SignIn
Kerala Kaumudi Online
Friday, 26 April 2024 10.59 AM IST

കിംഗ് ഫിഷറിലൂടെ മല്യ പാപ്പരായി, ജെറ്റ് എയർവേയ്സ് ഗോയലിനേയും താഴെ എത്തിച്ചു, എന്നാൽ  ഈ കാരണങ്ങളാൽ എയർ ഇന്ത്യയിലൂടെ ടാറ്റയ്ക്ക് ആ ഗതി ഉണ്ടാവില്ലെന്ന് ഉറപ്പാണ് 

air-india-

എയർ ഇന്ത്യയെ തിരികെ കുടുംബത്തിൽ എത്തിച്ചു എന്ന വലിയ നേട്ടമാണ് ഈ ആഴ്ച ടാറ്റയുടെ കണക്ക് പുസ്തകത്തിൽ ഉണ്ടാവുക. ആകാശത്തിൽ ചിറക് വിരിക്കാൻ ശ്രമിച്ച ബിസിനസ് ഭീമൻമാർക്ക് അടിതെറ്റിയ മേഖലയാണ് വ്യോമയാനമെന്നത് മല്യയിലൂടെയും, ഗോയലിലൂടെയും മനസിലാക്കിയവരാണ് ഇന്ത്യക്കാർ. ഒരു പക്ഷേ ഇതുകൊണ്ട് തന്നെയാവും കൊടികെട്ടിയ ഇന്ത്യയിയിലെ ധനികർ എയർ ഇന്ത്യയിൽ ഒരു കൈ നോക്കാൻ മടി കാണിച്ചിട്ടുള്ളത്. എന്നാൽ ടാറ്റ വ്യക്തവും, കൃത്യവുമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് എയർ ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനിച്ചത്. ഇതിന് പിന്നിൽ അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ പരിശോധിക്കാം.

നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയെ ഏറ്റവുമധികം ലേലം വിളിക്കുന്നയാൾക്ക് നൽകാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതനുസരിച്ച് 18000 കോടി രൂപ ക്വാട്ട് ചെയ്ത ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കുകയായിരുന്നു. ടാറ്റയാണ് ലേലത്തിൽ വിജയിച്ചതെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ, വൈകാരികതലത്തിലും ടാറ്റയ്ക്ക് അർഹതപെട്ട വിജയമായിരുന്നു അത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എയർ ഇന്ത്യയെ വിറ്റൊഴിഞ്ഞ സന്തോഷമാണ് കേന്ദ്ര സർക്കാരിനുള്ളതെങ്കിൽ, കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കമ്പനിയെ ഈ അവസ്ഥയിലെങ്കിലും തിരിച്ചുകിട്ടിയ സന്തോഷമാവും ടാറ്റയ്ക്കും, അവരെ സ്‌നേഹിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെയും മനസിലെ ചിന്ത. 18,000 കോടി രൂപ ടാറ്റ നൽകുമ്പോൾ അതിൽ കേവലം 2700 കോടി മാത്രമാണ് സർക്കാർ ഖജനാവിലേക്ക് പോവുക, ബാക്കി തുക മുഴുവൻ ഈ വെള്ളാന വരുത്തിവച്ച കടം വീട്ടുന്നതിനായി ഉപയോഗിക്കും, ഇതു കൊണ്ടും കേന്ദ്രത്തിന് കടബാദ്ധ്യത തീർക്കാനാവില്ലെന്നത് മറ്റൊരു സത്യം.

എയർ ഇന്ത്യ ടാറ്റയുടെ കൈകളിലെത്തുമ്പോൾ വ്യോമമേഖലയെ പ്രണയിച്ച് കൈ പൊള്ളിയ രാജ്യത്തെ രണ്ട് വമ്പൻ ബിസിനസ് ഭീമൻമാരുടെ കഥയാണ് ഇന്ന് ചർച്ചയാവുന്നത്. മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ് ഫിഷറും ജെറ്റ് എയർവേയ്സിന്റെ നരേഷ് ഗോയലുമാണ് ഈ കഥയിലെ ദുരന്ത നായകൻമാർ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച വിജയ് മല്യയ്ക്ക് ശതകോടികൾ ലാഭം നൽകിക്കൊണ്ടിരുന്ന സ്പിരിറ്റ് ബിസിനസിൽ മാത്രം ശ്രദ്ധയൂന്നാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ആകാശത്ത് സ്വന്തം പേര് കാണാൻ കൊതിച്ച അദ്ദേഹം ഒരു പ്രീമിയം എയർലൈൻ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ബാങ്കുകളിൽ നിന്നും കോടികൾ വായ്പ എടുത്ത അദ്ദേഹം എയർ ഡെക്കാന്റെ ഏറ്റെടുക്കൽ കൂടിയായപ്പോൾ സാമ്പത്തികമായി അധിക ബാദ്ധ്യത തലയിൽ വയ്ക്കുകയായിരുന്നു. കടം കുന്നുകൂടിയപ്പോൾ രായ്ക്കുരാമാനം രാജ്യത്ത് നിന്നും ഒളിച്ചോടേണ്ട ഗതികേടിലായി മല്യയുടെ ജീവിതം.

മല്യയുടെ കിംഗ്ഫിഷറിനെ വെല്ലുവിളിക്കാനുള്ള ശ്രമത്തിൽ തകർന്നുപോയ മറ്റൊരു ബിസിനസ് ഭീമനാണ് ജെറ്റ് എയർവേസിന്റെ തലവനായ ഗോയൽ. കടക്കെണിയിലായ എയർ സഹാറ സ്വന്തമാക്കിയതിന് ശേഷമാണ് ജെറ്റ് എയർവേസിന്റെ തകർച്ച ആരംഭിച്ചത്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ചെലവുകുറഞ്ഞ എയർലൈനുകളുടെ കടന്നുകയറ്റവും മറ്റൊരു കാരണമായി. വിമാനകമ്പനികളുടെ നടത്തിപ്പ് ബുദ്ധിമുട്ടേറിയ ബിസിനസാണെന്ന് ഏതൊരു വ്യവസായിയേയും മനസിലാക്കാൻ മല്യയുടേയും ഗോയലിന്റെയും കഥകൾ ധാരാളമായിരിക്കും.

എന്നാൽ ടാറ്റയെ സംബന്ധിച്ചിടത്തോളം വ്യോമയാന മേഖലയിൽ അവർ പുതിയ ഒരു താരമല്ല. ടാറ്റ സൺസ് എയർ വിസ്താരയുടെയും എയർ ഏഷ്യയുടെയും സജീവ ഭാഗമാണ് ഇപ്പോൾ. ഈ മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും ടാറ്റയുടെ ഇപ്പോഴത്തെ തലമുറയ്ക്കും ശരിയായ തരത്തിൽ അറിയാം എന്ന് സാരം. മറ്റ് വ്യോമയാന കമ്പനികളെ പോലെ തന്നെ കൊവിഡ് കാലം ബാദ്ധ്യതകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, വരുന്ന നാളുകളിൽ ഇതെല്ലാം മറികടക്കാനാവും എന്ന പ്രതീക്ഷ ഈ കമ്പനികൾ നിലനിർത്തുന്നുണ്ട്. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ സൺസിന് ഇപ്പോൾ 84 ശതമാനം ഓഹരികളാണുള്ളത്. വരുന്ന വർഷങ്ങളിൽ ഈ കമ്പനി പൂർണമായും ടാറ്റയുടേതാവും എന്നും കണക്കാക്കുന്നു. എയർ ഇന്ത്യയിൽ എയർ ഏഷ്യ, വിസ്താര എന്നീ കമ്പനികൾ ലയിപ്പിക്കുവാനും ടാറ്റയ്ക്ക് ഇതിലൂടെയാവും. ഒരേസമയം മൂന്ന് എയർലൈൻ ബിസിനസുകൾ നടത്തുന്നതിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ ടാറ്റയ്ക്കാവും.


എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ ഭാവിയിൽ നേരിടേണ്ട വെല്ലുവിളികളെ കുറിച്ച് വ്യക്തമായ പഠനം ടാറ്റ നടത്തിയിട്ടുണ്ട്. ജെ ആർ ഡി ടാറ്റ വർഷങ്ങളോളം ചെയർമാനായിരുന്ന കമ്പനിയെ ചാടിക്കയറി സ്വന്തമാക്കുകയായിരുന്നില്ല ടാറ്റ. ഇതിന് മുൻപ് 2018ൽ കേന്ദ്രം എയർ ഇന്ത്യയെ വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് ടാറ്റ ഓഫറുമായി വന്നിരുന്നില്ല, പിന്നീട് ഇപ്പോൾ എയർ ഇന്ത്യയുടെ 100 ശതമാനവും വിൽക്കാൻ തീരുമാനിച്ചപ്പോൾ മാത്രമാണ് ടാറ്റ ലേലത്തിൽ പങ്കെടുക്കുന്നത്. വിദേശ കൺസൾട്ടെന്റുകളെയടക്കം നിയോഗിച്ച് പഠനം നടത്തിയ ശേഷമാണ് ടാറ്റ ഇക്കുറി ലേലത്തിനെത്തിയത്. ഇതിൽ എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതകൾ ഉണ്ടാക്കുന്ന മേഖലകൾ ഏതെന്നും, എങ്ങനെ അവ കുറയ്ക്കാമെന്നും വ്യക്തമായി പഠിച്ച് പദ്ധതി രൂപീകിരച്ചിട്ടുണ്ട്. ടാറ്റയുടെ കീഴിലുള്ള ടി സി എസിന്റെ സേവനങ്ങളും എയർ ഇന്ത്യയിൽ ഇനി ഉണ്ടാവും. സിങ്കപ്പൂർ എയർലൈൻസ് ഉൾപ്പടെ ലോകത്തിലെ വിവിധ വിമാനകമ്പനികൾ നിലവിൽ ടി സി എസിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. ഇതിനൊപ്പം യാത്രക്കാരെ ആകർഷിക്കുന്നതിനായി മികച്ച ഭക്ഷണ പാക്കേജുകൾ നൽകാൻ ടാറ്റയ്ക്കാവും. ടാറ്റയുടെ കീഴിലുള്ള താജ് സാറ്റ്സിന്റെ സേവനം ഇതിനായി ഉപയോഗിക്കാം. എയർ ഇന്ത്യയിൽ അധികമായുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതിന് പകരം സമാനമായ മറ്റ് തൊഴിൽ മേഖലയിലേക്ക് കൊണ്ട് വരാനും ടാറ്റയ്ക്ക് കഴിയും. ഇതിലൂടെ വൻ ബാദ്ധ്യത ഒഴിവാക്കാനും കമ്പനിക്കാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, AIRINDIA, TATA, VIJAY MALYA, SPICEJET, KING FISHER, JET AIRWAYS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.