SignIn
Kerala Kaumudi Online
Saturday, 27 April 2024 12.35 AM IST

ഒരു മലപ്പുറം വീരഗാഥ

malappuram

2000ത്തിന്റെ തുടക്കത്തിൽ വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ പകുതിയിലധികം കുട്ടികൾ തോൽവിയുടെ രുചിയറിഞ്ഞിരുന്നു മലപ്പുറത്ത്. 90കളിലെ അവസ്ഥ തീർത്തും പരിപാതപകരമായിരുന്നു. വിജയം കഷ്ടിച്ച് 30 ശതമാനമായിരുന്നു. ഫസ്റ്റ് ക്ളാസ് നേടുന്നവർ അത്യപൂർവ കാഴ്‌ചയും. എസ്.എസ്.എൽ.സി കടമ്പ കടക്കുന്നവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കുന്നത് അത്രത്തോളം പ്രോത്സാഹിപ്പിച്ചിരുന്നില്ല. പത്തിന് മുൻപെ മണവാട്ടിയാവുന്നത് അത്ഭുത കാഴ്ചയുമല്ലായിരുന്നു. പത്ത് പിന്നിട്ട് പ്ളസ്ടുവിലെത്തുന്ന പെൺകുട്ടികൾ ഒന്നാംവർഷം പൂർത്തിയാക്കും മുൻപെ വിവാഹിതരാവും. കാലം 2021 എത്തിനിൽക്കുമ്പോൾ ചിത്രം അടിമുടി മാറിയിട്ടുണ്ട്. മറ്റ് ജില്ലകൾക്കൊപ്പം എസ്.എസ്.എൽ.സിയിൽ മികച്ച വിജയമാണ് മലപ്പുറവും കരസ്ഥമാക്കിയത്. ഇതിനൊപ്പം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ളസ് കരസ്ഥമാക്കിയ റവന്യൂ, വിദ്യാഭ്യാസ ജില്ലകളും മലപ്പുറമാണ്. മറ്റ് ജില്ലകളെ കടത്തിവെട്ടി ബഹുദൂരം മുന്നിലാണ് മലപ്പുറം. 18,970 പേരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയത്. 2020ൽ ഇത് 6,447 പേരായിരുന്നു. 2011ൽ 693ഉം. ഫുൾ എ പ്ളസ് നേടിയവരിൽ മൂന്നിൽ രണ്ടും പെൺകുട്ടികളാണെന്നത് ഈ തിളക്കത്തിന് മാറ്റ് കൂട്ടുന്നു. 5,810 ആൺകുട്ടികൾ എ പ്ളസ് നേടിയപ്പോൾ പെൺകുട്ടികൾ 13,160 പേരാണ് . സംസ്ഥാനത്ത് തന്നെ പെൺകുട്ടികൾ മിന്നുംജയം നേടിയത് മലപ്പുറത്താണ്. കാലത്തിന്റെ മാറ്റം ഒരുജനത ഉൾക്കൊണ്ടപ്പോൾ പ്രകടമായത് പെൺകുട്ടികളുടെ മുന്നേറ്റമാണ്. ആദ്യം പഠനവും ജോലിയും പിന്നെ വിവാഹം എന്നതിലേക്ക് വലിയൊരു വിഭാഗം രക്ഷിതാക്കളും കുട്ടികളും എത്തിയതിന്റെ തെളിവ് കൂടിയാണ് പഠനത്തിലെ ഈ ആവേശം. പത്തിലും പ്ളസ്ടുവിലും വിവാഹം കഴിക്കുന്ന പ്രവണത മലപ്പുറത്ത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പൂർണമായും തുടച്ചുനീക്കാനായിട്ടില്ലെങ്കിലും ഈ ഉണർവ് ഏറെ പ്രത്യാശയേകുന്നതാണ്. പത്ത് കഴിഞ്ഞാൽ പാസ്‌പോർട്ടെടുത്ത് ഗൾഫിലേക്ക് കടക്കണമെന്ന ചിന്ത മലപ്പുറത്തെ ആൺകുട്ടികളിലും മാറിയതോടെ വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.


എ പ്ളസിൽ വർദ്ധന പലയിരട്ടി

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എ പ്ളസിൽ ജില്ല നേടിയത് അത്ഭുത നേട്ടമാണ്. 2011ൽ 693 വിദ്യാർത്ഥികൾക്കു മാത്രമാണു ഫുൾ എ പ്ളസ് ലഭിച്ചത്. അന്ന് ജില്ലയുടെ വിജയശതമാനം 88.52 ആയിരുന്നു. ഇന്നിത് 18,970 ആയി ഉയർന്നു. വിജയശതമാനം 99.39ഉം. മുഴുവൻ എ പ്ളസ് വിജയികളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടി വർദ്ധിപ്പിച്ചു. പരീക്ഷയെഴുതിയ നാലിലൊന്നു പേർക്കും ഫുൾ എ പ്ളസ്. കഴിഞ്ഞ വർഷം 6447 പേർക്കായിരുന്നു എ പ്ളസ്. ആകെ 75554 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 76,014 വിദ്യാർത്ഥികളായിരുന്നു മലപ്പുറത്ത് പരീക്ഷ എഴുതിയിരുന്നത്. ആൺകുട്ടികൾ - 38,636, പെൺകുട്ടികൾ- 37,378 എന്നിങ്ങനെ. ഇതിൽ 75,554 പേർ വിജയിച്ചു. ആൺകുട്ടികൾ - 38,274 പേരും പെൺകുട്ടികൾ- 37,280 പേരും.

സർക്കാർ സ്‌കൂളുകൾക്ക് മുന്നേറ്റം

ആർക്കോ വേണ്ടി പഠിക്കുന്നെന്ന ചിന്ത കുട്ടികൾക്കുണ്ടായിരുന്ന കാലത്ത് ആർക്കോ വേണ്ടി പഠിപ്പിക്കുന്നെന്ന സ്‌റ്റൈലായിരുന്നു മലപ്പുറത്തെ സർക്കാർ സ്‌കൂളുകളിലെ ഒരുവിഭാഗം അദ്ധ്യാപകർക്ക്. പരീക്ഷ എഴുതുന്നവരിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പരാജയപ്പെട്ടാലും തൊട്ടടുത്ത വർഷം ഈ നാണക്കേടിന് മാറ്റമുണ്ടാക്കണമെന്ന ചിന്ത അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇല്ലായിരുന്നു. ഗൾഫ് പ്രവാസമാണ് മലപ്പുറത്തിന്റെ കരുത്ത്. മണലാരണ്യത്തിന്റെ ചൂടല്ല എസിയുടെ തണുപ്പാണ് മക്കൾ അനുഭവിക്കേണ്ടതെന്ന്, വിദ്യാഭ്യാസത്തിന്റെ കുറവ് മൂലം കൊടുംചൂടിൽ കഠിന ജോലികളെടുക്കേണ്ടി വന്ന രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായുള്ള സമ്പർക്കവും വിദ്യാഭ്യാസത്തിന് അവരേകുന്ന പ്രാധാന്യവമെല്ലാം പ്രവാസി രക്ഷിതാക്കളെ വല്ലാതെ സ്വാധീനിച്ചു. കടം വാങ്ങിച്ചായാലും മക്കളെ പഠിപ്പിക്കുമെന്ന ചിന്തയ്ക്ക് നാമ്പുപൊട്ടിയതും ഇവിടെ നിന്നാണ്. മക്കളുടെ വിദ്യാഭ്യാസം കഴിഞ്ഞിട്ടുമതി മറ്റെന്തുമെന്ന് ഉമ്മമാരും ഉറപ്പിച്ചു. ചെറുപ്രായത്തിൽ മണവാട്ടിയായതിന്റെ എല്ലാ പ്രയാസങ്ങളും അനുഭവിച്ച അവർക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിനൊപ്പം ഭരണകൂടങ്ങളും ഉണർന്നു പ്രവർത്തിച്ചതോടെ വിജയക്കുതിപ്പിന് വേഗമേറി. ജില്ലയിൽ ഇത്തവണ 190 സ്‌കൂളുകൾ പരീക്ഷയ്ക്കിരുത്തിയ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിച്ചു. ഇതിൽ 50 എണ്ണം സർക്കാർ മേഖലയിലാണ്. എയ്ഡഡ് സ്‌കൂളുകൾ 26 എണ്ണം. അൺ എയ്ഡഡ് മേഖലയിൽ 114 സ്‌കൂളുകൾ നൂറുമേനി കൊയ്തു. എന്നാൽ, ഇവയിൽ ഭൂരിഭാഗം സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം കുറവാണ്. മുൻ വർഷത്തെ അപേക്ഷിച്ചു നൂറുമേനി കൊയ്ത സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കഴിഞ്ഞ വർഷം ആകെ 140 സ്‌കൂളുകളിലാണ് മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചത്. ഇതിൽ 24 എണ്ണം മാത്രമായിരുന്നു സർക്കാർ സ്‌കൂളുകൾ.

സീറ്റാണ് പ്രശ്‌നം

85 സർക്കാർ, 88 എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 841 ബാച്ചുകളിൽ മെറിറ്റ് ക്വാട്ടയിലുയുള്ളത് 41,200 സീറ്റുകളാണ്. സർക്കാർ, എയ്ഡഡ് വി.എച്ച്.എസ്.ഇകളിലുള്ളത് 2,820 സീറ്റുകളും. ഇത്തവണ 75,554 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഇതിൽ 18,970 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടി. ജില്ലയിലെ 69 അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലായി 228 ബാച്ചുകളിൽ 11,400 പ്ളസ് വൺ സീറ്റുകളുണ്ട്. നാല് ഗവ.പോളിടെക്‌നിക്, മൂന്ന് സ്വാശ്രയ പോളിടെക്‌നിക്, ആറ് സർക്കാർ ഐ.ടി.ഐ എന്നിവയിലായി 2,237 സീറ്റുകളുണ്ട്. ഇങ്ങനെ വിവിധ മേഖലകളിലായി 57,657 പേർക്കാണ് ഉപരിപഠനത്തിന് അവസരമുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രതിസന്ധി രൂക്ഷമായതോടെ ഓരോ ബാച്ചുകളിലും അധിക സീറ്റുകൾ അനുവദിക്കുകയാണ് ചെയ്യാറുള്ളത്. ഇതു തുടർച്ചയായതോടെ ഒരു ക്ളാസിൽ ഉൾകൊള്ളാൻ കഴിയുന്നതിലും അധികം കുട്ടികളെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ പറ്റാത്ത സൗകര്യങ്ങളുടെ കുറവ് സീറ്റ് വർദ്ധനയ്‌ക്ക് മുന്നിൽ തടസമാണ്.

എസ്.എസ്.എൽ.സി മുന്നേറ്റം ഇങ്ങനെ

1999- 30.23ശതമാനം
2000-32.00
2001- 33.24
2002- 41.23
2003- 48.44
2004- 58.77
2005-56.63
2006- 61.91
2007- 76.29
2008- 87.09
2009- 86.67
2010-86.97
2011-88.52
2012- 92.11
2013- 91.43
2014- 95.48
2015- 98.30
2016- 95.83
2017- 95.53
2018- 97.75
2019- 97.86
2020-98.65
2021-99.39

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.