തിരുവനന്തപുരം: മാപ്പിള കലാപത്തിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുതെന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.
അന്ന് ബ്രിട്ടീഷുകാരുടെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സർക്കാരിന്റെ രേഖകൾ മുഴുവൻ ബ്രിട്ടീഷ് സർക്കാർ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സർക്കാർ ബ്രിട്ടീഷ് സർക്കാർ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |