തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.വി. തോമസ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനെയും എം.എ. ബേബിയെയും സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച സി.പി.എം ആസ്ഥാനത്തിന് എതിർവശത്തെ സി.പി.എം നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു.
ടി.വി.ആർ ഷേണായ് ഫൗണ്ടേഷന്റെ പുരസ്കാരദാനച്ചടങ്ങിന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടാണ് താൻ നേതാക്കളെ കണ്ടതെന്നും അതിൽ രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും കെ.വി. തോമസ് 'കേരളകൗമുദി"യോട് പറഞ്ഞു.
ഒക്ടോബർ അവസാനവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗവർണ്ണറാണ് പങ്കെടുക്കുന്നത്. അദ്ദേഹത്തെ കണ്ട ശേഷമാണ് സി.പി.എം നേതാക്കളെ കണ്ടത്. ചടങ്ങിലേക്ക് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയെ ക്ഷണിക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കാണുന്നുണ്ട്. എ.കെ. ആന്റണിയുൾപ്പെടെയുള്ളവർ സംഘാടകരായുള്ളതാണ് ഷേണായ് ഫൗണ്ടേഷൻ. കെ.പി.സി.സി നിർവ്വാഹകസമിതിയംഗമായ താനിപ്പോഴും ഏല്പിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് തോമസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |