SignIn
Kerala Kaumudi Online
Tuesday, 07 May 2024 9.18 AM IST

ചേർത്തുനിർത്തേണ്ടതല്ലേ ഈ ബുദ്ധപൈതൃകം

1
ബുദ്ധവിഹാറിലെ ബുദ്ധ പ്രതിമ

കോഴിക്കോട്: പഴമക്കാർക്കല്ലാതെ ആർക്കുമറിയില്ല കോഴിക്കോടിന് അവകാശപ്പെടാൻ അത്രയേറെ സമ്പന്നമായ ബുദ്ധപൈതൃകമുണ്ടെന്ന്. നൂറ്റാണ്ടിനോടടുക്കുന്ന പഴക്കമുണ്ട് ബുദ്ധവിഹാറടക്കമുള്ള നഗരത്തിലെ ആ പൈതൃകമുദ്രകൾക്ക്. അവ കൂടുതൽ മങ്ങാതെ നോക്കാനോ, കാത്തുസംരക്ഷിക്കാനോ സർക്കാർ തലത്തിൽ ഇനിയും ഒരു നീക്കവുമില്ലല്ലോ എന്ന തീരാസങ്കടമാണ് ഈ ആശ്രമത്തോടു അടുപ്പമുള്ളവർക്കൊക്കെയും.

ബുദ്ധമത പ്രചാരകനും പത്രപ്രവർത്തകനുമായിരുന്ന മിതവാദി കൃഷ്ണൻ വക്കീൽ 1928 ലാണ് മാവൂരിലെ വീടിനോട് ചേർന്ന് ബുദ്ധക്ഷേത്രം പണിയിച്ചത്. ഏറെ വൈകാതെ, ബഹുഭാഷാ പണ്ഡിതൻ കൂടിയായ ബുദ്ധഭിക്ഷു ധർമസ്‌കന്ധയെ ബുദ്ധമത പ്രചാരണത്തിനായി കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തി. 1935 ൽ ബുദ്ധവിഹാർ ബീച്ചിലെ കസ്റ്റംസ് റോഡിലേക്ക് മാറ്രി. അവിടെയുള്ള അദ്ദേഹത്തിന്റെ വീടായിരുന്നു അത്. ബുദ്ധഭിക്ഷു ധർമസ്‌കന്ധയെ ആശ്രമത്തിന്റെ ചുമതല ഏല്പിക്കുകയായിരുന്നു.

സിലോണിൽ നിന്നെത്തിയ ശില്പി കോൺക്രീറ്റിൽ പണിതീർത്ത 6 അടിയോളം വരുന്ന ബുദ്ധപ്രതിമയാണ് വിഹാരത്തിലെ മുഖ്യആകർഷണം. മാർബിളിൽ തീർത്ത ബുദ്ധപ്രതിമയുമുണ്ട് ഇവിടെ. വൈശാഖ മാസത്തിലെ പൂർണിമയിലാണ് ഇവിടെ ബുദ്ധപൗർണമി ആഘോഷം.

ധർമസ്‌കന്ധയുടെ മകൾ സുധർമയും ഭർത്താവ് പവിത്രനുമാണ് ബുദ്ധവിഹാറിന്റെ മേൽനോട്ടച്ചുമതല. ബുദ്ധദർശനങ്ങൾ ജനഹൃദയങ്ങളിലെത്തിക്കാൻ മിതവാദി കൃഷ്ണൻ മെമ്മോറിയൽ കമ്മിറ്റിയും മറ്റും മുൻകൈയെടുത്ത് പരിശ്രമം തുടരുന്നുണ്ട്. ഹൃദ്രോഗവിദഗ്ധൻ ഡോ.കെ.സുഗതനെ പോലുള്ള പ്രമുഖർ ആകാവുന്ന തരത്തിൽ ഇതിന്റെ സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നുമുണ്ട്. ഒന്നുമങ്ങോട്ട് ഫലിക്കുന്നില്ലെന്നു മാത്രം.

തലയെടുപ്പോടെ

ബോധിവൃക്ഷം

ശാക്യമുനിയുടെ ജീവിതകാലത്തേക്ക്‌ വേരുകൾ നീളുന്ന ബോധിവൃക്ഷം ഇന്നും ഇവിടെ പന്തലിച്ചുനിൽക്കുന്നുണ്ട്. ബുദ്ധന്‌ ബോധോദയമുണ്ടായ ഗയയിലെ ബോധിവൃക്ഷത്തിന്റെ തൈ അശോക ചക്രവർത്തിയുടെ മകൾ സംഘമിത്ര സിലോണിലെ അനുരാധപുരത്തു കൊണ്ടുപോയി നട്ടിരുന്നു. ധർമസ്‌കന്ധ അവിടെ നിന്നു എത്തിച്ച തൈയാണ് കോഴിക്കോട്‌ ബുദ്ധവിഹാർ മുറ്റത്ത്‌ നട്ടുവളർത്തിയത്.

സിലോണിൽ നിന്നു നാലു ഭിക്ഷുക്കൾ 1999-ൽ കോഴിക്കോട്ട് എത്തിയിരുന്നു. പിന്നീട്‌ മുടക്കം കൂടാതെ വർഷം തോറും ബുദ്ധപൂർണിമ ആഘോഷിച്ചുവന്നതാണ്. ആ ദിവസം ആൽമരത്തെ പൂവിട്ട് പൂജിക്കുകയാണ് പതിവ്. കൊവിഡിന്റെ വരവോടെ ആഘോഷവും നിലച്ചു.

ആലിന്റെ വേരുകൾ ചുറ്രുതറയിലൂടെ പുറത്തേക്ക് കടന്ന് തള്ളിനിൽക്കുകയാണിപ്പോൾ. തറ ഒന്നുകൂടി കെട്ടി ഭദ്രമാക്കാൻ പോലും കഴിയുന്നില്ല.

 പാലി ഭാഷയുടെ

സമ്പന്നസാന്നിദ്ധ്യം

പാലി ഭാഷയിലേതുൾപ്പെടെ ആറായിരത്തിൽപരം പുസ്തകങ്ങളുണ്ടായിരുന്നു ബുദ്ധവിഹാർ ഗ്രന്ഥശാലയിൽ.

ബുദ്ധസാഹിത്യകൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനംചെയ്ത ധർമസ്‌കന്ധയുടേതായി പാലി, സംസ്കൃത ഭാഷയിലുള്ള പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. കാലപ്പഴക്കത്തിൽ പലതും നശിച്ചുപോയി. ഇപ്പോൾ ഏതാണ്ട് 3000 പുസ്തകങ്ങളാണ് 3 ഷെൽഫുകളിലായുള്ളത്. പണ്ട് വിശാലമായ വായനശാലയായി പ്രവർത്തിച്ചിരുന്ന ഇടമാണ്. നോക്കി നടത്താൻ ആളില്ലാതായതോടെ നാശത്തിന്റെ വക്കിലേക്ക് നീങ്ങുകയായിരുന്നു.

''പാലി ഭാഷയിലുള്ള ഒട്ടനവധി പുസ്തകങ്ങൾ ഇപ്പോഴുമുണ്ട് ഗ്രന്ഥശാലയിൽ. അവശേഷിക്കുന്നവയെങ്കിലും സംരക്ഷിക്കപ്പെടണം. ആൽമരത്തിനും രക്ഷയൊരുക്കണം. കോഴിക്കോട് കോർപ്പറേഷനോ, അതല്ലെങ്കിൽ സർക്കാരോ വിചാരിച്ചാലേ കാര്യങ്ങൾ നടക്കൂ.

ഡോ.കെ.സുഗതൻ,

കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.