SignIn
Kerala Kaumudi Online
Friday, 26 April 2024 6.17 PM IST

രാജേഷിന്റെ മരണത്തിന് ആറാണ്ട് കണ്ണീരുതോരാതെ അമ്മ

rajesh

തിരുവനന്തപുരം: ആട്ടോ ഡ്രൈവറായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുവർഷം പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താതെ ക്രൈംബ്രാഞ്ച്. 'കേരള കൗമുദി ഫ്ളാഷ്" ഏജന്റായിരുന്ന ചടയമംഗലം നിലമേൽ മുരുക്കുമൺ ഇടത്തറ റോഡിൽ സുമംഗലഭവനിൽ സുമംഗലയുടെ ഏകമകൻ രാജേഷിന്റെ (29) ദുരൂഹ മരണം സംബന്ധിച്ച അന്വേഷണമാണ് എവിടെയുമെത്താത്തത്.

പരിഹാരമാകാതെ

സുമംഗലയുടെ പരാതി

രാജേഷിന് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ ചിലർ അപായപ്പെടുത്തിയതാണെന്നും ആരോപിച്ച് സുമംഗല ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് വിശദമായി അന്വേഷിക്കാൻ മൂന്നു വർഷം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികൾ ഉടൻ പിടിയിലാകുമെന്നും സുമംഗല പ്രതീക്ഷിച്ചു. എന്നാൽ,​ അന്വേഷണം ഏറ്റെടുത്ത് വർഷം മൂന്നായിട്ടും ഘാതകരെ കണ്ടെത്താൻ യാതൊരു നടപടിയും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ആറുവർഷം മുമ്പ് ഡിസംബർ 12ന് രാവിലെ പതിവുപോലെ ആട്ടോറിക്ഷയുമായി രാജേഷ് ഓട്ടം പോകാനിറങ്ങുമ്പോഴാണ് രണ്ട് സ്ത്രീകൾ വീട്ടിലെത്തി അമ്മയുടെ മുമ്പിൽവച്ച് ഭീഷണിപ്പെടുത്തുന്നത്. രാജേഷിനോട് സ്ത്രീകൾ കയർക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേട്ട സുമംഗല കാര്യം അന്വേഷിച്ചു. വീട്ടിലെത്തിയ സ്ത്രീകളിലൊരാളുടെ സഹോദരനോട് രാജേഷ് ഫോണിലൂടെ അവരെപ്പറ്റി എന്തോ പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു പ്രശ്നം. എന്നാൽ, താൻ ആരെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നും രാജേഷ് പറ‌ഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവർ മടങ്ങി. രാജേഷ് ആട്ടോയുമായി സ്റ്റാൻഡിലേക്ക് പോകുകയും ചെയ്തു.

പരാതി നൽകുന്നതിൽ

നിന്ന് പിന്തിരിപ്പിച്ചു

വീട്ടിലെത്തി മകനെ സ്ത്രീകൾ ഭീഷണിപ്പെടുത്തിയ വിവരം സുമംഗല പഞ്ചായത്ത് അംഗത്തോടും പ്രസിഡന്റിനോടും പ്രദേശത്തെ ചില നേതാക്കളോടും പറയുകയും പൊലീസിൽ പരാതി നൽകാൻ അവരുടെ സഹായം തേടുകയും ചെയ്തു. എന്നാൽ, വീട്ടിലെത്തിയ സ്ത്രീകളോട് തങ്ങൾ സംസാരിച്ചശേഷം പരാതി നൽകിയാൽ മതിയെന്നായിരുന്നു അവരുടെ ഉപദേശം. ഇതനുസരിച്ച് സുമംഗല,​ സംഭവത്തിൽ പരാതി നൽകിയില്ല. വീട്ടിലെത്തിയ സ്ത്രീകളുമായി മദ്ധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി സംസാരിക്കാൻ അന്ന് വൈകുന്നേരം പോകാൻ രാജേഷിനെ ഫോണിൽ വിളിച്ചപ്പോൾ വെഞ്ഞാറമൂട്ടിൽ ഓട്ടം പോയശേഷം തിരികെ വരികയാണെന്നും ഉടൻ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് രാജേഷിനെ ഫോണിൽ കിട്ടിയില്ല. എന്നത്തെയും പോലെ രാത്രി എട്ടുമണിയായിട്ടും രാജേഷ് തിരികെ വരാതിരുന്നതോടെ രാത്രി 9 മണിയോടെ സുമംഗല ചടയമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തങ്ങൾ അന്വേഷിക്കാമെന്നും മകന്റെ ഫോട്ടോയുൾപ്പെടെ പരസ്യം നൽകി കണ്ടെത്താമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയതല്ലാതെ രാജേഷിനെ കണ്ടെത്താൻ പൊലീസ് യാതൊന്നും ചെയ്തില്ല. ബന്ധുക്കളുടെ സഹായത്തോടെ സുമംഗല നടത്തിയ അന്വേഷണത്തിൽ രാജേഷിന്റെ ആട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെ ഒരു ബാങ്കിന്റെ പരിസരത്ത് ഒതുക്കിയിട്ട നിലയിൽ കണ്ടെത്തി. ഇക്കാര്യവും പൊലീസിനെ അറിയിച്ചിരുന്നു.

രാജേഷിനെ കാണാനെത്തിയവർ

മൃതദേഹം കണ്ട് ഞെട്ടി

ബന്ധുവീടുകളിലും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങളിലൊന്നും രാജേഷിനെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. രണ്ടുദിവസത്തിന് ശേഷം തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് രാജേഷിന്റെ വീട്ടിലേക്ക് ഒരു ഫോൺകോളെത്തി. നിങ്ങളുടെ വീട്ടിൽ നിന്ന് ആരെയെങ്കിലും കാണാതായോയെന്ന് അന്വേഷിച്ച പൊലീസ് ഒരാളെ ഇവിടെ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. രാജേഷിന്റെ ബന്ധുക്കളെത്തിയപ്പോൾ കൊച്ചുവേളിക്ക് സമീപം റെയിൽവേ ട്രാക്കിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. അതനുസരിച്ച് രാജേഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്താകമാനം 35 ഓളം മുറിവുകളോടെ ട്രാക്കിന് സമീപമാണ് രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. റെയിൽവേ ട്രാക്കിന് സമീപം കാണപ്പെട്ടതിനാൽ ആത്മഹത്യയോ അപകടമോ തീർച്ചയാക്കാൻ പൊലീസിന് കഴിഞ്ഞില്ല.

അതോടെയാണ് സുമംഗല വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിയെ കണ്ടത്.

കണ്ണടയും മുമ്പ് മകന്റെ

ഘാതകരെ കണ്ടെത്തണം

പ്രായാധിക്യവും രോഗവും നിരന്തരം വേട്ടയാടിയിട്ടും മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ നിരന്തരം ക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങുകയാണ് ഇവർ. തന്റെ കണ്ണടയും മുമ്പ് കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മകന്റെ ആത്മാവ് തന്നോട് പൊറുക്കില്ലെന്ന് വിശ്വസിക്കുന്ന ഈ അമ്മ,​ നീതിക്കായി ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ്.

ദുരൂഹതയ്ക്കുള്ള കാരണങ്ങൾ

# രാജേഷിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല

# രാജേഷിനെ മുരുക്കമണിൽ അന്വേഷിച്ചെത്തിയപ്പോൾ നിലമേൽ ഇരിപ്പുണ്ടെന്ന് ചിലർ പറഞ്ഞങ്കിലും അവിടെ എത്തിയപ്പോഴാണ് കാണാതായത്.

# ഓട്ടോയുടെ താക്കോൽ മറ്രൊരു യുവാവിന്റെ കൈവശം എങ്ങനെയെത്തി?​

# രാജേഷിന്റെ മൊബൈൽ ഫോൺ തിരികെ കിട്ടിയില്ല

അന്വേഷണം തുടരുന്നു : ക്രൈംബ്രാഞ്ച്

രാജേഷിന്റെ മരണത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സംശയകരമായി യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. ദൃക്സാക്ഷികളുൾപ്പെടെ കൊലപാതകമാണെന്ന് തെളിയിക്കാൻ ഉതകുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സി.ഐ,

ക്രൈംബ്രാഞ്ച് യൂണിറ്റ്,

ജവഹർനഗർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.