തിരുവനന്തപുരം: മമ്മൂട്ടിയുടെ 70ാം ജന്മദിനം പ്രമാണിച്ച് ഇന്ന് വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടക്കും. രക്തദാനത്തിന് ശേഷം കേക്ക് മുറിച്ചാണ് ജന്മദിനാഘോഷം. നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കെല്ലാം അത്താഴമെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മമ്മൂട്ടി ഫാൻസ് കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള ഇക്കാ ഗ്യാംഗ് കല്ലാമത്തിന്റെ നേതൃത്വത്തിൽ മാർത്തോമ വൃദ്ധസദനത്തിൽ ഉച്ചഭക്ഷണ വിതരണം നടക്കും. നെടുമങ്ങാട് താലൂക്ക് കമ്മിറ്റി തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കും. പാറശാല ഏരിയാ കമ്മിറ്റി ഭക്ഷ്യക്കിറ്റ് വിതരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വർക്കല ഏരിയാ കമ്മിറ്റി മിഷൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിനൊപ്പം വാത്സല്യം വൃദ്ധസദനത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. മേരി മാതാ കരുണാലയത്തിലെ അമ്മമാർക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ പോത്തൻകോട് ഏരിയാ കമ്മിറ്റി കൈമാറും.
കണിയാപുരം ഏരിയാ കമ്മിറ്റി പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. കാഞ്ഞിരംകുളം യൂണിറ്റ് പൂജപ്പുര സ്വപ്നക്കൂടിലെ അമ്മമാർക്ക് മധുരവിതരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |