SignIn
Kerala Kaumudi Online
Saturday, 27 April 2024 3.50 AM IST

ചിറക് മുളച്ചത് ചെറിയൊരു സ്വപ്‌നത്തിനല്ല

runway

നീലാകാശത്തിൽ മേഘങ്ങളെ കീറിമുറിച്ച് വെളുത്തപക്ഷി പോലെ പറക്കുന്ന വിമാനത്തെ വിസ്മയത്തോടെ നോക്കി നില്‌ക്കാത്ത ഏത് കുട്ടിയുണ്ട്. വളർന്ന് വലുതാകുമ്പോൾ പലർക്കും അതൊരു കൗതുകം മാത്രമായി മാറും. എന്നാൽ എത്ര വളർന്നാലും ഒരു ശരാശരി ഇടുക്കിക്കാരന് ഇന്നും വിമാനവും തീവണ്ടിയുമെല്ലാം അദ്ഭുതങ്ങളാണ്. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഞങ്ങടെ മൂന്നാറിലും തീവണ്ടിയുണ്ടായിരുന്നെന്ന് ചില അച്ചായന്മാർ വീമ്പൊക്കെ പറയാറുണ്ട്. എന്നാൽ വിമാനമോ... ദൂരെ മാനത്ത് മിന്നാമിന്നി വലിപ്പത്തിൽ പറക്കുന്നതല്ലാതെ അടുത്ത് കാണണമെങ്കിൽ പത്തമ്പത് മൈൽ ദൂരെ നെടുമ്പാശേരിയിൽ ചെല്ലണം.

ഇടുക്കി ജില്ലയിലൊരു വിമാനത്താവളമെന്ന സ്വപ്നത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2008ൽ കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെയും ജില്ലാ കളക്ടർ അശോക് കുമാർ സിംഹയുടെയും നേതൃത്വത്തിൽ ഇടുക്കിയിൽ ചെറുവിമാനത്താവളം നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചിരുന്നു. ജില്ലാ ആസ്ഥാനത്തിന് സമീപം പെരുങ്കാലയിലായിരുന്നു നൂറ് ഏക്കർ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിശോധന നടത്തി കണ്ടെത്തിയത്. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ അധികൃതർ പരിശോധനയിൽ സംതൃപ്തി രേഖപ്പെടുത്തി. തുടർനടപടിയുമായി മുന്നോട്ടു പോകാനിരിക്കെയാണ് കളക്ടറേറ്റിൽ കൂടിയ ഉദ്യോഗസ്ഥതല ജനപ്രതിനിധികളുടെ യോഗത്തിൽ അണക്കര, ഒട്ടകത്തലമേട് എന്നീ രണ്ട് സ്ഥലങ്ങളും കൂടി പരിശോധിക്കണമെന്ന് അഭിപ്രായമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയ്ക്കുശേഷം അണക്കര തിരഞ്ഞെടുത്തെങ്കിലും ഈ പ്രദേശത്തെ വയൽ നികത്തുന്നത് സംബന്ധിച്ച് തർക്കങ്ങളും പ്രദേശവാസികളുടെ സമരവും മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ബഡ്ജറ്റും തിരഞ്ഞെടുപ്പും വരുമ്പോൾ അണക്കരയിലെ വിമാനത്താവളം വീണ്ടും ഉയർന്നുവരാറുണ്ടായിരുന്നു. ഇതും നിലച്ച സമയത്താണ് വിനോദസഞ്ചാരികൾക്കായി ചെറുവിമാനങ്ങളിറങ്ങുന്ന എയർസ്ട്രിപ്പ് നിർമിക്കുമെന്ന് തോമസ് ഐസക്കിന്റെ ബഡ്ജറ്റിൽ പ്രഖ്യാപനം. കിഫ്ബിയുടെ സഹായത്തോടെ 100 ഏക്കർ സ്ഥലത്ത് ചെറു വിമാനങ്ങൾക്കിറങ്ങാവുന്ന താവളം നിർമ്മിക്കിമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനും ആദ്യം അണക്കരയെയാണ് പരിഗണിച്ചിരുന്നത്. പിന്നീടുള്ള ഓരോ ബഡ്ജറ്റിലും ഓരോ എയർസ്ട്രിപ്പുകൾ പ്രഖ്യാപിച്ചതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല.

ഒടുവിൽ ടേക്ക് ഒഫ്

ഇതിനിടെ അധികമാരും അറിയാതെ പീരുമേട്ടിലെ സത്രത്തിൽ ഒരു എയർസ്ട്രപ്പിന്റെ നിർമാണം ആരംഭിച്ചിരുന്നു. എൻ.സി.സി കേരള- ലക്ഷദ്വീപ് കേ‌ഡറിന് കീഴിലെ കേ‌ഡറ്റുകൾക്ക് വിമാന പരിശീലനം നൽകാനാണിത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. 650 മീറ്റർ റൺവേയുടെ നിർമാണം പൂർത്തിയായി. ഇത് ആയിരം മീറ്ററായി ഉയർത്തണം. തുടർന്ന് വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങർ, റൺവേയ്ക്ക് സമാന്തരമായി ഷോൾഡർ ടാറിംഗ് എന്നിവ നിർമിക്കണം. ഇതിന് ശേഷം നവംബർ ഒന്നിന് എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനം ഇവിടെ ഇറക്കാനാണ് ആലോചന. വിമാനമിറക്കുന്നതിന് ജൂൺ മൂന്നിന് തന്നെ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ തീയതി ലഭിച്ചാൽ അദ്ദേഹം തന്നെ നവംബർ ഒന്നിന് എയർസ്ട്രിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.

പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലനകേന്ദ്രമാകും ഇത്. ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത 200 കുട്ടികൾക്ക് പരിശീലനം നൽകും. കേഡറ്റുകൾക്ക് വിമാനമാതൃകാ നിർമാണ പരിശീലനവും നൽകും. ഇവർക്കുള്ള താമസസൗകര്യത്തിനുള്ള ഹോസ്റ്റലടക്കം ഇവിടെയൊരുക്കും.

ഇതുവരെയുള്ള നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് ഒരു എയർസ്ട്രിപ്പ് നിർമിക്കുന്നത്. ഇതുവരെയുള്ള നിർമാണത്തിന് 13 കോടി രൂപ മാത്രമാണ് ചെലവായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഉടക്കിട്ട് വനംവകുപ്പ്

ജില്ലയിൽ എന്ത് വികസനപ്രവർത്തനങ്ങൾ വന്നാലും മുടക്കുകയെന്നത് വനംവകുപ്പിന് ഒരു ഹോബിയായി മാറിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടുക്കിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകാവുന്ന എയർസ്ട്രിപ്പിനെതിരെ ഓരോ തടസവാദങ്ങളുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മഞ്ചുമല വില്ലേജിലെ 12 ഏക്കർ റവന്യൂ ഭൂമിയിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പൂ‌ണമായും പ്രകൃതി സൗഹൃദമായാണ് എയർസ്ട്രിപ്പ് നിർമിച്ചത്. ഭാവിയിലേക്കുള്ള കൂടുതൽ നിർമാണ പ്രവർത്തനങ്ങൾക്കായി 11.5 ഏക്കർ ഭൂമി കൂടി എൻ.സി.സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്ന് എൻ.സി.സി ആവശ്യപ്പെട്ട റവന്യൂ ഭൂമി ഇപ്പോൾ വനംവകുപ്പ് ഏറ്റെടുത്തു. ഇത് വിട്ടുനൽകാനാകില്ലെന്നാണ് ഇവർ പറയുന്നത്. മന്ത്രിതലത്തിൽ ചർച്ച നടത്തി തടസങ്ങൾ നീക്കി എയർസ്ട്രിപ്പ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞയാഴ്ച സത്രത്തിൽ വാഴൂർ സോമൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. എയർസ്ട്രിപ്പിന് വേണ്ട വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വിവിധ വകുപ്പുകൾ തയ്യാറാണ്. ബ്ലോക്ക് പഞ്ചായത്ത് എത്രയും വേഗം അപ്രോച്ച് റോഡ് നിർമിച്ച് നൽകും. തടസങ്ങളെല്ലാം നീങ്ങിയാൽ കേരളപ്പിറവി ദിനത്തിൽ ഇടുക്കിയിലെ മലമടക്കുകൾക്കിടയിൽ ആദ്യമായി വിമാനം പറന്നിറങ്ങും.


അനന്തസാദ്ധ്യത

എൻ.സി.സി കേഡറ്റുകൾക്കുള്ള പരിശീലന കേന്ദ്രമാണെങ്കിലും ഭാവിയിൽ അനന്തസാദ്ധ്യതകൾ ഈ എയർസ്ട്രിപ്പിനുണ്ട്. പ്രളയകാലത്ത് ഒരു ഹെലികോപ്ടർ പോലും ഇറങ്ങാൻ ഇടമില്ലാത്തതിന്റെ വിഷമം ഇടുക്കി അനുഭവിച്ചതാണ്. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ അടിയന്തരസാഹചര്യങ്ങളിൽ എയർഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും. പ്രത്യേകിച്ച് മുല്ലപ്പെരിയാർ പോലുള്ള സ്ഥലങ്ങൾ തൊട്ടടുത്തുള്ള സാഹചര്യത്തിൽ. ചെറുവിമാനങ്ങൾ വഴി വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ, എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിലെ തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. ഇതെല്ലാം സാദ്ധ്യമായാൽ പിന്നാക്ക ജില്ലയായ ഇടുക്കിയുടെ മുഖച്ഛായ തന്നെ മാറും. അപ്പോൾ മനസിലാകും ചിറക് മുളച്ചത് ചെറിയൊരു സ്വപ്നത്തിനല്ലെന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI, AIR STRIP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.