വടകര: വിനോദസഞ്ചാര കേന്ദ്രമായ വടകര സാൻഡ് ബാങ്ക്‌സിൽ പ്രദേശവാസികളുടെ കളിസ്ഥലം കൈയേറിയാവരുത് വികസനം നടപ്പാക്കേണ്ടതെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. പാർക്കിംഗിനും മറ്റുമായി കളിസ്ഥലം ഇല്ലാതാക്കുകയാണ് ടൂറിസം വകുപ്പ്.
സാൻഡ് ബാങ്ക്‌സ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. പ്രശ്‌നം അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതാണ്. എന്നാൽ ഇതെല്ലാം കാറ്റിൽപറത്തിയാണ് ഇപ്പോൾ പ്രവൃത്തി നടത്തുന്നത്. പാർക്കിംഗിന് പറ്റിയ സ്ഥലം അടുത്തുതന്നെയുണ്ടായിട്ടും കളിസ്ഥലം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.എൽ.എ പറഞ്ഞു.
ഈ പ്രശ്നത്തിൽ വകുപ്പുതലത്തിൽ ഉടൻ പരിഹാരം കാണണം. റോഡരികിൽ നിറുത്തുന്ന വാഹനങ്ങളിൽ നിന്നു പോലും പണം പിരിക്കുകയാണിപ്പോൾ. പാർക്കിംഗിന് സ്ഥലം ശരിയാക്കിയശേഷം മാത്രമേ പണപ്പിരിവ് പാടുള്ളു എന്നും കെ.കെ രമ പറഞ്ഞു.