ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും സമനില
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ നിരാശാജനകമായ പ്രകടനം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്സ ദുർബലരായ കാഡിസിനോട് ഗോൾ രഹിത സമനില വഴങ്ങി.ഈ സീസണിലെ അഞ്ചുമത്സരങ്ങളിൽ ബാഴ്സയുടെ മൂന്നാം സമനിലയാണിത്.
ആവേശരഹിതമായ മത്സരത്തിന്റെ 65-ാംമിനിട്ടിൽ മിഡ്ഫീൽഡർ ഫ്രെങ്കീ ഡി യോംഗിനെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് മറ്റൊരു പ്രഹരമായി. നാലുമിനിട്ട് മുമ്പ് ആദ്യ മഞ്ഞക്കാർഡ് കണ്ടിരുന്ന ഡി യോംഗ് വീണ്ടും അബദ്ധംകാട്ടുകയായിരുന്നു. ആദ്യ പകുതിയൽ ഒരു അവസരവും ഡി യോംഗ് നശിപ്പിച്ചിരുന്നു. അവസാന സമയത്ത് റഫറിയുടെ തീരുമാനങ്ങളെ സൈഡ് ലൈനിന് അരികിൽ നിന്ന് മോശം ഭാഷയിൽ ചോദ്യം ചെയ്ത ബാഴ്സ കോച്ച് റൊണാൾഡ് കൂമാനും ചുവപ്പുകാർഡ് കണ്ട് മടങ്ങേണ്ടിവന്നു.
ഈ സമനിലയോടെ അഞ്ചുകളികളിൽ നിന്ന് ഒൻപത് പോയിന്റുമാത്രമുള്ള ബാഴ്സ പട്ടികയിൽ ഏഴാം സ്ഥാനത്ത് തുടരുകയാണ്. റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.കഴിഞ്ഞ ദിവസം മയ്യോർക്കയെ 6-1ന് തോൽപ്പിച്ച റയലിന് ആറുമത്സരങ്ങളിൽ നിന്ന് 16 പോയിന്റാണുള്ളത്. റയലിനായി അസൻഷ്യോ ഹാട്രിക്ക് നേടിയിരുന്നു. ബെൻസേമ ഇരട്ട ഗോളടിച്ചു. ഇസ്കോ ഒന്നും. 14 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |