തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ പ്രതികൾക്കായി ക്രൈംബ്രാഞ്ചിന് മുമ്പേ 'ലുക്ക് ഔട്ട് നോട്ടീസ്' പുറത്തിറക്കി നാട്ടുകാർ. മുഖ്യപ്രതി സുനിൽ കുമാർ, ബിജു കരീം, സി.കെ. ജിൽസ്, റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ ഫോട്ടോ പതിച്ച് 'ഇവരാണ് കരുവന്നൂർ ബാങ്കിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും" കുറിച്ചിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.
അതേസമയം, പ്രതികൾ രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ എമിഗ്രേഷൻ വകുപ്പിന് അന്വേഷണ സംഘം അപേക്ഷ നൽകി. പ്രതികൾ നാടു വിട്ടിട്ടില്ലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി സുനിൽകുമാറിന്റെയും മറ്റൊരു പ്രതി ബിജോയിയുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |