ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യാ പ്രവേശനം വൈകിയേക്കും. വാഹന ഇറക്കുമതിക്കുള്ള ഉയർന്ന നികുതി കുറയ്ക്കണമെന്ന് ടെസ്‌ല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നികുതിയിളവ് പരിഗണിക്കുംമുമ്പ് ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ കേന്ദ്ര വൻകിട വ്യവസായ മന്ത്രാലയം ടെസ്‌ലയോട് ആവശ്യപ്പെട്ടു.
ടെസ്‌ല ആവശ്യപ്പെട്ടതുപ്രകാരമുള്ള നികുതിയിളവ് നൽകാനാവില്ലെന്നും ടെസ്‌ലയ്ക്ക് മാത്രം നികുതിയിളവ് നൽകിയാൽ, ഇന്ത്യയിൽ ശതകോടികൾ നിക്ഷേപിച്ച മറ്റു കമ്പനികളോട് കാട്ടുന്ന അനീതിയായി അതു മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി. പൂർണമായി വിദേശത്ത് നിർമ്മിച്ച ശേഷം (സി.ബി.യു) ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക്, വില 40,000 ഡോളറിന് മേലെയെങ്കിൽ 100 ശതമാനമാണ് ഇറക്കുമതി തീരുവ. 40,000 ഡോളറിന് താഴെയെങ്കിൽ 60 ശതമാനം. പുറമേ 10 ശതമാനം സാമൂഹികക്ഷേമ സെസുമുണ്ട്.
ഇറക്കുമതിനികുതി എല്ലാ കാറുകൾക്കും വില പരിഗണിക്കാതെ 40 ശതമാനമായി കുറയ്ക്കണമെന്നായിരുന്നു ടെസ്‌ലയുടെ ആവശ്യം. സെസ് എടുത്തുകളയണമെന്നും ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഈമാസം ആദ്യം അനുമതി നൽകിയിരുന്നു. ടെസ്‌ല മോഡൽ 3, മോഡൽ വൈ എന്നിവയുടെ രണ്ടുവീതം വേരിയന്റുകൾക്കാണ് അനുമതി.
ഇന്ത്യയിൽ ഉത്‌പാദനം തുടങ്ങുന്നത് സംബന്ധിച്ച് ടെസ്‌ല ഇനിയും തീരുമാനിച്ചിട്ടില്ലാത്തതിനാൽ, ഔദ്യോഗിക വില്പന നീളുമെന്ന് ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |