കൊച്ചി: പത്ത് രൂപയ്ക്ക് ഇനി ഉച്ചഭക്ഷണം കഴിക്കാം. കൊച്ചി കോർപ്പറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടൽ വൈകിട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. എറണാകുളം നോർത്ത് പരമാര റോഡിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലാണ് ഉദ്ഘാടന വേദി. ഇവിടെയുള്ള കേന്ദ്രീകൃത അടുക്കളയിലാണ് ആഹാരപദാർത്ഥങ്ങൾ പാകം ചെയ്യുന്നത് . മിതമായ നിരക്കിൽ നഗരത്തിൽ ഏവർക്കും ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ കോർപ്പറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എൻ.യു.എൽ.എം. പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത കിച്ചനാണ് ഹോട്ടലിൽ തയ്യാറാക്കിയിട്ടുളളത്. ഇവിടേക്ക് ആവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പാണ് സംഭാവന ചെയ്തിരിക്കുന്നത്. സ്കൂൾ ഒഫ് ആർക്കിടെക്ട് (എസ്.സി.എം.എസ്.) ഹോട്ടലിന്റെ രൂപകൽപ്പന നിർവഹിച്ചു.
കൊച്ചി കോർപ്പറേഷനിലെ കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തിൽ ഹോട്ടലിലെ തൊഴിലാളികൾ. സാമ്പാർ അല്ലെങ്കിൽ ഒരു ഒഴിച്ചുകറി,തോരൻ,അച്ചാർ എന്നിവയാണ് ഉൗണിനുള്ള വിഭവങ്ങൾ. സ്പെഷ്യൽ ആവശ്യമുള്ളവർക്ക് അതും ലഭിക്കും. അതിന് വേറെ കാശ് നൽകണമെന്നു മാത്രം. അധികം വൈകാതെ പ്രഭാതഭക്ഷണവും അത്താഴവും ഇവിടെ ലഭ്യമാകും. കുടുംബശ്രീ ഒൗട്ട്ലെറ്റുകൾ വഴി കേന്ദ്രീകൃത അടുക്കളയിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം എത്തിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ജില്ല മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എ.ഐ.എഫ്.ആർ.എച്ച്.എമ്മാണ് ജനകീയ ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകിയത്.
ഉദ്ഘാടനചടങ്ങിൽ മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനാകും.ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബാലാൽ, ടി.കെ.അഷ്‌റഫ്, പി.ആർ.റെനീഷ്, സുനിൽ ഡിക്‌സൺ,സനിൽമോൻ . ജെ,എൻ.യു.എൽ.എം സിറ്റി പ്രൊജക്‌ട് ഓഫീസർ ഡോ.ചിത്ര വി.ആർ തുടങ്ങിയവർ പങ്കെടുക്കും.