SignIn
Kerala Kaumudi Online
Saturday, 27 April 2024 5.35 AM IST

കിഴക്കൻ മലനിരകളിലുണ്ട് അഴകുളള കാഴ്ചകൾ..

news
നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല

കുറ്റ്യാടി : കൊവിഡ് അകന്നുതുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമായി. നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകളും അപൂർവയിനം സസ്യ- ജൈവസമ്പത്തും ഔഷധസസ്യങ്ങൾ, പക്ഷികൾ മൃഗങ്ങൾ, കാട്ടാറുകൾ, പ്രകൃതിദത്ത നീരുറവകൾ തുടങ്ങി ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കിഴക്കൻ മലയോരം വിനോദ സഞ്ചാരികളുടെ പറുദീസയാവുകയാണ്. പ്രകൃതി സ്നേഹികളെയും സാഹസിക സഞ്ചാരികളെയും ആകർഷിക്കുന്ന കിഴക്കൻ മലനിരകൾ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് കൂടിയാണ് വഴി തുറക്കുന്നത്.

കുന്നുമ്മൽ, നരിപ്പറ്റ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, വാണിമേൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ടൂറിസം ഹോട്ട് സ്പോട്ടുകളാണ്. കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ നാദാപുരംമുടി, വയനാടൻ ചുരത്തിന് സമീപത്തെ കാവിലുംപാറ എന്നിവ വികസനം കൊതിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. കൊരണപ്പാറയിൽ നിന്നുളള ഉദയാസ്തമയങ്ങൾ കാണേണ്ടതു തന്നെയാണ്. സൂര്യനെ ഇത്രയടുത്തുനിന്ന് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുക അപൂർവം. കൊടുംവേനലിലും വറ്റാത്ത തണൽതട്ട് തടാകം ഇതിനടുത്താണ്. കാട്ടുമൃഗങ്ങൾ ദാഹമകറ്റാനെത്തുന്നത് പതിവ് കാഴ്ചയാണ്. കായക്കൊടി പഞ്ചായത്തിലെ ചങ്ങരംകുളത്തിനടുത്തുള്ള കൊളാട്ടാ ഏതു കാലാവസ്ഥയിലും ജലസമൃദ്ധമാണ്. ശുദ്ധജല മത്സ്യങ്ങളുടെ കലവറ കൂടിയാണ് ഏകദേശം 8 ഏക്കറോളം വിസ്തീർണമുള്ള ഈ ജലാശയം. ദേശാടന പക്ഷികൾ വിരുന്നെത്തുന്നത് ഇവിടുത്തെ കുളിർപകരും കാഴ്ചയാണ്. ഹിമാലയൻ കൊക്കുകളാണ് മുഖ്യ ആകർഷണം. കൊളാട്ടയിൽ ബോട്ടിംഗ് ഏർപ്പെടുത്തിയാൽ സഞ്ചാരികളെ ഏറെ ആകർഷിക്കാനാവും. സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശം വിട്ടുകിട്ടാൻ പഞ്ചായത്ത് നടപടി തുടങ്ങിയെങ്കിലും സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി , കമ്മായി മലകളും ഇതിനോട് ചേർന്നു കിടക്കുന്ന മരിയഗിരി, പുള്ളിപ്പാറയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങൾ തന്നെ. ഇതിലൂടെ ചുരമില്ലാ റോഡ് യാഥാർത്ഥ്യമായാൽ വയനാട്ടിലെത്താം. അപൂർവയിനം സസ്യ-ചിത്രശലഭങ്ങളാൽ സമ്പന്നമായ ജാനകിക്കാടാണ് മറ്റൊരു പ്രധാന ടൂറിസം കേന്ദ്രം. വാണിമേൽ പഞ്ചായത്തിലാണ് തിരി കക്കയം വെള്ളച്ചാട്ടം. 150 അടി ഉയരത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളചാട്ടം സഞ്ചാരികളുടെ മനം കുളിർപ്പിക്കും. എന്നാൽ ദിവസവും നിരവധി സന്ദർശകരെത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങൾ കുറവായതിനാൽ അപകടം പതിവാണ്. കോഴിക്കോടിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ കിഴക്കൻ മലയോരവും ഇടംനേടുന്നതോടെ വലിയ തൊഴിൽ സാദ്ധ്യത തുറക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.