SignIn
Kerala Kaumudi Online
Friday, 26 April 2024 9.37 PM IST

ടൂറിസം ദിനത്തിലും ഒട്ടും പ്രൊഫഷണലാകാതെ നമ്മുടെ രാഷ്‌ട്രീയ പാർട്ടികൾ; ഹർത്താൽ കാരണം സംസ്ഥാനത്ത് വിനോദസഞ്ചാര വ്യവസായത്തിനുണ്ടാകുക കോടികളുടെ നഷ്‌ടം

tourism

തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കൊവിഡ് ഉയർത്തിയ കനത്ത ആഘാതത്തിൽ നിന്നും കരകയറാനുള‌ള ശ്രമമാണ് കേരളത്തിലെ വിനോദ സഞ്ചാരമേഖല നടത്തുന്നത്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം കൃത്യം ടൂറിസം ദിനത്തിൽ തന്നെ ഒരു ഹർത്താൽ പ്രഖ്യാപിച്ച് ആ ശ്രമങ്ങൾക്ക് രാഷ്‌ട്രീയ നേതൃത്വത്തിൽ നിന്നും ഓർക്കാപ്പുറത്തൊരു തിരിച്ചടി കിട്ടിയിരിക്കുകയാണ്. കർഷക സമരത്തിന്റെ ഭാഗമായി രാജ്യത്ത് ഭാരത് ബന്ദ് ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ ഇടത്, വലത് സംഘടനകൾ പിന്തുണയ്‌ക്കുന്ന ഹർത്താൽ പ്രഖ്യാപിച്ചത്. സമരത്തിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും കൃത്യം ടൂറിസം ദിനത്തിൽ തന്നെ ഹർത്താൽ നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്ന് ടൂറിസം മേഖലയിലെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യവാചകമുള‌ള കൊച്ചുകേരളത്തിൽ സാദ്ധ്യതകൾക്കനുസരിച്ച് ടൂറിസത്തെ ഉപയോഗിക്കുമെന്നാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പുതിയ മെച്ചപ്പെടുത്തിയ ടൂറിസം ആപ്പും, കാരവാൻ ടൂറിസവും ഇതുവരെ ആളുകൾ ചെന്നെത്താത്ത കേന്ദ്രങ്ങൾ കണ്ടെത്തി ആളുകളെ എത്തിക്കുന്ന പദ്ധതികളും കെഎസ്‌ആർടിസി ബസിൽ സാഹിത്യ, ചരിത്ര, കലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന യാത്രകൾക്കും, ഉപയോഗശൂന്യമായ ബസ് ടൂറിസം പദ്ധതികൾക്ക് ഉപയോഗിക്കുമെന്നുമെല്ലാം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലുണ്ട്. ഇത്തരത്തിൽ സർക്കാരിൽ നിന്ന് പ്രഖ്യാപനങ്ങൾ വരുമ്പോഴും നമ്മുടെ രാഷ്‌ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾക്ക് മനസ് മാറുന്നില്ലെന്ന സന്ദേശമാണ് ടൂറിസം ദിനത്തിലെ ഹർത്താലിലൂടെ ലഭിക്കുന്നത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന ശേഷം അഭൂതപൂർവമായ ടൂറിസ്‌റ്റുകളുടെ വരവുണ്ടായിട്ടും കൃത്യം ടൂറിസം ദിനത്തിൽ തന്നെ ഹർത്താൽ പ്രഖ്യാപിച്ച് നടപ്പാക്കുന്നതിനെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനത്തിനിടയാക്കുന്നുണ്ട്. ലോക വിനോദസഞ്ചാര ദിനമാണെന്ന് സൂചിപ്പിക്കുന്ന കലണ്ടറിന്റെ ചിത്രം പങ്കുവയ്‌ക്കുന്ന ട്രോൾ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌താണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള‌ളി പ്രതികരിച്ചത്.‌ ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളും റോഡുകളും വികസിപ്പിക്കണമെന്ന നിർദ്ദേശമാണ് നടൻ മോഹൻലാൽ പ്രകടിപ്പിച്ചത്.ടൂറിസം മേഖലയെ പ്രൊഫഷണലായി സമീപിക്കാത്തതാണ് കേരളത്തിൽ മേഖലയുടെ തളർച്ചയ്‌ക്ക് കാരണമെന്നാണ് പ്രമുഖ സഞ്ചാരിയും വ്യവസായിയുമായ സന്തോഷ് ജോ‌ർജ് കുളങ്ങര പറയുന്നു.

2000 കോടിയ്‌ക്ക് മുകളിലാണ് ഒരു ദിവസത്തെ ഹർത്താലിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്‌ടം. ടൂറിസം, ഐടി, വ്യവസായ മേഖലകൾക്ക് ഓരോ ഹർത്താലും തിരിച്ചടിയാണ്. 45,000 കോടിയാണ് ടൂറിസം വഴി 2019-20ൽ സംസ്ഥാനം പ്രതീക്ഷിച്ചത്. എന്നാൽ കൊവിഡ് ഒന്നാം തരംഗം മൂലം 35,000 കോടിയിൽ വരുമാനം ഒതുങ്ങി. 2020-21ൽ 50,000 കോടി പ്രതീക്ഷിച്ചെങ്കിലും അതും കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ തടസപ്പെട്ടു. ഇതിന്റെ 30-40 ശതമാനം വരെ വളർച്ച നേടുമെന്ന നടപ്പ് വർഷത്തെ പ്രതീക്ഷയ്‌ക്ക് ഓരോ പണിമുടക്കും, ഹർത്താലും മറ്റ് അനിഷ്‌ട സംഭവങ്ങളും മങ്ങലേൽപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOURISM DAY, TOURISTS, KERALA, HARTHAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.