SignIn
Kerala Kaumudi Online
Saturday, 21 September 2024 4.11 AM IST

മോൻസണിന്റെ തട്ടിപ്പും ഉന്നതരും

Increase Font Size Decrease Font Size Print Page

monson-mavunkal

മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പ് മലയാളികൾക്ക് ചിരിക്കാനും ചിന്തിക്കാനും വളരെയേറെ വകനൽകിയിരിക്കുകയാണ്. മോൻസൺ സാധാരണക്കാരെ പറ്റിച്ചിട്ടില്ല. പുരാവസ്തു കച്ചവടത്തിന് പകരം ഇയാൾ ചിട്ടിക്കച്ചവടമോ ഫൈനാൻസിംഗ് കമ്പനിയോ ആയിരുന്നു നടത്തിയതെങ്കിൽ നിരവധി സാധാരണക്കാർ വെള്ളത്തിലായേനെ. കേരളത്തിൽ പലരീതിയിലുള്ള വെട്ടിപ്പുകളും പലരും നടത്താറുണ്ട്. പണം ആവശ്യത്തിലേറെ വരുമ്പോൾ ഉന്നത ബന്ധങ്ങൾ ഉണ്ടാക്കാൻ കമ്പം തോന്നും. അതിനുവേണ്ടി എത്രപണം വേണമെങ്കിലും വാരിയെറിയും. ഉന്നതബന്ധങ്ങൾ ഉറയ്ക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടുന്നത്. നീതിയും നിയമവുമൊക്കെ ഉന്നത ബന്ധങ്ങളുടെ ബലത്തിൽ വാലാട്ടിനിൽക്കുമെന്ന് തോന്നുമ്പോഴാണ് ആരെ പറ്റിച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന ചിന്ത ഇത്തരം തട്ടിപ്പുകാരുടെ തലയിൽ ഉറയ്ക്കുന്നത്. ഇവർക്ക് കൂട്ടുനില്‌ക്കാതിരിക്കാൻ ഉന്നതർക്ക് കഴിയാതെ വരും. കാരണം അവരിൽ പലരെയും ബ്ളാക്ക് മെയിൽ ചെയ്യാനുള്ള തെളിവുകളും ഇവർ സൂക്ഷിച്ച് വയ്ക്കും. പുരാവസ്തുക്കളെന്ന് പറഞ്ഞ് ഭൂരിപക്ഷം വ്യക്തികളും നടത്തുന്ന കച്ചവടത്തിൽ ചെറിയ തട്ടിപ്പുകളൊക്കെ ഉണ്ടാകും. സാധാരണയിൽ കൂടുതൽ പണം കൈവശമുള്ളവരാണ് ഭ്രമത്തിന്റെ പേരിൽ പുരാവസ്തുക്കൾ വാങ്ങിക്കൂട്ടാറുള്ളത്. മോൻസൺ ഇവിടെ എല്ലാവരെയും കടത്തിവെട്ടി ദ്വാപരയുഗത്തിലുള്ള ശ്രീകൃഷ്ണന്റെയും അതിപുരാതന കാലത്തെ മോശയുടെയും രണ്ടായിരം വർഷങ്ങൾക്കപ്പുറമുള്ള യേശുവിന്റെയും കാലത്തെ വസ്തുക്കളാണ് വില്‌ക്കാൻ വച്ചിരുന്നത്. പുരാവസ്‌തുക്കളിൽ പലതും വാങ്ങിയവർ കേരളത്തിൽത്തന്നെ കാണും. ഇവരിൽ പലരും കോടീശ്വരന്മാരായിരിക്കും. അവരൊന്നും ഇപ്പോൾ ഒന്നും മിണ്ടാത്തതിനാൽ പലതും പുറത്തുവരുന്നില്ലെന്ന് മാത്രം. എന്തായാലും ധനനഷ്ടമുണ്ടായി ഇനി മാനഹാനി കൂടി വേണ്ടെന്ന് കരുതുന്നതാകാം കാരണം. കോടീശ്വരന്മാർ ഇത്ര മണ്ടന്മാരാണോ എന്ന് മലയാളി ഇപ്പോൾ ചിന്തിക്കുകയാണ്.

മുൻ ഡി.ജി.പി പോയി 'ടിപ്പുവിന്റെ സിംഹാസന"ത്തിൽ ഇരിക്കുന്നതിന്റെയും വാളൂരിപ്പിടിച്ച് എ.ഡി.ജി.പി അംഗരക്ഷകനെപ്പോലെ നിൽക്കുന്നതിന്റെയും ഉൾപ്പെടെ പല പ്രമുഖരുടെയും ചിത്രങ്ങൾ പുറത്തായി. ഇനിയും പല ചിത്രങ്ങളും പുറത്താകാനുണ്ട് . ചില ചിത്രങ്ങൾ ഒരിക്കലും പുറത്തുവന്നില്ലെന്നും വരും. മോൻസണിനൊപ്പം ഫോട്ടോയിൽ വന്നവരെല്ലാം ഇയാളുടെ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കരുതാനാവില്ല. എന്നാലും അതൊരു മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. പക്ഷേ പൊലീസിന്റെ ഉന്നത പദവിയിലിരിക്കുന്നവർ ഇയാളുടെ വസതി സന്ദർശിക്കുകയും ഫോട്ടോയെടുക്കാൻ അനുവദിക്കുകയും ചെയ്തതിന് പിന്നാലെ ഇയാളുടെ വസതികൾക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്താനുള്ള നിർദ്ദേശം നൽകിയത് ഗുരുതരമായ തെറ്റാണ്. ഇതിന്റെ പിന്നിൽ പണത്തിന്റെ തിളക്കം ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അതിനാൽ ഔദ്യോഗികമായി ഉന്നതപദവി വഹിക്കുന്നവരും മന്ത്രിമാരും രാഷ്ട്രീയപ്രമുഖരും ഇത്തരം കളങ്കിത വ്യക്തിത്വങ്ങളെ അകറ്റിനിറുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സോളാർ, നയതന്ത്ര സ്വർണക്കടത്ത്, ടോട്ടൽ ഫോർ യു, പോപ്പുലർ തുടങ്ങി എത്രയെത്ര തട്ടിപ്പുകൾ ഓരോ ഇടവേളയിലും ഇവിടെ ആവർത്തിക്കുന്നു. ഇതിൽനിന്ന് ഉന്നതരും സാധാരണക്കാരും ഒരു പാഠവും പഠിക്കുന്നില്ലെന്നാണോ മനസിലാക്കേണ്ടത്. കൃത്യമായ ഇടവേളയിൽ ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നതിനാൽ തട്ടിപ്പിലൂടെ പണമുണ്ടാക്കിയാൽ സംഭവിക്കുന്ന നാണക്കേടുപോലും കുറെക്കാലം കഴിയുമ്പോൾ അതേ പണംകൊണ്ട് മറയ്ക്കാമെന്ന വിചാരം ഇത്തരക്കാരിൽ രൂഢമൂലമാണെന്ന് കരുതേണ്ടിയിരിക്കുന്നു. നിയമ സംവിധാനം സുതാര്യവും സുശക്തവുമാകാതെ ഇത്തരക്കാരെ ഒതുക്കാനാവില്ല. അതുവരെ ഇത് വീണ്ടും തുടരാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MONSON MAVUMKAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.