ഹോംങ്കോംഗ് : ഹോംങ്കോംഗിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ നല്കി വരുന്ന പ്രശസ്ത ഗായകൻ ആന്തോണി വോംങിനെ ഇലക്ഷൻ തിരിമറിക്കുറ്റം ആരോപിച്ച് അധികൃതർ അറസ്റ്റ് ചെയ്തു.2018 ലെ ഒരു ഇലക്ഷൻ റാലിയിൽ ഹോംങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭ നേതാവായ ആയു നോക് -ഹിന്നിന് വോട്ട് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ റാലിക്കിടെ സംഗീത പരിപാടി സംഘടിപ്പിച്ചുവെന്ന കുറ്റത്തിനാണ് അന്തോണിയെ അറസ്റ്റ് ചെയ്തത്. റാലിയിൽ രണ്ട് ഗാനങ്ങൾ ആലപിച്ച വോംങ് ഇതിന് ശേഷം ആയ് നോക് -ഹിന്നിന് വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇത് നിയമവിരുദ്ധവും ഇലക്ഷൻ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ഹോംങ്കോംഗ് ഭരണാധികാരികളുടെ ഭാഷ്യം. കുറ്റം തെളിയിക്കപ്പെട്ടാൽ വോംങിന് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇലക്ഷനിൽ വിജയിച്ച ആയു നോക് -ഹിന്നിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ അന്തോണി വോംങ് ഹോംങ്കോംഗിലെ ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നവരിൽ മുൻ നിരയിലുള്ള കലാകാരനാണ്. ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആന്തോണി ഏറെ നാളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഹോംങ്കോംഗിൽ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ ദേശദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജയിലലടയ്ക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഹോംങ്കോംഗിലെ ജനപ്രിയ പത്രമായ ആപ്പിൾ ഡെയ്ലിയുടെ സ്വത്തുക്കൾ ദേശീയ സുരക്ഷാ നിയമ പ്രകാരം സർക്കാർ മരവിപ്പിച്ചതിനെ തുടർന്ന് സ്ഥാപനം ജൂണിൽ അടച്ചു പൂട്ടേണ്ടി വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |