SignIn
Kerala Kaumudi Online
Saturday, 27 April 2024 5.04 AM IST

ബി.ജെ.പിയെ പ്രതി ഒരു സഭായുദ്ധം

niyamasabh

ബി.ജെ.പിയെ പ്രതി നിയമസഭയിൽ ഭരണ- പ്രതിപക്ഷങ്ങൾ നടത്തുന്ന ദ്വന്തയുദ്ധങ്ങളിൽ ജയപരാജയങ്ങൾ ഒരിക്കലും നിശ്ചയിക്കപ്പെടാറില്ല. കാണികൾക്ക് എങ്ങനെയും വ്യാഖ്യാനിക്കാം. ആർക്കാണ് ബി.ജെ.പി സംബന്ധം എന്ന ചോദ്യം, ചുരുങ്ങിയപക്ഷം കേരള നിയമസഭയിലെങ്കിലും പ്രഹേളികയായി തുടരുമെന്ന് ഉറപ്പായും കരുതാം.

കുഴൽപ്പണക്കേസിലൂടെ ബി.ജെ.പിയുമായി ഒളിസംബന്ധം സർക്കാർ നടത്തിയെന്ന് സ്ഥാപിച്ചെടുക്കാനാണ് പ്രതിപക്ഷം ഒരുമ്പെട്ടത്. ഒത്തുകളിയെന്ന വാക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് അങ്ങേയറ്റം പ്രകോപനപരമാണ്. രോഷത്താൽ ജ്വലിച്ചുനിന്ന അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രകടനം ഗംഭീരമാക്കി.

കൊടകര കുഴൽപ്പണക്കേസിൽ മുഖ്യപ്രതികളായി വരേണ്ടവർ സാക്ഷികളായ സൂത്രം എങ്ങനെയാണ് കേരള പൊലീസിന് മാത്രമായി സാധിക്കുന്നത് എന്ന് ഒട്ടും നിഷ്കളങ്കമല്ലാതെയാണെങ്കിലും 'നിഷ്കളങ്ക'ഭാവത്തിൽ ചോദിച്ചത്, ഈ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന റോജി എം.ജോൺ ആണ്. കുഴൽപ്പണക്കേസിലെ സാമ്പത്തികകുറ്റകൃത്യം കേന്ദ്ര ഏജൻസിക്ക് വിടാനുള്ള പൊലീസ് നിർദ്ദേശം തങ്ങൾ നേരത്തേ പറഞ്ഞതല്ലേയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. കേന്ദ്ര ഏജൻസിക്ക് സ്വമേധയാ ഇടപെടാവുന്ന കേസാണിതെന്ന് സമർത്ഥിച്ച മുഖ്യമന്ത്രി, കേന്ദ്ര ഏജൻസികളെ എല്ലാത്തിനും വല്ലാതെ ആശ്രയിക്കുന്ന രോഗം പ്രതിപക്ഷത്തിൽ കണ്ടെത്തി. കേരളത്തിലെ കോൺഗ്രസിന്റെ ബി.ജെ.പി വിധേയത്വം സ്ഥാപിച്ചെടുക്കാൻ അദ്ദേഹം പല വഴിക്കും സഞ്ചരിച്ചു.

പശുവിനെക്കുറിച്ച് പറഞ്ഞാൽ മുഖ്യമന്ത്രി പശുവിനെ തെങ്ങിൽ ചേർത്തുകെട്ടി ആ തെങ്ങിനെപ്പറ്റി സംസാരിക്കുമെന്നതാണ് രീതിയെന്ന് ആ പ്രകടനത്തെ പ്രതിപക്ഷനേതാവ് വിലയിരുത്തി. കേരള പൊലീസ് അന്വേഷിക്കുമ്പോഴും ഇതിലെ സാമ്പത്തികകുറ്റകൃത്യം കേന്ദ്ര ഏജൻസിക്ക് വിടാൻ താൻ നിർദ്ദേശിച്ചപ്പോൾ ബി.ജെ.പിക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി മുമ്പ് കളിയാക്കിയതിനെയാണ് അദ്ദേഹം പ്രത്യാക്രമണത്തിന് ഇന്ധനമാക്കിയത്. ആയിരം പിണറായിവിജയൻമാർ ഒന്നിച്ചുവന്നാലും തങ്ങളുടെ തലയിൽ സംഘിപ്പട്ടം ചാർത്താനാവില്ലെന്ന് പ്രഖ്യാപിച്ചേ അദ്ദേഹം ഇറങ്ങിപ്പോയുള്ളൂ. ഇടയ്ക്ക് പ്രകോപിപ്പിക്കാൻ മുതിർന്ന എം. നൗഷാദ് എം.എൽ.എയോട് മാരുതികാറിൽ കുതിരയെ കെട്ടിയൊരു കഥ സതീശൻ പറഞ്ഞു. അദ്ദേഹമടങ്ങി. അതിന്റെ ഗുട്ടൻസ് ആർക്കും പിടി കിട്ടിയിട്ടില്ല!

പൊലീസ്, ജയിൽ വകുപ്പുകളിന്മേലുള്ള ധനാഭ്യർത്ഥന ചർച്ചയിൽ പതിവിൻപടി എരിവും പുളിയും ധാരാളമുണ്ടായി. പശുവിനെപ്പറ്റി പറഞ്ഞാൽ പ്രതിപക്ഷം പോത്തിനെപ്പറ്റി പറയുമെന്ന് പ്രതിപക്ഷനേതാവിന്റെ മുൻ ആരോപണത്തെ മുരളി പെരുനെല്ലി ഖണ്ഡിച്ചു. കൊടി സുനിയെ ജയിലിലെ ഡിഫാക്ടോ ഡി.ജി.പിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരോധിച്ചു. കെ.കെ.രമയുടെ കുടുംബത്തിനെതിരായ വധഭീഷണി ഓർമ്മിപ്പിച്ച അദ്ദേഹം എന്തുകൊണ്ടോ തനിക്കെതിരായ ഭീഷണിക്കത്തിനെപ്പറ്റി മൗനം പാലിച്ചു. ഒരുമാതിരി, 'തിരുവഞ്ചൂർമൗനം!'

മുദ്രത്തൊപ്പി വച്ച പഴയ ദിവാന്റെ പൊലീസ് തൊട്ടിങ്ങോട്ടുള്ള ചരിത്രത്തിലേക്ക് സഞ്ചരിച്ചാണ്, കേരളത്തിലിപ്പോൾ നല്ല പൊലീസാണെന്ന് പി. ബാലചന്ദ്രൻ സമർത്ഥിച്ചത്. യു.ഡി.എഫ് കാലത്തെ പൊലീസിന്റെ ഇരുണ്ടമുഖം മാറിയതിന് യു.പ്രതിഭ തെളിവ് നിരത്തി. പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളൊക്കെ ഗംഭീരമായെന്ന്! മുടക്കോഴി മലയിൽ വിരിഞ്ഞ സി.പി.എമ്മിന്റെ അധോലോക കുസുമങ്ങളായി അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും എൻ. ഷംസുദ്ദീൻ വിശേഷിപ്പിച്ചു. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും രാമനാട്ടുകരയുമില്ലായിരുന്നെങ്കിൽ ഈ ധനാഭ്യർത്ഥനയെ എതിർക്കാൻ നിങ്ങളുടെ കൈയിലെന്ത് കോപ്പാണുള്ളതെന്ന് ടി.ഐ. മധുസൂദനൻ തിരിച്ചടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.