കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസിനു കീഴിലുള്ള 49 ഡിസ്പെൻസറികളും 9 ആശുപത്രികളും ഇ.എസ്.ഐ കോർപ്പറേഷന്റെ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും ഇവയുടെ അറ്റകുറ്റപ്പണികൾ കാലാകാലങ്ങളിൽ കോർപ്പറേഷൻ ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി രാമേശ്വർ ടെലി എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ ലോക്സഭയിൽ അറിയിച്ചു.
കൊല്ലം ലോകസഭാ മണ്ഡലത്തിലെ 17 ഡിസ്പെൻസറികളുടെയും അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കിളികൊല്ലൂർ ഡിസ്പെൻസറി കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികളും നഴ്സിംഗ് ക്വാർട്ടേഴ്സിന്റെ പെയിന്റിംഗ് ഉൾപ്പെടെയുളള പ്രവൃത്തികളും പൂർത്തിയാക്കിയിട്ടുണ്ട്. കല്ലുവാതുക്കൽ, കേരളപുരം, സദാനന്ദപുരം, കുലശേഖരപുരം, ആശ്രാമം ഡിസ്പെൻസറി കെട്ടിടങ്ങളിൽ പെയിന്റിംഗ് നടന്നു. പട്ടത്താനം, പാരിപ്പളളി, പെരിനാട് ഡിസ്പെൻസറികൾ നല്ലനിലയിൽ പരിപാലിക്കുന്നുണ്ട്. നെടുമ്പന, പുനലൂർ, തൃക്കോവിൽവട്ടം, മുളവന, അഞ്ചൽ ഡിസ്പെൻസറികളിൽ ആവശ്യമായ നിർമ്മാണപ്രവൃത്തികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുളവന ഡിസ്പെൻസറി പുതുക്കിപ്പണിയാൻ ഇ-ടെണ്ടർ നൽകാനും, പുനലൂർ ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടം പുതുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |