SignIn
Kerala Kaumudi Online
Wednesday, 06 July 2022 5.41 AM IST

കാലഹരണപ്പെടരുത് നമ്മുടെ ഗാന്ധി

gandhiji

എല്ലാ ഒക്ടോബർ രണ്ടും ഗാന്ധിജയന്തിയായി രാഷ്ട്രം കൃത്യമായി ആചരിക്കുന്നു. ജനുവരി 30ന് മഹാത്മാവിന്റെ രക്തസാക്ഷിത്വവും നമ്മളോർക്കുന്നു. എല്ലാ തലമുറകൾക്കും രാഷ്ട്രപിതാവിനോടുള്ള വൈകാരികബന്ധം ഒരു പോലെയല്ല. അറുപത് വയസിനു മുകളിലുള്ളവർ മനസിലാക്കിയിരിക്കുന്നതു പോലെയല്ല ഇരുപത്തിയഞ്ചിന് താഴെയുള്ളവർ സാമാന്യമായി മഹാത്മജിയെ ഉൾക്കൊള്ളുന്നത്. രണ്ടുവർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ചില കോളേജുകളിലും കൂട്ടായ്മകളിലും ഗാന്ധിജിയുടെ പ്രസക്തിയെക്കുറിച്ച് ഞാൻ മുപ്പതോളം പ്രഭാഷണങ്ങൾ നടത്തി. പാലക്കാട്ടെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിലെ പെൺകുട്ടി ഉന്നയിച്ച ചോദ്യം ആ തലമുറയുടെ ആത്മാർത്ഥമായ സന്ദേഹമായി ഞാനിപ്പോഴും ഓർക്കുന്നു. നവസാങ്കേതിക വിദ്യകൾ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, യന്ത്രങ്ങളെയും സങ്കേതിക വിദ്യയേയും എതിർത്തിരുന്ന മഹാത്മാഗാന്ധിയെ പുതിയ തലമുറയ്ക്ക് എങ്ങനെ ഉൾക്കൊള്ളാനാകും?' ആ വിദ്യാർത്ഥി തികഞ്ഞ ബോദ്ധ്യത്തോടെയാണ് സംസാരിച്ചത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി തിരയേണ്ടത് അദ്ദേഹം വ്യക്തമായി നിർവചിച്ച ഏഴു പാപങ്ങൾ വിശകലനം ചെയ്തുകൊണ്ടായിരിക്കണം. 'അദ്ധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത സുഖങ്ങൾ, സ്വഭാവശുദ്ധിയില്ലാത്ത അറിവ്, നീതിബോധമില്ലാത്ത വാണിജ്യം, മാനവികതയില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത മതം, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം': ഇവയാണ് ആ സപ്തപാപങ്ങൾ. ((Sin എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചതെങ്കിലും നമുക്കവയെ അധാർമ്മികത എന്ന് പരാവർത്തനം ചെയ്യാം.) അസ്വീകാര്യമെന്നും അധാർമ്മികമെന്നും ഗാന്ധിജി എന്തിനെയെല്ലാം വിശേഷിപ്പിച്ചുവോ അവയുടെയെല്ലാം നിർലജ്ജമായ ആസുര മഹോത്സവമാണ് നമുക്ക് ചുറ്റും നടക്കുന്നതെന്നും, അവയുടെ ആസുരത നാൾക്കുനാൾ വളരുന്നുവെന്നും മനസിലാക്കാനെങ്കിലും ധാർമ്മികതയുടെ ഈ ലളിതമായ സൂത്രവാക്യം നമ്മളെ സഹായിക്കും.
'അദ്ധ്വാനമില്ലാത്ത സമ്പത്ത് ' കൊണ്ട് ജീവിതം ആഘോഷമാക്കാൻ പുറപ്പെടുകയും, അതിനുവേണ്ടി യുക്തിരാഹിത്യത്തിന്റെയും അഹന്തയുടെയും ഏതു സീമവരെയും പോകാമെന്നു വിശ്വസിക്കുകയും ചെയ്യുന്ന എത്രയെത്ര അവതാരപുരാണങ്ങളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത് ! (ഗാന്ധിജിയെക്കുറിച്ചുള്ള ഈ കുറിപ്പിൽ അവരുടെയൊക്കെ പേരുകൾ ഉൾപ്പെടുത്താൻ എനിക്ക് മനസ് വരുന്നില്ല.) ചില്ലറ കൈക്കൂലി മുതൽ, അന്താരാഷ്ട്ര ശൃംഖലകളുള്ള തട്ടിപ്പുസംഘങ്ങൾ വരെ അദ്ധ്വാനമില്ലാതെ സമ്പത്തു നേടുകയെന്നതു ജീവിതമാർഗമായി തിരഞ്ഞെടുത്തവരാണ്. ആ പണം കൊണ്ട് 'മനഃസാക്ഷിയില്ലാത്ത സുഖങ്ങൾ' അനുഭവിക്കണമെന്ന് കിനാവ് കാണുന്നവരാണ്. ഇന്റർനെറ്റിൽ വൈറസുകൾ എന്ന കുത്സിത പ്രോഗ്രാമുകൾ കടത്തിവിട്ട് പണം തട്ടുന്നവർക്കും വളരെ ആലോചനയോടെ സൈബർ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തു നിരോധിത പ്രവൃത്തികൾ നടത്തുകയും ചെയ്യുന്നവർക്കുമെല്ലാം വേണ്ടുവോളം വിദ്യാഭ്യാസവും അറിവുമുണ്ട്.. വലിയ പണച്ചെലവുള്ള ആവശ്യമില്ലാത്ത പരിശോധനകൾ നടത്തുകയും, അമിതവിലയുള്ള മരുന്നുകൾ അനാവശ്യമായി രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം ഡോക്ടർമാരില്ലേ? അവർക്കൊക്കെ അറിവിന് കുറവില്ല; പക്ഷെ അവരുടെ അറിവുകൾക്ക് ഒരു കളങ്കമുണ്ട്. അത്
സ്വഭാവശുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്നില്ല. .
'കച്ചവടത്തിലെ നൈതികതയില്ലായ്മ'യുടെ ഇരകളാണല്ലോ ബഹുഭൂരിപക്ഷം രോഗികളും കടബാധ്യതയിൽ നിത്യം കിടക്കുന്നവരും. മായം ചേർത്ത ഭക്ഷണം വില്‌ക്കുന്നവരും രോഗകാരികളായ വസ്തുക്കൾ പ്രചരിപ്പിക്കുന്നവരും വ്യാജമരുന്ന് നിർമ്മിക്കുന്നവരും, ചതിക്കുന്ന കരാറുകളിൽ സാധുക്കളെക്കൊണ്ട് ഒപ്പിടുവിക്കുന്നവരുമെല്ലാം കച്ചവടത്തിൽ അധർമ്മം പ്രവർത്തിക്കുന്നു. ആഗോളവമ്പന്മാരും പ്രദേശിക വ്യാജന്മാരും തമ്മിൽ അടിസ്ഥാന വ്യത്യാസമൊന്നുമില്ല. പ്രാദേശികചൂഷകൻ മലയാളത്തിലും, ആഗോളതസ്‌കരൻ ഇംഗ്ലീഷിലും പറ്റിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.. 'മാനവികതയില്ലാത്ത ശാസ്ത്ര'ത്തിന്റെ പ്രകടമായ ഉദാഹരണം യുദ്ധങ്ങൾ തന്നെ. ഇന്ന് വ്യാപകമായി നമ്മൾ സംശയിക്കുന്ന ജൈവായുധങ്ങൾ, ന്യൂക്ലിയർ ആയുധങ്ങൾ, പ്രകൃതിയെ ചൂഷണം ചെയ്യുകയും മലീമസമാക്കുകയും ഭൂമിയുടെ നിലനില്‌പ്പ് തന്നെ ആപത്തിലാക്കുകയും ചെയ്യുന്ന ശാസ്ത്ര സങ്കേതിക വിദ്യകൾ ഇവയെല്ലാം
ശാസ്ത്രത്തിന്റെ മാനവികതയില്ലാത്ത പ്രയോഗങ്ങളത്രെ.

ഇന്നത്തെ ലോകത്തിലേറ്റവും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് മതമാണ്. അഥവാ മതത്തിന്റെ പേരിൽ നടക്കുന്ന പ്രഹസനങ്ങളാണ്. യഥാർത്ഥ മതത്തിൽ സ്വാർത്ഥമില്ല, അതിൽ ത്യാഗമേയുള്ളൂ. ഈ ഉള്ളറിവുണ്ടാകുമ്പോൾ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു മതസങ്കുചിതത്വം മാനവികതയുടെ സർവശ്ലേഷിയായ സ്‌നേഹമതമായി വളരും. സമർപ്പണവും സഹനവും ത്യാഗവുമാണ് അതിനാവശ്യം. അഹന്തയും, അസഹിഷ്ണുതയും സുഖഭോഗവുമല്ല. സപ്തപാപങ്ങളിലെ 'തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ'മെന്ന പാപം എന്താണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? തത്വാധിഷ്ഠിതവും ധർമ്മധീരവുമായ രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ ജനങ്ങളെ നന്മയിലേക്കും ശാന്തിയിലേക്കും നയിക്കാനാവൂ. ഗാന്ധിജിയുടെ ആശയസൗധം പണിതുയർത്തിയിരിക്കുന്നത് അഹിംസയുടെ അടിത്തറയിലാണല്ലോ. ഇത്രയും കാര്യങ്ങളിൽ നേർവഴി നടക്കുന്ന ഒരു സമൂഹത്തിൽ ഹിംസ ഉണ്ടാവുകയില്ല. നമ്മുടെ സമകാല സമൂഹത്തിൽ അനുദിനം ഹിംസാത്മകത പെരുകുന്നുവെങ്കിൽ അത് നമുക്ക് സംഭവിച്ചു കഴിഞ്ഞ പതനത്തിന്റെ സാക്ഷ്യം മാത്രം.
'കാലഹരണപ്പെട്ട ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ രണ്ടിന് പതിവുള്ള അനുബന്ധ പരിപാടികളോടെ എല്ലാ വർഷവും രാഷ്ട്രം ആഘോഷിക്കും. ഗാന്ധിജിക്കിപ്പോൾ പ്രസക്തിയൊന്നുമില്ല എന്ന വിചാരത്തിന്റെ വേതാളയുക്തിയിൽ നിന്ന് ആദ്യമേ രക്ഷ നേടേണ്ടതുണ്ട്.. ഗാന്ധിജി മറ്റൊരു പാത കാണിച്ചു തരുന്നുണ്ട്. നമ്മൾ ആ വഴി നടക്കുന്നില്ലായിരിക്കാം. പക്ഷെ ആ വഴി അവിടെയുണ്ട്. ആ ഓർമ്മപ്പെടുത്തലാണ് ഗാന്ധിസ്മൃതിയുടെ പ്രസക്തി. അപ്രസക്തനായ ഗാന്ധിജിയെ വെറുതെ ഓർക്കാനല്ല, ഒരോ ജീവിതത്തിലും വീണ്ടെടുപ്പ് സാദ്ധ്യമാക്കുന്ന ഗാന്ധിയൻ ചിന്തയുടെ അമരത്വം തിരിച്ചറിയാനാണ്
നിരന്തരം ശ്രമിക്കേണ്ടത്. ഗാന്ധിജി അപ്രസക്തനാണെന്നു പ്രചരിപ്പിക്കുന്നവർ 'ഞങ്ങൾ നന്നാവില്ല ; എന്ന് സ്വയം വിളംബരം ചെയ്യുകയാണ്. കണ്ണ് തുറന്നുനോക്കൂ. ധർമ്മത്തിന്റെയും സത്യത്തിന്റെയും ഒരു പ്രകാശ വഴി അതാ അവിടെയുണ്ട്. ഇനിയും വൈകുന്നതിനു മുൻപ് ആ ഗാന്ധിവീഥിയിലേക്കു നടന്നടുക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. അതാണ് സുസ്ഥിരവും സമാധാനപൂർണവുമായ വഴിയെന്ന് കുട്ടികളോട് പറയുകയെങ്കിലും ചെയ്യാം. ഇല്ലെങ്കിൽ, നാളെ, ഗാന്ധിജി ആരെന്നു ചോദിച്ചാൽ 'നോട്ടിലിരുന്ന് ചിരിക്കുന്ന വയസൻ' എന്ന ഉത്തരം കേട്ട് ബോധം കെടേണ്ടി വന്നേക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR, GANDHI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.