SignIn
Kerala Kaumudi Online
Friday, 27 May 2022 7.03 PM IST

അകലമില്ലാത്ത ഉമ്മൻ ചാണ്ടി

oommen-chandy

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ അടുത്തിടെയാണ് സമാപിച്ചത്. സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനും പെരുമ്പടവം ശ്രീധരനുമൊപ്പം ഞാനും പങ്കെടുത്തു സംസാരിച്ചു. ഒരു ചെറിയ സദസിന്റെ മുന്നിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാവരും കേൾക്കേ ഒന്നുറക്കെ പറയണമെന്നു തോന്നി.

ഒരേ നിയോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി അമ്പതുകൊല്ലം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയെന്ന അപൂർവമായ അംഗീകാരം ലഭിച്ച, രാജ്യത്തെ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയല്ലാതെ മറ്റാരുമല്ല. പുതുപ്പള്ളിയെന്നത് ഉമ്മൻ ചാണ്ടിയെന്ന പേരിന്റെ പര്യായമായി.

ഉമ്മൻ ചാണ്ടിയുടെ അസാധാരണ വിജയത്തിന്റെ രഹസ്യമെന്താണ്? പുതുപ്പള്ളിയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിക്കുന്ന എം.എൽ.എ.യെന്നതിലുപരി അവിടുത്തെ സർവജനങ്ങൾക്കും ഉമ്മൻചാണ്ടി സുഹൃത്താണ്, സർവസ്വവുമാണ്. ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഉമ്മൻചാണ്ടി അവർക്കൊപ്പമാണ്.
പുതുപ്പള്ളിക്കാരുടെ നിത്യജീവിതത്തിലെ ദുരിതമകറ്റാൻ അവർ സഹായം തേടിയെത്തുന്നത് ഉമ്മൻ ചാണ്ടിയുടെ അരികിലാണ്. ഉമ്മൻ ചാണ്ടിയെ ആർക്കും എപ്പോഴും കാണാം, എന്തും പറയാം, എന്തു സഹായവും ചോദിക്കാം. ജനപ്രതിനിധിയും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കേരളത്തിലെ ആദ്യത്തെ എം.എൽ.എ. ഉമ്മൻ ചാണ്ടിയാണെന്ന് ഞാൻ വിലയിരുത്തുന്നു.

നിയമസഭയിൽ പങ്കെടുക്കുകയും വികസനത്തിന് നേതൃത്വം നല്കുകയും ചെയ്തിരുന്ന കേരളത്തിലെ എം.എൽ.എ.മാർ ഉമ്മൻചാണ്ടിയെ അനുകരിക്കാൻ നിർബന്ധിതരായി. ജനകീയനാവാനും അതുപോലെ ജനസേവനം നടത്താനുമുള്ള ജനകീയ പ്രവർത്തനശൈലി നമ്മുടെ എം.എൽ.എ.മാർക്ക് സംഭാവന ചെയ്തത് ഉമ്മൻ ചാണ്ടിയാണ്.

മുഖ്യമന്ത്രിയായപ്പോഴും ഇതേ ജനകീയശൈലിയാണ് ഉമ്മൻചാണ്ടി പിന്തുടർന്നത്. ഭരണത്തലവനും ജനങ്ങളുമായുള്ള അകലം കുറച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആവശ്യങ്ങളും ആവലാതികളും പറയുന്നവർക്ക് നേരിട്ടുള്ള ഇടപെടലിലൂടെ പരിഹാരവും, ആശ്വാസവും നല്കിയ ഭരണാധികാരിയാണ് . ഭരണത്തിലെ ചുവപ്പുനാട പൊട്ടിച്ചെറിഞ്ഞുകൊണ്ട്, 'സർക്കാർ കാര്യം മുറപോലെയല്ല, അതിവേഗമാണ് നടക്കേണ്ട'തെന്ന് തെളിയിച്ച ഉമ്മൻചാണ്ടിയുടെ ജനകീയ ഭരണശൈലിയ്ക്കു കിട്ടിയ അംഗീകാരമാണ് ഐക്യരാഷ്ട്രസഭയുടെ അവാർഡ്.

ഒരു ഫോൺ കോളിലൂടെ എറണാകുളത്ത് ഹൃദയ ശസ്ത്രക്രിയ നടത്തി ഒരു ജീവൻ രക്ഷിച്ച സംഭവം ഡോക്ടർ നന്ദിപൂർവം അനുസ്മരിച്ചത് പത്രങ്ങളിൽ വായിച്ചവർ മറന്നിരിക്കില്ല. എത്രയെത്ര ഫോൺകോളുകളിലൂടെ എത്രയെത്ര ജീവനുകൾ രക്ഷിച്ചു, എത്രയെത്ര പേരുടെ മോചനം സാധിച്ചു എന്നതിന്റെ അനുഭവങ്ങൾ പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞതും കേരളീയർ മറന്നിട്ടില്ല.
ജനകീയത പോലെയാണ് ഉമ്മൻ ചാണ്ടിയുടെ മനുഷ്യസ്‌നേഹവും. കാരുണ്യവും കരുതലുമാണ് ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ തെളിവുകൾ. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും അവതാരമാണ് ഉമ്മൻചാണ്ടി.
സഹിഷ്ണുതയും സ്‌നേഹവും ദൈവവിശ്വാസവും ലാളിത്യവും വിനയവും എല്ലാംകൂടി ചേരുംപടി ചേർത്ത് ദൈവം സൃഷ്ടിച്ച പച്ചയായ മനുഷ്യനാണ് ഉമ്മൻ ചാണ്ടിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വീട്ടിലോ നാട്ടിലോ ഉമ്മൻചാണ്ടി ആരോടും ക്ഷോഭിക്കുന്നതോ പൊട്ടിത്തെറിക്കുന്നതോ ആരും കണ്ടിട്ടില്ല. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അക്രമത്തിനും മുമ്പിൽ അക്ഷോഭ്യനായി നില്ക്കുന്ന ഉമ്മൻചാണ്ടി സഹിഷ്ണുതയുടെ കൊടുമുടിയിലെത്തിയ ജനാധിപത്യ നായകനാണ്. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ ജീവിതവിജയത്തിനും, രാഷ്ട്രീയത്തിലെ വിജയത്തിനുമുളള കാരണങ്ങൾ. രാഷ്ട്രീയപ്രവർത്തകർക്കും, ജീവിതത്തിലെ വിവിധ മേഖലകളിലെ നേതാക്കൾക്കും, ജീവിതവിജയത്തിനു വഴിതേടുന്ന യുവാക്കൾക്കും റോൾ മോഡലാക്കാവുന്ന നേതാവാണ് ഉമ്മൻചാണ്ടി. ലക്ഷ്യബോധവും, നിശ്ചയദാർഢ്യവും, ആത്മാർത്ഥതയും കഠിനാദ്ധ്വാനവും സത്യസന്ധതയും സർവോപരി ദൈവവിശ്വാസവും മനുഷ്യസ്‌നേഹവുമാണ് ഉമ്മൻ ചാണ്ടിയെന്ന
വ്യക്തിയുടെ, നേതാവിന്റെ, ഭരണാധികാരിയുടെ വിജയത്തിനു പിന്നിലുള്ളത്‌

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OOMMENCHANDY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.