തിരുവനന്തപുരം: വിവാദത്തിലകപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം. സഭയ്ക്കുള്ളിൽ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു. നേരത്തെ സഭ ആരംഭിച്ച സമയം നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചയുടേയും മഹിളാ മോർച്ചയുടേയും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
ഉച്ചയോടെ മടങ്ങിയെത്തിയ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ പുറത്ത് വച്ച് ഏറ്റുട്ടിയത് നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി. പ്രവർത്തകർ ബാരിക്കേഡും മറ്റും തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും യുവമോർച്ച പ്രവർത്തകർ പിന്മാറാതെ വന്നപ്പോൾ പൊലീസ് കണ്ണീർവാതകം കൂടി പ്രയോഗിച്ചു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ശ്രദ്ധ നേടി. പൂവൻ കോഴിയുമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
അതേസമയം മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡനത്തിന് ഇരയായ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും തനിക്ക് ബിജെപിയുടെ പിന്തുണ ഉണ്ടെന്നും പെൺകുട്ടി പറഞ്ഞു. പ്രതിക്കൊപ്പം നിന്ന് പൊലീസ് തന്നെ അധിക്ഷേപിക്കുകയാണെന്നും എന്തു വന്നാലും പരാതിയിൽ നിന്ന് പിന്മാറില്ലെന്നും യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |