SignIn
Kerala Kaumudi Online
Saturday, 21 September 2024 10.28 AM IST

ഇനി വേണ്ടത് ഭൂസാക്ഷരത

Increase Font Size Decrease Font Size Print Page

bhoomi

ഈ ഭൂമി എല്ലാവരുടെയും ആവശ്യത്തിനുള്ളത് നൽകുന്നുണ്ട്. പക്ഷേ ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.

ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒരു സമൂഹത്തെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തും അല്ല . ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ് നമ്മൾ. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ എന്ന് കാറൽ മാർക്സ് പ്രസ്താവിച്ചിട്ടുണ്ട്. നാം നടത്തുന്ന ഏത് ഇടപെടലും ആദ്യം നൽകുന്നത് വിജയമായിരിക്കും എന്നാൽ തുടർന്ന് തിരിച്ചടികൾ കൂടെ ഉണ്ടാവുകയും ചെയ്യുമെന്ന്‌ ലോകത്തോട് ഫെഡറിക് ഏഗംൽസ് പറഞ്ഞു.

ഭൂമധ്യരേഖയ്ക്ക് സമീപം എട്ട് ഡിഗ്രി അക്ഷാംശത്തിനുഉള്ളിൽ കിടക്കുന്ന കേരളം നല്ല ചൂടുള്ള ഉഷ്ണ ഭൂമേഖല ആയി മാറാതിരുന്നത് പടിഞ്ഞാറ് ഭാഗത്തെ കടലുകളുടെയും കിഴക്കുള്ള സഹ്യാദ്രി എന്ന പശ്ചിമഘട്ടത്തിന്റെയും സ്വാധീനം കൊണ്ടാണ്.
കാലം മാറുന്നു. ആഗോളതാപനത്തിന്റെ കൂടി ഫലമായി കാലാവസ്ഥയുടെ താളംതെറ്റി തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഭൂവിനിയോഗ, കാർഷിക രീതികളും മാറി. ഭൂവിനിയോഗത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ നിർണയിക്കുമെന്ന് 400 ബി.സിയിൽ പ്ലേറ്റോ പറയുകയുണ്ടായി.കേരളത്തിൽ ഭൂവിനിയോഗ രീതികൾ വളരെ ചലനാത്മകമാണ്. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്‌ മേഖല മുതൽ 2000 മീറ്ററിലധികം ഉയരമുള്ള മലനിരകൾ വരെ ഈ ചെറിയ സംസ്ഥാനത്തുണ്ട്.
സംസ്ഥാനത്തിന്റെ 48 ശതമാനം മലനാട് ആണ്. ഇവയിൽ കുന്നുകൾ മുതൽ കുത്തനെ ചരിവുള്ള മേഖലകൾ വരെയുണ്ട്. മലനിരകളും കാടുകളുമാണ് പ്രധാന ആവാസ വ്യവസ്ഥ. 42 ശതമാനം ഇടനാടാണ്. 10 ശതമാനം തീരമേഖലയാണ്. കടലിന്റെയും കായലുകളുടെയും സാമീപ്യമുള്ളതിനാൽ തീരപ്രദേശവും അത്ര സുരക്ഷിതമല്ല. ചുരുക്കത്തിൽ ഇടനാടൻ മേഖലയുടെ ബഫർസോൺ ഉൾപ്പെടെ 60 ശതമാനം പ്രദേശം മാത്രമേ താരതമ്യേന സുരക്ഷിതമായിട്ടുള്ളൂ. ഇടനാട്ടിൽ ആവട്ടെ തണ്ണീർ തടങ്ങൾ, വയലുകൾ, ജലസ്രോതസുകൾ, കുന്നുകൾ, എന്നിവയ്ക്കും സ്ഥലം ആവശ്യമാണ്. മറ്റിടങ്ങളിലെപ്പോലെ വാസസ്ഥലം, കൃഷിയിടങ്ങൾ എന്ന വേർതിരിവില്ലാതെ ചിതറിക്കിടക്കുന്ന ആവാസരീതിയാണ് നമുക്കുള്ളത്.
കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞാണ് കൂടുതൽ ഭൂപ്രദേശവും കിടക്കുന്നത്. നദികൾ ഉൾപ്പടെയുള്ളവയുടെ നീരൊഴുക്കിന്റെ ദിശയും ഇതേ രീതിയിൽ തന്നെയാണ്. പക്ഷേ നമ്മുടെ വികസന ഇടപെടലുകൾ കൂടുതലും നടന്നത് തെക്ക് വടക്ക് ദിശയിലാണ്. വർഷത്തിൽ 120 ദിവസം മാത്രമാണ് നല്ല മഴ ലഭിക്കുന്നത്. പെയ്യുന്ന ദിവസങ്ങളിലാവട്ടെ ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇത്രയും അധികം മഴ ചരിഞ്ഞ ഭൂമിയിൽ വീഴുന്നത്. 40 മണിക്കൂർ കൊണ്ടാണ് 3000 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്നത്. മഴത്തുള്ളിയുടെ കനവും വലിപ്പവും ശക്തിയും വളരെ കൂടുതലാണ്. ചെറു ചരിവ് മുതൽ കുത്തനെ ചരിവുള്ള ഭൂപ്രദേശങ്ങൾ ഉള്ള കേരളത്തിൽ സൂക്ഷ്മതലത്തിൽപ്പോലും ചരിവിന് വലിയ പ്രാധാന്യമാണുള്ളത്. വയലുകൾ കൂടുതലും താഴ്വാരകളിലാണ് കിടക്കുന്നത്. നിരപ്പായ പ്രദേശങ്ങൾ കുറവാണ്. പെയ്‌തൊഴിയുന്ന മഴയുടെ നല്ലൊരു ഭാഗവും ഉപരിതല നീരൊഴുക്കായി 72 മണിക്കൂറിനുള്ളിൽ കടലിലേക്ക്‌ പോകുന്നു. മണ്ണിന്റെ കനം കുറവായതിനാൽ ഒരേസമയം ധാരാളം മഴവെള്ളം കരുതി വയ്‌ക്കാനുള്ള സ്ഥലവും കുറവാണ് , അതുകൊണ്ട് തന്നെ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം. മഴ മാറിയാൽ വരൾച്ച, ജലക്ഷാമം എന്ന രീതിയിലാണ് കാര്യങ്ങൾ. ഒരിഞ്ചു കനത്തിൽ സ്വാഭാവികമായി മണ്ണ് ഉണ്ടാകുവാൻ ആയിരം വർഷം വേണം. അവ നഷ്ടമാവാൻ കേവലം നാലുവർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽ നിന്ന് ഒരു വർഷം ശരാശരി 32 ടൺ വരെമേൽ മണ്ണ് ഒഴുകി നഷ്ടമാകുന്നുണ്ട്. ഭൂമിയിൽ നിന്നും കുറെ മണ്ണ് ഏതു സാഹചര്യത്തിലും നഷ്ടമാകാം. മലനാട്‌ മേഖലയും സുരക്ഷിതമല്ല. 33 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ യാതൊരു സാഹചര്യത്തിലും കൃഷിയോ വാസസ്ഥലമോ പാടില്ല. മിശ്രിത വിളകളിൽ നിന്നും ഏക വിളകളിലേക്ക് ക്രമാനുഗതമായി സംസ്ഥാനം മാറുകയാണ്. സംസ്ഥാനത്ത് വർഷത്തിൽ 500 മുതൽ 5000 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഉണ്ട്. 500 മില്ലി മീറ്ററിൽ താഴെ മഴ ലഭിക്കുന്ന പഞ്ചായത്തുകൾ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലായുണ്ട്. തീരദേശങ്ങളിൽ 900 ഉം മലനാട്ടിൽ 5000 ഉം മില്ലി മീറ്റർ മഴ ലഭിക്കുന്നു. തെക്കിനെക്കാൾ വടക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ പെയ്യുന്നത്. നദികളുടെ ശരാശരി നീളം 100 കിലോമീറ്റർ മാത്രമാണ്.
മണ്ണിന്റെ ആഴം കുറവായതുപോലെതന്നെ കാർബണിനെ കരുതി വയ്ക്കാനുള്ള മണ്ണിലെ സാഹചര്യവും ഇല്ലാതാകുന്നു 1800കളിൽ സംസ്ഥാനത്തിന്റെ 75 ശതമാനം വനങ്ങൾ ആയിരുന്നു. ഒരു ആവാസവ്യവസ്ഥയുടെ 33 ശതമാനം വനമായി സൂക്ഷിക്കേണ്ടത് സന്തുലിതമായ ഒരു ആവാസവ്യവസ്ഥയ്‌ക്ക് അനിവാര്യമാണ്. കിണറുകൾ ഉൾപ്പെടെയുള്ള പ്രാദേശിക ജലസ്രോതസുകളാണ് ജനങ്ങളുടെ പ്രധാന ജലവിനിയോഗ ഉപാധി. ഓരോ പ്രദേശവും ഓരോ കാർഷിക ആവാസവ്യവസ്ഥയിലാണ് കിടക്കുന്നത്. അവയെല്ലാം തനതായ സവിശേഷതകളുള്ളവയാണ്. ഒരു ഹെക്ടർ വന ആ വാസവ്യവസ്ഥ 30,000 ഘന കിലോമീറ്ററും 10 സെന്റ് വയൽ 160,000 ലിറ്ററും മഴവെള്ളം ഉൾക്കൊള്ളും. ഓരോ തുണ്ട് ഭൂമിക്കും തനതായ സൂക്ഷ്മതയും ഉപയുക്തതയും ജലസേചന ക്ഷമതയും
ജലവാഹകശേഷിയും ഉണ്ട്. നീർവാഴ്ച, കിനിഞ്ഞിറങ്ങൽ, നീരൊഴുക്കു വിന്യാസം എന്നിവയെല്ലാം തനതും വ്യത്യാസമുള്ളവയുമാണ്. ഓരോയിടത്തും കാർഷിക, ഭൂവിനിയോഗ രീതികൾക്കും ഈ വ്യത്യാസം കാണാം. സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിപാലനത്തിന് ഈ സവിശേഷതകൾ വേർതിരിച്ചറിയേണ്ടതുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവ മലനാടിന് ഭീഷണിയാണ്.
വരൾച്ച, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ഭൂകമ്പം, പ്രളയം എന്നിവ ഇടനാട്ടിലും ചുഴലികാറ്റുകൾ ഉൾപ്പെടെയുള്ളവ തീരദേശത്തെയും പ്രശ്നം സങ്കീർണമാക്കുന്നു. അന്തരീക്ഷ മലിനീകരണം പ്രധാന പ്രശ്നമാണ്. പുതയിടൽ, ജൈവരീതികൾ, മാലിന്യങ്ങൾ കത്തിക്കാതിരിക്കൽ തുടങ്ങിയ രീതികളിലൂടെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. സമഗ്രവും ശാസ്ത്രീയവുമായ ഒരു ഭൂസാക്ഷരത നമുക്കാവശ്യമാണ്. മലിനജലം ജൈവസമ്പത്ത് എന്നിവയുടെ സമഗ്രമായ പരിപാലനത്തിലൂടെ മാത്രമേ കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EARTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.