെർലൈസേഷൻ യൂണിറ്റ് എന്നിവയുടെ പ്രവർത്തനം ഊർജിതമാക്കാനും നിർദേശമുണ്ട്. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ. ജയദേവന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ച ആവശ്യം അംഗീകരിച്ചാണ് ആശുപത്രി വികസന ദൗത്യവുമായി മന്ത്രി മുന്നോട്ടുവന്നിട്ടുള്ളത്.

 പരിഹാരമാകുന്നത്

1. ഓക്സിജൻ പ്ലാന്റ്,

2. ശതാബ്ദി സ്മാരക ഒ.പി മന്ദിരം

3. പ്രസവ വാർഡ് തുടങ്ങി

നിലവിലെ ജീവനക്കാർ 30 സ്ഥിരം ഡോക്ടർമാരും

5 എൻ.എച്ച്.എം ഡോക്ടർമാരും

മൊത്തം 300 ഓളം ജീവനക്കാർ

*വാർഡുകളുടെ അപര്യാപ്തത

1920-ൽ രാജഭരണകാലത്ത് ഡിസ്ട്രിക്ട് ഹോസ്പിറ്റലായാണ് നെടുമങ്ങാട് സർക്കാരാശുപത്രി ആരംഭിച്ചത്. നഗരസഭ രൂപീകൃതമായതോടെ താലൂക്കാശുപത്രിയാക്കിയെങ്കിലും 2013-ൽ വീണ്ടും ജില്ലാ ആശുപത്രിയായി നിലനിറുത്തി. 225 കിടക്കകളാണുള്ളത്. 1500 മുതൽ 2000 വരെ രോഗികൾ ദിവസേന എത്തും.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഓർത്തോ, ഒഫ്താൽമോളജി, ഇ.എൻ.ടി, സർജറി, റെസ്പിറേറ്ററി മെഡിസിൻ, അനസ്തേഷ്യ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഡെർമറ്റോളജി, ദന്തരോഗ വിഭാഗം, കാഷ്വാലിറ്റി എന്നീ വിഭാഗങ്ങൾ, 11 കിടക്കകളോടുകൂടി ഡയാലിസിസ് യൂണിറ്റ്, കൊവിഡ് ഫസ്റ്റ് ആൻഡ് സെക്കൻഡ് ലൈൻ സെന്ററുകൾ, ഫിസിയോതെറാപ്പി യൂണിറ്റ്, ന്യൂബോൺകെയർ യൂണിറ്റ്, പ്രൈമറി ആൻഡ് സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റ്, ജീവിതശൈലി രോഗ ക്ലിനിക്, ഫൈലേറിയ ക്ലിനിക്, ആന്റിനേറ്റൽ ക്ലിനിക് എന്നിവ സജ്ജമാക്കിയിട്ടുണ്ടെങ്കിലും വാർഡുകളുടെ അപര്യാപ്തതകളും ഉപകരണങ്ങളുടെയും ജീവനക്കാരുടെയും കുറവും ആശുപത്രിയെ നരകതുല്യമാക്കുന്നു.

*ജില്ലാപഞ്ചായത്തിന്റെ ഇടപെടൽ

പൈതൃക കെട്ടിടമായ കൊട്ടാരം വാർഡ് നവീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബയോഗ്യാസ് പ്ലാന്റ്, മോർച്ചറി നവീകരണം, ഫ്രീസർ, ഡിജിറ്റൽ എക്സ്റേ, ഇൻവർട്ടർ, എച്ച്.ടി. ട്രാൻസ്ഫോർമർ, ജനറേറ്റർ, പവർലാൺട്രി മെഷീൻ, സി.സി.ടി.വി സിസ്റ്റം, അനസ്തേഷ്യ മെഷീൻ, ആർ.ഒ. പ്ലാന്റ്, ഓട്ടോക്ളേവ് മെഷീൻ കെട്ടിടം എന്നിവ നടപ്പിലാക്കിയതും ഓപ്പറേഷൻ തിയേറ്റർ, സ്റ്റോർ, പേ വാർഡ്, കാഷ്വാലിറ്റി എമർജൻസി മെഡിക്കൽ കെയർ, പി.പി. യൂണിറ്റ്, കോൺഫറൻസ് ഹാൾ, കണ്ണ് ഓപ്പറേഷൻ തിയേറ്റർ എന്നിവ നവീകരിച്ചതും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ കാലത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, NEDUMANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.