മണ്ണാർക്കാട്: കാട്ടിൽനിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതൽ വനംവകുപ്പ് ലകവരുത്തും. മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊന്ന് സംസ്കരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി റേഞ്ച് ഓഫീസർ ആഷിഖ് അലി അറിയിച്ചു. വനാതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടുപന്നികളെയാണ് നശിപ്പിക്കുക.
ആർ.ആർ.ടി സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ റേഞ്ച് പരിധിയിൽ നിലവിൽ ലൈസൻസ് പുതുക്കിയിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും. കഴിഞ്ഞ ദിവസം മുതൽ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാർക്കാട് പരിധിയിൽ നടപ്പിലാക്കി തുടങ്ങി. കല്ലടിക്കോട് ഭാഗത്ത് നിന്നും ഇന്നലെ ലഭിച്ച പരാതി വനപാലകർ പരിശോധിച്ചു വരുകയാണ്.
കാട്ടുപന്നികളുടെ ശല്യം നിമിത്തം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പലയിടങ്ങളിലെയും കർഷകർ. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് അരിയൂരിൽ കാട്ടുപന്നി ബൈക്കിലിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ശല്യക്കാരായ കാട്ടുപന്നികളെ അമർച്ച ചെയ്യുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ മുറവിളി കൂട്ടാറുണ്ടെങ്കിലും നടപടികളുണ്ടായില്ല.
മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ
കരിമ്പ, കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കേട്ടോപ്പാടം, അലനല്ലൂർ, തച്ചനാട്ടുകര പഞ്ചായത്തുകൾ.
ഉത്തരവിന്റെ വഴി
കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2020 നവംബറിൽ അവസാനിച്ചിരുന്നു. ഇത് പിന്നീട് 2021 മേയ് 17 വരെ ദീർപ്പിപ്പിച്ചു. എന്നാൽ കേരളത്തിൽ കാട്ടുപന്നികൾ മൂലമുള്ള നാശനഷ്ടങ്ങളിൽ കാര്യമായ കുറവുവരാത്ത സാഹചര്യം കണക്കിലെടുത്ത് ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പിന്നീട് 2021 മേയ് 18 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ് മണ്ണാർക്കാട് റെയിഞ്ചിലും സ്വീകരിച്ചിട്ടുള്ളത്.
കാട്ടുപന്നിശല്യം നേരിടാൻ വിളിക്കേണ്ടത്
കാട്ടുപന്നിശല്യം നേരിടുന്നവർക്ക് അവയെ അമർച്ച ചെയ്യുന്നതിനായി 8547 602 315 എന്ന നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |