ഗാസസിറ്റി: ഗാസയിലെ അധികാരം നിയന്ത്രിക്കുന്ന പാലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമെന്നറിയപ്പെടുന്ന ഹമാസിന്റെ മുഖ്യ രാഷ്ട്രീയ കാര്യ മേധാവിയായി ഇസ്മായിൽ ഹനിയ(58) വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ ഹമാസ് മേധാവിയായി തുടരുന്ന ഹനിയയെ അടുത്ത നാലുവർഷത്തേക്ക് കൂടിയാണ് നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുർക്കിയിലും ഖത്തറിലുമായി താമസിക്കുന്ന ഹനിയ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പാലസ്തീന് പുറത്തു നിന്നാണ്. മേയിൽ ഇസ്രായേലുമായി 11 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം നടന്ന വെടിനിറുത്തൽ ചർച്ചകളിൽ ഹമാസ് മേധാവി എന്ന നിലയിൽ അദ്ദേഹം പങ്കാളിയായിരുന്നു. 2006ൽ ഗാസയിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരാളികളായ ഫതായെ പരാജയപ്പെടുത്തി, ഹമാസിന്റെ രാഷ്ട്രീയ പ്രവേശനത്തിന് നേതൃത്വം നൽകിയത് ഹനിയയാണ്.ഗാസയുടെ ഭരണ നിയന്ത്രണം ഹമാസിനാണെങ്കിലും യൂറോപ്യൻ യൂണിയനും യു.എസും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |