SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.25 PM IST

'ഭീഷണിയൊന്നും എന്റെയടുത്ത് വേണ്ട', തീരുമാനിച്ചിടത്തുതന്നെ മേയേഴ്‌സ് ഭവൻ പണിയുമെന്ന് ആര്യ രാജേന്ദ്രൻ

Increase Font Size Decrease Font Size Print Page
arya-rajendran

തിരുവനന്തപുരം: സ്പിൽ ഓവറായി ഉൾപ്പെടുത്തുന്ന പദ്ധതികൾക്ക് തുക കണ്ടെത്തുന്നതിന് പ്രധാന പദ്ധതികളും ഉപേക്ഷിച്ചതിനെച്ചൊല്ലി കൗൺസിലിൽ ബഹളം. ചർച്ച നടത്താതെ പദ്ധതികൾ ഉപേക്ഷിക്കുകയും ഭേദഗതി വരുത്തുകയും ചെയ്‌തതിനെ പ്രതിപക്ഷം വിമർശിച്ചു. കോൺട്രാക്ടർ വർക്ക് ഏറ്റെടുക്കുന്നില്ലെന്ന കാരണംപറഞ്ഞ് വെട്ടുകാട് വാർഡിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയും ഉപേക്ഷിച്ചു. കല്ലടിമുഖത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് നിർമിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്.

മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിച്ചിരുന്ന വിളപ്പിൽശാലയിലെ സമഗ്ര പുരയിടകൃഷി (15 ലക്ഷം), ഡെയറി യൂണിറ്റ് (60 ലക്ഷം) എന്നിവയും ഒഴിവാക്കി. കൊവിഡ് കാരണം ടെൻഡർ നടപടികൾ നടക്കാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ നൽകുന്ന പദ്ധതിയും സർക്കാർ സ്‌കൂളുകൾക്കും തീരദേശ മേഖലയിലെ എയ്ഡഡ് സ്‌കൂളുകൾക്കും സ്‌പോർട്സ് കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതിയും മതിയാക്കി. 10 ലക്ഷം വീതം വകയിരുത്തിയ അനന്തപുരി മൊബൈൽ ലാബ് സ്ഥാപിക്കലും വീടുകളിൽ സബ്സിഡിയോടുകൂടി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ പദ്ധതിയും വേണ്ടെന്നുവച്ചു. ഗുണഭോക്താക്കളെ ലഭിച്ചില്ലെന്ന കാരണത്താലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ പദ്ധതി ഒഴിവാക്കിയത്. ഏജൻസിയെ ലഭിക്കാത്തതിനാൽ മാലിന്യ സംസ്‌കരണ ഡിജിറ്റലൈസേഷനും സ്ഥലം ലഭിക്കാത്തതിനാൽ കോട്ടൺ സാനിറ്ററി പാഡ് നിർമാണ യൂണിറ്റും ഒഴിവാക്കി. പട്ടികജാതി വിഭാഗത്തിലെ പുരുഷന്മാർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാക്സി കാർ, പിക് അപ് വാൻ എന്നിവ നൽകുന്ന പദ്ധതിയും ഒഴിവാക്കി. സെൻട്രൽ സോണിലെ വിവിധ വാർഡുകളിലെ റോഡുകൾ ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ചുള്ള നവീകരണവും പൊതു ടോയ്ലെറ്റുകളുടെ നിർമ്മാണവും ഉപേക്ഷിച്ചു. പദ്ധതികൾ പലതും ഉപേക്ഷിക്കപ്പെടുന്നത് ചില ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന ആരോപണവുമായി ഭരണപക്ഷ കൗൺസിലറും രംഗത്തെത്തി. പാളയം വാർഡ് കൗൺസിലർ പാളയം രാജനാണ് ആരോപണവുമായി രംഗത്തെത്തിയത്. എസ്റ്റിമേറ്റും മറ്റ് നടപടികളുമുൾപ്പെടെ ചെയ്തെടുക്കുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

2018ൽ ഗ്രീൻഫിൽ‌‌ഡ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ 24 ശതമാനം വിനോദ നികുതിയിൽ ഇളവ് നൽകാനാവില്ലെന്ന് കൗൺസിൽ തീരുമാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വയം നിരക്ക് നിശ്ചയിച്ചതിനാൽ ഇളവ് നൽകേണ്ടെന്നാണ് തീരുമാനം.

കുന്നുകുഴി വാർഡിലെ ബാർട്ടൺഹില്ലിൽ മേയേഴ്സ് ഭവനം പണിയാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ വാക്ക് പോരുണ്ടായി. എത്ര കോടികൾ അനുവദിച്ചാലും പട്ടികജാതിക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് തന്റെ വാർഡിൽ മേയേഴ്സ് ഭവനം പണിയാൻ അനുവദിക്കില്ലെന്നും ഇതൊരു താക്കീതായി മേയർ എടുക്കണമെന്നും യു.ഡി.എഫ് കൗൺസിലർ മേരി പുഷ്പം തുറന്നടിച്ചു. ഭീഷണിയും വിരട്ടലും തന്റടുത്ത് വേണ്ടെന്നും പണിയാൻ തീരുമാനിച്ചിടത്തുതന്നെ മേയേഴ്സ് ഭവൻ പണിയുമെന്നും മേയർ ആര്യാ രാജേന്ദ്രനും പറഞ്ഞു.

TAGS: THIRUVANANTHAPURAM CORPORATION, MAYOR ARYA RAJENDRAN, MAYORS BHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY