ചെലവ് ₹ 90 ലക്ഷം
കൊച്ചി: കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് എറണാകുളം കരയോഗം സാമൂഹ്യപ്രതിബദ്ധതയുള്ള രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചു. 'ക്ലിനിക്ക് ഓൺ വീൽ' എന്ന സഞ്ചരിക്കുന്ന ആശുപത്രിയാണ് ആദ്യത്തേത്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ജില്ലാ ശിശുക്ഷേമ സമിതിയുമായി കൈകോർക്കുന്ന 'ചൈൽഡ് ഹോം ഫോർ ഗേൾസ് ' എന്നതാണ് രണ്ടാമത്തെ പദ്ധതി.
പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ട്രഷറർ കെ.ടി. മോഹനൻ, പബ്ലിക് റിലേഷൻസ് കൺവീനർ സജീവ് കുമാർ പാലാഴി, ലക്ഷ്‌മി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ടി.ആർ. പ്രമോദ് വാര്യർ, പി.ആർ. മാനേജർ കെ.എൻ. വിനോദ് എന്നിവർ വാർത്താസമ്മേളനത്തിലാണ് പദ്ധതി വിവരിച്ചത്.
'ക്ലിനിക്ക് ഓൺ വീൽ'
പുതിയ വോൾവെോ ബസിലാണ് ആധുനിക സൗകര്യങ്ങളുള്ള കൺസൾട്ടിംഗ് റൂം, ലബോറട്ടറി എന്നിവയോടെ 'ക്ലിനിക്ക് ഓൺ വീൽ' എന്ന സഞ്ചരിക്കുന്ന ആശുപത്രി സജ്ജീകരിച്ചത്. രണ്ട് ഡോക്ടർമാർ, നാല് നഴ്സിംഗ് സ്റ്റാഫ്, രണ്ട് ലാബ് ടെക്നീഷ്യന്മാർ എന്നിവരും സഹായികളും ഉൾപ്പെടുന്നവർ ചികിത്സ ലഭ്യമാക്കും. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ ആരോഗ്യപരിരക്ഷയ്ക്കാണ് മുഖ്യപരിഗണന. നിർദ്ധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായവും ലഭ്യമാക്കും.
തുടക്കത്തിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. എറണാകുളം ലക്ഷ്മി ആശുപത്രിയാണ് സഞ്ചരിക്കുന്ന ക്ലിനിക്കിൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നത്. ഓൺലൈൻ ചടങ്ങിൽ നീതി ആയോഗ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്ത് വാഹനത്തിന്റെ ഫ്ലാഗ് ഒാഫ് നിർവഹിച്ചു.
സാങ്കേതിക സഹായം
ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചൈൽഡ് ഹോം ഫോർ ഗേൾസ്
മാതാപിതാക്കൾ നഷ്ടപ്പെട്ടതും നിർദ്ധനരുമായ പെൺകുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുന്നതാണ് 'ചൈൽഡ് ഹോം ഫോർ ഗേൾസ്' പദ്ധതി. കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകി സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കിയശേഷം വിവാഹം വരെ ഉത്തരവാദിത്വം കരയോഗം ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരയോഗത്തിന്റെ ചെറായിയിലെ മൂന്ന് ഏക്കർ സ്ഥലത്താണ് സൗകര്യം ഒരുക്കുന്നത്. 24 കുട്ടികളും സംരക്ഷണത്തിന് 6 അമ്മമാരുണ്ടാകും. ആദ്യഘട്ടത്തിൽ 12 പെൺകുട്ടികൾക്കുള്ള പാർപ്പിടം ഒരുക്കും.