തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും ചേർന്നൊരുക്കുന്ന 'മെലഡി ടു' എന്ന മ്യൂസിക്കൽ കവർ സീരിസ് ലോഞ്ച് ചെയ്തു. ആറ് പാട്ടുകൾ ഉൾപ്പെടുത്തിയ ഈ സീരിസിന്റെ ഓരോ പാട്ടുകൾ വീതം രണ്ടാഴ്ച ഇടവേളകളിലായി ശ്രോതാക്കളിലേക്കെത്തും. ഹൃദയവേണു ക്രിയേഷൻസ് എന്ന യൂടൂബ് ചാനൽ വഴിയാണ് ഗാനങ്ങൾ പുറത്തിറങ്ങുന്നത്.
'പണ്ട് ഞാൻ പാടിയ പാട്ടുകൾക്ക് 30 വർഷങ്ങൾക്കിപ്പുറം മകനോടൊപ്പം ശബ്ദം പകരുന്നുവെന്നത് തീർച്ചയായും മെലഡി ടുവിനെ അച്ഛൻ മകൻ മ്യൂസിക്കൽ ഫീറ്റ് ആക്കി മാറ്റുന്നു. മകനോടൊപ്പം ഈ കവർ സോംഗ്സ് ചെയ്യാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി കരുതുന്നു.'- വേണുഗോപാൽ പറഞ്ഞു.
സീരിസിലെ ആദ്യ ഗാനം 'സ്വാഗതം' എന്ന ചിത്രത്തിനുവേണ്ടി 1989ൽ രാജാമണി ചിട്ടപ്പെടുത്തിയ 'മഞ്ഞിൻ ചിറകുള്ള' എന്ന മനോഹരമായ ഗാനമാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് ശബ്ദം പകർന്നിരിക്കുന്നത് ജി വേണുഗോപാൽ, എം.ജി ശ്രീകുമാർ, മിൻമിനി, മണികണ്ഠൻ എന്നിവർ ചേർന്നാണ്.
വേണുഗോപാലും അരവിന്ദ് വേണുഗോപാലും ചേർന്നൊരുക്കുന്ന കവർ സോംഗുകൾക്കായി കീബോർഡും റിതം പ്രോഗ്രാമിംഗും ചെയ്തിരിക്കുന്നത് അശ്വിൻ ജോൺസനാണ്. ഗിത്താർ അനുരാഗ് രാജീവ് നയനും ഫ്ളൂട്ട് അനിൽ ഗോവിന്ദും നിർവ്വഹിച്ചു.
'മെലഡി ടു' സീരിസിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സുഗീഷ് കുഞ്ഞിരാമൻ, പ്രസാദ് എന്നിവരും ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരിക്കുന്നത് ദിനകരൻ ദിനുവുമാണ്. വീഡിയോ എഡിറ്റിംഗ് അഭിലാഷ് ഉണ്ണിയും,വീഡിയോ ലൈറ്റ്സ് ഗോകുൽ അശോകനും കൈകാര്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |