SignIn
Kerala Kaumudi Online
Sunday, 06 July 2025 2.01 PM IST

ഭീഷണിക്കു മുന്നിൽ പതറി നിലച്ചു പോകില്ല ടിപിയുടെ പ്രസ്ഥാനം; വധഭീഷണിയിൽ പൊലീസിനോട് ചിലതു പറയാനുണ്ടെന്ന് കെ കെ രമ

Increase Font Size Decrease Font Size Print Page
k-k-rema

തിരുവന്തപുരം: ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും തന്‍റെ മകനുമെതിരെ വന്ന വധഭീഷണിക്കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയിൽ തള്ളിക്കളഞ്ഞുകൂടെന്നാണ് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതെന്ന് വടകകര എം.എൽ.എ കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാർട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. 2012 മേയ് നാലിന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോദ്ധ്യമുള്ളവരാണ് ആർ.എം.പിയുടെ ചെങ്കൊടി തണലിൽ നിലയുറപ്പിച്ചിട്ടുള്ള ഓരോരുത്തരും. ജീവന്റെ പാതിയല്ല, ജീവൻ തന്നെ പകുത്തു നൽകിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളതെന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ്. എൻ വേണുവിനും എന്റെ മകൻ അഭിനന്ദിനും നേരെ വധഭീഷണിയുമായി എം.എൽ.എ ഓഫീസിന്റെ മേൽവിലാസത്തിൽ വന്ന കത്ത് വെറുമൊരു ഊമക്കത്ത് എന്ന നിലയിൽ തള്ളിക്കളഞ്ഞുകൂടെന്നാണ് നാളിതു വരെയുള്ള അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന് നേതാക്കളും, വെള്ള പുതപ്പിച്ച് കിടത്തുമെന്ന് പാർട്ടി ഗുണ്ടാസംഘങ്ങളും പരസ്യമായി പലകുറി പ്രഖ്യാപിച്ചതിന് പിന്നാലെയാണല്ലോ ടി.പി.യുടെ ജീവനെടുത്തത്. മകൻ അഭിനന്ദിനും അതായിരിക്കും വിധി എന്നാണ് ഭീഷണി. എൻ വേണുവിനെയും കൊലപ്പെടുത്തുമെന്നും സി പി എം നേതാക്കളിരിക്കുന്ന ചാനൽ ചർച്ചകളിൽ കണ്ടു പോവരുതെന്നും കത്ത് തുടരുന്നു.

ജീവന്റെ പാതിയല്ല, ജീവൻ തന്നെ പകുത്തു നൽകിയ പോരാട്ട പാതയിലാണ് വ്യക്തിപരമായി നിലയുറിപ്പിച്ചിട്ടുള്ളത്. 2012 മെയ് 4 ന് വള്ളിക്കാട് വച്ച് നഷ്ടപ്പെട്ടതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉറച്ച ബോധ്യമുള്ളവരാണ് ആർ.എം.പി.ഐ എന്ന പാർട്ടിയുടെ ചെങ്കൊടിത്തണലിൽ നിലയുറപ്പിച്ചിട്ടുള്ള ഓരോ സഖാക്കളും. പരസ്പരം പകർന്ന ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ആർ.എം.പി.ഐ യുടെ ഇതുവരെയുള്ള മുന്നോട്ട് പോക്ക്.

ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല ഞങ്ങൾക്ക് നേരെ സി.പി.എം നടത്തിയ ആദ്യ ആക്രമണമായിരുന്നില്ല. അവസാനത്തേതുമായിരുന്നില്ല. ആറോളം സഖാക്കൾക്ക് നേരെ നടന്ന കൊലപാതക ശ്രമങ്ങളുടെ തുടർച്ചയിലാണ് ടി.പി. കൊല്ലപ്പെടുന്നത്. അതോടെ താൽക്കാലിക വിരാമമായ ആക്രമണ പരമ്പരകൾ 2016ലെ സി.പി.എംന്റെ അധികാര ലബ്ധിയോടെ വീണ്ടും തുടങ്ങുകയുണ്ടായി.

കടുത്ത പ്രതിസന്ധികളിലും പതറാതെ, ഒട്ടും മനസ്സാന്നിദ്ധ്യം ചോർന്നു പോവാതെ ഞങ്ങളുടെ പ്രസ്ഥാനത്തെ നയിച്ച നേതൃത്വധീരതയാണ് സഖാവ് എൻ. വേണു. ഇതര മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്നുനിന്ന് സ്വൈര്യ ജീവിതത്തിന്റെ സാമൂഹ്യാന്തരീക്ഷം ഒഞ്ചിയത്തും ഏറാമലയിലുമൊക്കെ ഒരു പരിധിവരെയെങ്കിലും തിരികെപ്പിടിക്കാൻ കഴിഞ്ഞതും സഖാവ് വേണുവിന്റെ നേതൃപാടവം കൊണ്ടുതന്നെയാണ്. തെരെഞ്ഞെടുപ്പു വിധികളിലൂടെ ഒഞ്ചിയത്തും വടകരയിലും നിരന്തരമായി ജനത തങ്ങളെ തള്ളിക്കളയുന്നതിന്റെ ജാള്യം സി.പി.എംന് മറച്ചു വയ്ക്കാൻ സാധിക്കുന്നില്ല. അത്തരമൊരു അന്തരീക്ഷം രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിക്കുന്ന സഖാവ് എൻ വേണുവിനോടും ആർ.എം.പി.ഐ യോടുമുളള സി.പി.എം നേതൃത്വത്തിന്റെ വിദ്വേഷവികാരം മനസ്സിലാക്കാം. എന്നാൽ മറഞ്ഞു നിന്നുള്ള ഇത്തരം ഭീഷണികൾ കൊണ്ട് ഞങ്ങളെയെല്ലാം ഭയപ്പെടുത്തി വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്. ഒരറ്റത്ത് മരണം ദർശിച്ചു തന്നെയാണ് ഞങ്ങളീ വഴി തെരഞ്ഞെടുത്തത്.

പി.ജെ. ബോയ്സ്, റെഡ് ആർമി തുടങ്ങിയ പേരുകളിൽ കണ്ണൂരിൽ നിന്നുള്ളവർ എന്ന് അവകാശപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. പി.ജെ ആർമിയുടെയും കണ്ണൂരിലെ സി.പി.എംന്റെ സൈബർ വിംഗുകളുടെയും നെടുനായകരായിരുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുമൊക്കെ കേരളത്തിൽ പടുത്തുയർത്തിയ സമാന്തര അധോലോക സമ്പദ് സാമ്രാജ്യങ്ങൾ ഭയാനകമാണ്. അതിനെ തുറന്ന് കാട്ടിയതാണ് ഇപ്പോഴത്തെ ഭീഷണിയുടെ ചേതോവികാരം . ഒഞ്ചിയത്ത് പിജെ ആർമിയുടെ പേരിൽ ഒരു വണ്ടി സി.പി.എംന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

പോലീസിനോട് ചിലതു പറയാനുണ്ട്. അജ്ഞാത ഭീഷണിയുടെ നിഴലിലുള്ള ഞങ്ങളെ സുരക്ഷയുടെ പേരിൽ നിങ്ങളുടെ വലയത്തിൽ വെയ്ക്കുകയല്ല, നിങ്ങളുടെ ആഭ്യന്തര വകുപ്പുമായി രാഷ്ട്രീയ ബന്ധമുള്ള ഈ ക്രിമിനൽ സംഘങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും തുറുങ്കിലടയ്ക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. പൊതു ജനങ്ങളിൽ ആശങ്ക പടർത്തി, ഞങ്ങളുടെ പ്രവർത്തകരുടെ ആത്മവിശ്വാസം തകർത്ത് ജനങ്ങളിൽ നിന്നകന്ന് സുരക്ഷാ വലയത്തിൽ ഒതുങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ് സഖാക്കാൾ കെ.കെ.ജയനും പുതിയടുത്ത് ജയരാജനും നേരെ നടന്ന ആക്രമണം. ഇത്രയും കാലം കഴിഞ്ഞിട്ടും അതിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത നിങ്ങളുടെ സവിശേഷ പരിമിതി തുടരുന്നിടത്തോളം ഇത്തരക്കാർ പെരുകുക തന്നെ ചെയ്യും.

ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വധഭീഷണിക്കത്ത് വരികയുണ്ടായി. പ്രതിപക്ഷ ശബ്ദങ്ങളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കി നമ്മുടെ ജനാധിപത്യ പ്രക്രിയ തന്നെ റദ്ദ് ചെയ്തു കളയുന്ന ഇത്തരം ഗൂഡ ശ്രമങ്ങളെ ജനകീയ ജാഗ്രതകൊണ്ട് ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ക്വട്ടേഷൻ കൊലയാളിക്കൂട്ടങ്ങളെ തീറ്റിപ്പോറ്റി വിയോജിപ്പുകളെ കൊന്നുതള്ളുന്ന കയ്യറപ്പില്ലായ്മകളല്ല, നിലപാടുകൾക്കായി ജീവൻ കൊടുക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് രാഷ്ട്രീയത്തിലെ ധീരതയെന്ന് ഞങ്ങളീ മണ്ണിൽ തെളിയിക്കുക തന്നെ ചെയ്യും.
കെ.കെ രമ

TAGS: K K REMA, RMP, VADAKARA MLA, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.