SignIn
Kerala Kaumudi Online
Saturday, 27 April 2024 12.21 AM IST

കൊവിഡിൽ മുടങ്ങിയത് കോയിക്കൽ കൊട്ടാരത്തിലെ അപൂർവ ഓണാഘോഷം ഓർമ്മയായി 'കോവണിപ്പടിയിലെ ഓണക്കോടി'

photo

നെടുമങ്ങാട്: നിറം മങ്ങിയ ഓണക്കാഴ്ചകൾക്ക് ഇടയിലും നെടുമങ്ങാടുകാരുടെ ഹൃദയത്തിൽ നിത്യഹരിത സ്മരണ തുളുമ്പി നിൽക്കുന്ന ഒരു തിരുവോണ കാഴ്ചയുണ്ട്. ചരിത്രമുറങ്ങുന്ന കോയിക്കൽ കൊട്ടാരവുമായി ബന്ധപ്പെട്ടതാണ് ഈ അപൂർവ ഓണാഘോഷം. എന്നാൽ പതിറ്റാണ്ടുകളായി മുടക്കമില്ലാതെ നടന്നുവന്ന കോവണിപ്പടിയിലെ ഓണക്കോടി സമർപ്പണമാണ് കൊവിഡ് നിയന്ത്രണങ്ങളുടെ പരിധിയിൽ കൊട്ടാരം ഉൾപ്പെട്ടതോടെ ഇക്കുറി മുടങ്ങിയത്. കൊട്ടാരത്തിന്റെ തെക്ക് വശത്തുള്ള കോവണിക്ക് മുന്നിൽ ഓണക്കോടിയുമായി എത്തി പൂജയും മുടിയഴിച്ചാട്ടവും പ്രാർത്ഥനയും നടത്തി തിരുവോണാഘോഷത്തിൽ പങ്കെടുത്തിരുന്ന പഴമക്കാരുടെ ഒരു വലിയ നിര തന്നെയുണ്ട് ഇവിടെ. ഉമ്മയമ്മ റാണിയുടെ ഭരണകാലത്ത് ആരംഭിച്ച വ്യത്യസ്തമായ ഈ ആഘോഷം കോയിക്കലിന്റെ ഭരണകാലം പിന്നിട്ടിട്ടും നാട്ടുകാർ ഭക്തിപൂർവ്വം ആഘോഷിച്ചു പോന്നിരുന്നു. കൊട്ടാര മുറ്റത്ത് തിരുവോണ കളികളും സദ്യ വിളമ്പലുമൊക്കെ ആർഭാടമായാണ് നടത്തിയിരുന്നത്. രാജഭരണം ക്ഷയിച്ചതോടെ കൊട്ടാരത്തിൽ പ്രവേശിച്ച് കോവണിപ്പടിയിൽ ഓണക്കോടി ചുറ്റിയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ പ്രാർത്ഥിച്ചിരുന്നത്.

*പ്രണയാർദ്രം ആ ഓണക്കഥ: ചരിത്രം ഇങ്ങനെ

ഒരു ഉത്രാട രാത്രിയിൽ കൊട്ടാരത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ പ്രായശ്ചിത്തമായാണ് തിരുവോണത്തിന് കൊട്ടാര കോവണിയിൽ ഓണക്കോടി സമർപ്പണത്തിനും പൂജകൾക്കും തുടക്കമായത്. നെടുമങ്ങാട്ട് ഏറെ പ്രചാരത്തിലുള്ള ആ ഓണക്കഥ ഇങ്ങനെയാണ്: മുഗളന്മാരുടെ ആക്രമണത്തെ തുടർന്ന് കോയിക്കൽ കൊട്ടാരത്തിൽ വാസമുറപ്പിച്ച ഉമയമ്മ റാണിയുടെ അംഗരക്ഷകനായ മല്ലൻപിള്ള, റാണിയുടെ അനുജത്തി ഇളയമ്മ തങ്കച്ചിയുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടർന്ന് മല്ലനെ കേരള വർമ്മയുടെ സഹായത്തോടെ റാണി വക വരുത്തിയെന്നാണ് കഥ. റാണിയുടെ നിർദേശ പ്രകാരം കോവണിയിലൂടെ കൊട്ടാരത്തിലേയ്ക്ക് പ്രവേശിച്ച മല്ലനെ കോവണിയുടെ മുകളിൽ ഒളിഞ്ഞു നിന്ന കേരളവർമ്മ വാളിനിരയാക്കുകയായിരുന്നു. ഇതറിഞ്ഞ് നിലവറ ഭിത്തിയിൽ തലതല്ലി ഇളയമ്മ തങ്കച്ചിയും ജീവനൊടുക്കി.

മല്ലന്റെ മരണത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ച റാണി, ജ്യോതിഷ തീരുമാന പ്രകാരം കൊട്ടാരത്തിന്റെ ഒരു ഭാഗം മല്ലൻ ക്ഷേത്രമാക്കി. മുറ്റത്ത് കൽവിളക്കും പീഠവും നാട്ടി. മല്ലൻ റാണിക്ക് നൽകിയിരുന്ന മാൻ കൊമ്പും തലയോടും ഉടവാളും സമീപത്ത് സ്ഥാപിച്ചു. പ്രതിഷ്ഠകൾ ഇല്ലാത്ത ക്ഷേത്രത്തിൽ തിരുവോണ ദിവസമാണ് പ്രത്യേക പൂജകൾ നടത്തിപ്പോന്നിരുന്നത്. റാണിയുടെ മരണം വരെ തിരുവോണ പൂജകൾക്ക് റാണി നേരിട്ട് നേതൃത്വം നൽകിയിരുന്നു. റാണിയുടെ വിയോഗത്തോടെ മല്ലൻ ക്ഷേത്രവും ഇല്ലാതായെങ്കിലും ഓരോ തിരുവോണത്തിനും മഞ്ഞക്കോടിയുമായി പഴമക്കാർ ഇവിടയെത്തും. മല്ലനെയും ഇളയമ്മ തങ്കച്ചിയെയും കൊട്ടാരത്തിനുള്ളിൽ ഒരേസ്ഥലത്ത് മറവ് ചെയ്തിരിക്കുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.