കയ്പമംഗലം: ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ആശുപത്രിയിലെ ഫാർമസിക്ക് മുന്നിൽ പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് ഭർത്താവിനോടൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു. ഊഴം കാത്ത് നിൽക്കുന്നതിനിടെ ശൗചാലയത്തിൽ പോയ യുവതി അവിടെയെത്തുന്നതിന് മുമ്പേ വരാന്തയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും പ്രസവിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു.