SignIn
Kerala Kaumudi Online
Friday, 26 April 2024 8.23 PM IST

സീതയുടെ ഗുണങ്ങൾ പ്രകീർത്തിക്കുന്നു

val

ആശങ്ക നിറഞ്ഞ മനസും മുഖഭാവവുമായി ശ്രീരാമൻ ആശ്രമത്തിൽ സീതാദേവിയെ ഏകയാക്കിയിട്ട് വന്ന ലക്ഷ്‌മണനെ സൂക്ഷ്‌മമായി നോക്കിയിട്ട് ചോദിച്ചു: ദണ്ഡകാരണ്യത്തിൽ സീത സ്വമനസാലെ അനുഗമിക്കുകയായിരുന്നല്ലോ. ദേവിയെ ഉപേക്ഷിച്ചിട്ട് നീ പോന്നതെന്താണ്? രാജ്യം നഷ്‌ടമായി വനവാസത്തിന് പുറപ്പെട്ട എന്നെ ഭർതൃസ്നേഹം കൊണ്ട് ഒരു നിമിഷം പോലും പിരിയാതിരിക്കുവാൻ കൂടെവന്നവളാണ് സീത. ആ വൈദേഹിയെ പിരിഞ്ഞാൻ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്താണ‌ർത്ഥം? അങ്ങനെയുള്ള ഭർതൃഭക്തിയുള്ള ദേവി എവിടെയാണ്? സീതയെ പിരിഞ്ഞാൽ ഭൂമിയുടെയോ സ്വർഗത്തിന്റെയോ നാഥനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സീതാവിരഹം എനിക്ക് അസഹ്യമാണ്. സീതാവിയോഗം എന്റെ ജീവിതത്തിനുതന്നെ വിരാമമാകും.

ഇനിയെങ്കിലും പറഞ്ഞാലും സീതാദേവി എവിടെയാണ്? സീത എന്റെ പ്രാണന്റെ പ്രാണനാണ്. സീത ഇപ്പോൾ എവിടെയാണ്. എന്റെ വനവാസത്തിന് ഭംഗം വരുമോ? ആഗ്രഹങ്ങളെല്ലാം സാധിച്ച കൈകേയി മാതാവ് എന്റെ ജീവനാശത്തിൽ കാര്യസിദ്ധിയാണെന്ന് ചിന്തിക്കുമോ? പുത്രശോകത്താൽ അനാഥയും ദുഃഖിതയുമായി തീരുന്ന കൗസല്യ, മാതാവ് കൈകേയിയുടെ ശുശ്രൂഷകയായി കഴിയേണ്ടിവരുമോ? പ്രിയപ്പെട്ട അനുജാ സീതാദേവി ആശ്രമത്തിൽ ജീവനോടെയുണ്ടെങ്കിൽ മാത്രം ഞാൻ അവിടേക്ക് വരാം. ദേവി അവിടെയില്ലെങ്കിൽ എന്റെ ജീവിതം ഇപ്പോൾതന്നെ അവസാനിപ്പിച്ചേക്കാം.

പ്രിയകുമാരാ ആശ്രമത്തിൽ തിരിച്ചെത്തുന്ന എന്നെ പുഞ്ചിരിയോടെ സ്വീകരിക്കുവാൻ സീത ഇല്ലെങ്കിൽ പിന്നെ എനിക്കെന്തിനാണ് ജീവിതം? ഇതുവരെ വിഷാദമേൽക്കാതെ വളർന്നവളാണ് സീതാദേവി. അവൾ ആശ്രമത്തിൽ സന്തോഷത്തോടെ ഇരിക്കുകയല്ലേ? അവളെ സംരക്ഷിക്കാനും കാവലാളാകാനും ഏല്‌പിച്ചിട്ടാണ് ഞാൻ കാട്ടിലേക്ക് പോയത്. നീ അവളെ തനിച്ചാക്കി പുറപ്പെട്ടത് നോട്ടക്കുറവും അലംഭാവവുമാണ്. അതിൽ അവൾ ദുഃഖിതയായിരിക്കും. മഹാചതിയനും ദുഷ്‌ടനുമായ മാരീചൻ മായാസ്വരത്തിൽ ലക്ഷ്‌മണാ എന്ന് ആർത്തുവിളിച്ചപ്പോൾ എന്നെ നന്നായി അറിയാവുന്ന നിനക്ക് സംശയമോ ഉത്കണ്‌ഠയോ തോന്നേണ്ടകാര്യമില്ല. ആ ദുഷ്‌ടരാക്ഷസന് എന്താണ് സാധിക്കാത്തത്? നിന്നെതന്നെ പേടിപ്പിക്കാനും കബളിപ്പിക്കാനും അവന് സാധിച്ചുവല്ലോ.

എന്റെ ശബ്‌ദമാണെന്ന് ഭയന്ന് വൈദേഹി നിന്നെ പറഞ്ഞയച്ചതാണോ? അത് കേട്ടപാടേ നീ പുറപ്പെടുകയും ചെയ്‌തു. നീ പോന്നത് ഒട്ടും ശരിയായില്ല. നീ സീതയെ തനിച്ചാക്കിയത് നിശാചരന്മാർക്ക് പകരം വീട്ടാനുള്ള അവസരം ഒരുക്കിയിരിക്കും. മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസന്മാർക്ക് ഖരഭൂഷണാദികളെ നിഗ്രഹിച്ചതിനാൽ എന്നോട് പകയുണ്ട്. അതിന്റെ പ്രതികാരം അവർ സീതയോട് കാട്ടിയിരിക്കും. എല്ലാവിധത്തിലും ഞാൻ ആപത്തിൽപ്പെട്ടിരിക്കുന്നു, എല്ലാം ഞാൻ അനുഭവിക്കേണ്ടതായിരിക്കും.

ഇപ്രകാരം ഉള്ളിലുള്ള ദുഃഖം വാക്കുകളിൽ പ്രകടിപ്പിച്ചുകൊണ്ട് ലക്ഷ്‌മണനൊപ്പം ശ്രീരാമൻ ആശ്രമത്തിലേക്ക് തിരിച്ചു. അനുജനെ കുറ്റപ്പെടുത്തിയും സ്വയം പഴിച്ചും വിശപ്പും ദാഹവും കൊണ്ട് പരവശനായ രാഘവൻ ആശ്രമത്തിലെത്തി നോക്കി, ഒരനക്കവുമില്ല, എല്ലാം വിജനമായിരിക്കുന്നു. സീതാദേവി ഉല്ലാസത്തോടെ നടക്കാറുള്ള സ്ഥലങ്ങളിൽ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും രാമൻ ഉറ്റുനോക്കി. അപ്പോഴും സീതയുടെ സാന്നിദ്ധ്യം ഉടൻ ഉണ്ടാകുമെന്ന ചിന്തയിലായിരുന്നു ശ്രീരാമൻ.

(ഫോൺ: 9946108220 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, WEEKLY, VALMEEKI RAMAYANAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.