SignIn
Kerala Kaumudi Online
Friday, 20 September 2024 1.49 AM IST

വളയമില്ലാതെ ചാടരുത്

Increase Font Size Decrease Font Size Print Page

photo

സിൽവർലൈൻ എന്ന കെ റെയിൽ പദ്ധതിക്ക് വേണ്ടിവരുന്ന ഭീമമായ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ ആർക്കും ഇപ്പോഴും രൂപമില്ല. പദ്ധതി നടപ്പാക്കുമ്പോൾ കുടിയിറക്കേണ്ടി വരുന്ന പതിനായിരങ്ങളെ എവിടെ കുടിയിരുത്തുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടില്ല. പക്ഷേ സർക്കാർ, ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അത് സംശയങ്ങൾ ഉയർത്തുന്നു. 'സിൽവർലൈൻ'പദ്ധതിക്ക് ഇപ്പോഴത്തെ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 65000 കോടി രൂപയാണ്. ഇതിന്റെ 28 ശതമാനം (18,200 കോടി ) സംസ്ഥാന സർക്കാരും, ഇരുപത് ശതമാനം (13,000 കോടി രൂപ ) കേന്ദ്ര സർക്കാരും നൽകണം. ബാക്കി 52 ശതമാനം തുക വിവിധ വിദേശ ഏജൻസികളിൽ നിന്നും സമാഹരിക്കാനാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 560 കിലോമീററർ ദൂരം സെമി ഹൈസ്പീഡ് റെയിൽ നിർമിക്കാനാണ് ഈ പദ്ധതി.

ട്രെയിനിന്റെ വേഗത
മണിക്കൂറിൽ 200 കി മി.

11 ജില്ലകളിലൂടെ കടന്ന് പോകുന്ന റെയിൽപാതയ്‌ക്ക് 1483 ഹെക്ടർ ഭൂമി അക്വയർ ചെയ്യണം. ഇതിൽ 1298 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടേതും 185 ഹെക്ടർ ഭൂമി റെയിൽവേയുടേതുമാണ്. ഈ പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ടും ഡിറ്റയിൽഡ് പദ്ധതി റിപ്പോർട്ടും അലൈൻമെന്റുമെല്ലാം സർക്കാർ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാൻ 61,000 കോടി രൂപയും റെയിൽവേയുടെ ഭൂമി ഏറ്റെടുക്കാൻ 975 കോടി രൂപയും വേണം. 200 കി.മി
വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമെന്നതിനാൽ ഇരുവശത്തും ഭിത്തിയോ ഫെൻസിംഗോ വേണം.

ഈ പദ്ധതിക്കായി 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടിവരും. 145 ഹെക്ടർ നെൽവയൽ നികത്തപ്പെടും. 1000 മേൽപ്പാലങ്ങളോ അടിപാതകളോ നിർമിക്കേണ്ടിവരും. കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് 2018 ൽ തത്വത്തിൽ അനുമതി നൽകിയിട്ടുള്ളത്. പക്ഷേ കേരളത്തിൽ ഭൂനിരപ്പിലൂടെയാണ് പാത കടന്നു പോകുന്നതെന്നാണ് അതിൽ കാണുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി 2020 ആഗസ്റ്റ് 18 ന് ഈ പദ്ധതി വിശദമായി വിലയിരുത്തിയ ശേഷം ഉപേക്ഷിച്ചു എന്നതാണ് വസ്തുത. ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് 2020 സെപ്തംബർ മൂന്നിന് കേന്ദ്ര ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ബുദ്ധദേവ് തുടു സംസ്ഥാന സർക്കാരിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും കേന്ദ്ര അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച പദ്ധതിയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം സംസ്ഥാന റവന്യൂവകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ റവന്യൂമന്ത്രിയും അംഗീകരിച്ച ഈ നിർദ്ദേശം മറികടന്നാണ് 2020 സെപ്‌തംബർ 22 ന് ലാന്റ് അക്വിസിഷൻ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. തുടർനടപടികളാണ് ഇപ്പോൾ നടക്കുന്നത്.

പദ്ധതി നടപ്പിലാക്കാനുള്ള 29ശതമാനം തുക, അതായത് 13,000 കോടി രൂപ കേന്ദ്ര ധനകാര്യവകുപ്പാണ് നൽകേണ്ടത്. കേന്ദ്രം അംഗീകരിക്കാത്ത സ്ഥിതിക്ക് ഈ കേന്ദ്രവിഹിതം എങ്ങനെ ലഭിക്കും? ഇത്ര ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സാമൂഹിക ആഘാത പഠനമോ, സാമ്പത്തിക ആഘാത
പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്തിയതായി അറിയില്ല. വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര ആണ് പദ്ധതിയുടെ കൺസൾട്ടന്റ്.

കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ മൂന്ന് വർഷത്തെ കൺസൾട്ടൻസി കരാറാണ് സിസ്ട്രയ്‌ക്ക് നൽകിയിരിക്കുന്നത്. ഫീസ് 27 കോടി രൂപ. 12.2. കോടി രൂപ നൽകുകയും ചെയ്തു. വിദേശത്ത് നിന്നുള്ള പല ധനകാര്യ ഏജൻസികളെയും സാമ്പത്തിക സഹായത്തിന് സമീപിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തിന്റെ ഭൂമി വിദേശ ഏജൻസികൾക്ക് പണയംവച്ച് പണം കടമെടുക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ ദൂരീകരിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രസിദ്ധപ്പെടുത്തി ബന്ധപ്പെട്ട കക്ഷികളെ വിശ്വാസത്തിലെടുത്ത് കൊണ്ട് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഞാൻ 25.11.2020 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ബുള്ളറ്റ് ട്രെയിൻ എന്ന ആശയം വന്നിരുന്നതാണ്. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി പഠനം നടത്തി പദ്ധതി റിപ്പോർട്ടും തയ്യാറാക്കി. ഇപ്പോഴത്തെ പദ്ധതിയെക്കാൾ മികച്ചതാണത്. 320 കിലോമീറ്റർ സ്പീഡിൽ ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് കാസർകോട്ട് എത്തുന്ന പദ്ധതി. ഇത്രയും പണച്ചെലവുമില്ല. അന്ന് പതിവ് പോലെ ഇടതുമുന്നണി ആ പദ്ധതിയെ ശക്തിയായി എതിർക്കുകയാണ് ചെയ്തത്. ഇ.ശ്രീധരന്റെ ആ പദ്ധതി
എന്തിന് ഉപേക്ഷിച്ചു എന്നതിന് സർക്കാർ മറുപടി നൽകണം. മുമ്പ് എക്‌സ്പ്രസ് ഹൈവേ പദ്ധതി യു.ഡി.എഫ് കൊണ്ടു വന്നപ്പോഴും ഇടതു മുന്നണി അതിശക്തമായാണ് അതിനെ എതിർത്തത്.

കേരളത്തിന് ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന, ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുന്ന ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന ജനങ്ങൾ ഇരുട്ടിൽത്തപ്പുകയാണ്. ഭൂമി ഏറ്റെടുക്കലിലേക്ക് എടുത്തു ചാടും മുൻപ് ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണ്. വളയമില്ലാതെ ചാടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K-RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.