തിരുവനന്തപുരം: നവരാത്രികാലത്തിന്റെ പുണ്യം നുകരുകയാണ് അനന്തപുരി. പത്മനാഭപുരം തേവാരക്കെട്ടിലെ സരസ്വതി ദേവിയും, കുമാരകോവിലിലെ കുമാരസ്വാമിയും, ശുചീന്ദ്രത്തെ മുന്നൂറ്റി മങ്കയും തലസ്ഥാനവാസികൾക്ക് മുന്നിൽ നവരാത്രി പുണ്യം ചൊരിയുകയാണ്. എന്നാൽ ഓരോ നവരാത്രികാലമെത്തുമ്പോഴും പത്മനാഭപുരത്തുകാർക്ക് ആദ്യം ഓർമ്മ വരുന്ന പേര് തങ്ങളുടെ ബാലചന്ദ്രന്റെയാണ്. ആരാണ് ഈ ബാലചന്ദ്രൻ? അതറിയണമെങ്കിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന വിഗ്രഹമോഷണത്തെ കുറിച്ചും അറിയണം.
വള്ളിയൂർ രാജാവിന്റെ സദസ്യനായിരുന്ന മഹാകവി കമ്പർ പൂജിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് ആചാര വിധികളോടെ നവരാത്രികാലത്ത് തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നത് എന്നാണ് വിശ്വാസം. നിരവധി തവണ വിഗ്രഹം മോഷണം പോവുകയും അത്ഭുതകരമായി തിരികെ ലഭിക്കുകയും ചെയ‌്തിട്ടുണ്ട്. ഏറ്റവുമൊടുവിലായി 1990ലാണ് സരസ്വതി വിഗ്രഹം പത്മനാഭപുരത്തെ ക്ഷേത്രത്തിൽ നിന്നും മോഷണം പോകുന്നത്. സരസ്വതി വിഗ്രഹത്തിനൊപ്പം വ്യാസ, നരസിംഹമൂത്തീ വിഗ്രഹങ്ങളും മോഷണം പോയിരുന്നു.
ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന് ഏറെ മനപ്രയാസം സൃഷ്‌ടിച്ച സംഭവമായിരുന്നു അത്. പൊലീസ് വ്യാപകമായി അന്വേഷിച്ചെങ്കിലും മോഷണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും കിട്ടിയില്ല. മൂന്നാം ദിവസം ബാലചന്ദ്രൻ എന്ന 15 വയസുകാരന്റെ കണ്ണിൽ വിഗ്രഹങ്ങൾ കാണപ്പെട്ടു. നെറ്റിപ്പട്ടത്താൽ പൊതിഞ്ഞ നിലയിലായിരുന്നു വിഗ്രഹങ്ങൾ. പതിവ് പോലെ പാല് വാങ്ങാനായി അടുത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിലാണ് വിഗ്രഹങ്ങൾ കിടക്കുന്നത് ബാലചന്ദ്രൻ കാണുന്നത്. ആദ്യം പകച്ചുപോയെങ്കിലും പെട്ടെന്ന് അടുത്തുള്ള വീട്ടുകാരെ കാര്യം അറിയിച്ചു. തുടർന്ന് പൊലീസെത്തി വിഗ്രഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
കൊട്ടാരത്തിൽ സന്തോഷവിവരമെത്തി. തനിക്ക് ഇതിലും വലിയൊരു ആഹ്ളാദം ലഭിക്കാനില്ല എന്നായിരുന്നു ചിത്തിരതിരുനാളിന്റെ ആദ്യപ്രതികരണം. ബാലചന്ദ്രനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച തമ്പുരാൻ കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജമുദ്രയായ ശംഖ് പഞ്ചലോഹത്താൽ ആവരണം ചെയ‌്ത ഫലകവും 1000 രൂപയും സമ്മാനിച്ചു. പഠിച്ച് നല്ല നിലയിലെത്തട്ടെ എന്ന അനുഗ്രഹവും തമ്പുരാൻ നൽകി.
വർഷം മുപ്പത് പിന്നിട്ടെങ്കിലും ബാലചന്ദ്രന് ഓരോ നവരാത്രിയും ആ പുലർച്ചയുടെ ഓർമ്മകളാണ്. രാജ്യം ഭരിച്ച മഹാരാജാവിന് ഏറ്റവും സന്തോഷം നൽകിയ ഒരു കാര്യത്തിന് താൻ കാരണമായല്ലോ എന്ന ആത്മനിർവൃതി ബാലചന്ദ്രനുണ്ട്. എല്ലാത്തിലുമുപരിയായി ചൈതന്യവിഗ്രഹത്തെ കണ്ടെത്താൻ തന്നെയാണെല്ലോ ദേവി നിയോഗിച്ചത് എന്ന പൂർണസംതൃപ്‌തിയും. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം പത്മനാഭപുരത്താണ് ബാലചന്ദ്രൻ താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |