SignIn
Kerala Kaumudi Online
Friday, 26 April 2024 7.32 PM IST

ബോംബെറിഞ്ഞ് തകർക്കുമോ ഛിന്നഗ്രഹത്തെ !

dart-

മാനവരാശി ഭയപ്പെടുന്ന ഒന്നാണ് ആണവായുധങ്ങൾ. ഭൂമിയിലുള്ള എന്തിനെയും സെക്കന്റുകൾക്കുള്ളിൽ തകർത്തെറിയാൻ ശേഷിയുള്ളവ. എന്നാൽ, ന്യൂക്ലിയർ ബോംബ് ഉൾപ്പെടെയുള്ള ആണവ ആയുധങ്ങളെ ഭൂമിയുടെ രക്ഷയ്ക്കും ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ് ഗവേഷകർ. ഛിന്നഗ്രഹങ്ങളെ നേരിടാൻ ന്യൂക്ലിയർ എനർജിയുടെ സാദ്ധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകർ ചർച്ച ചെയ്യുന്നത്.

കോടാനുകോടി ഉൽക്കകളും ഛിന്നഗ്രഹങ്ങളും നിറഞ്ഞതാണ് പ്രപഞ്ചം. നൂറു കണക്കിന് ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്കരികിലൂടെ കടന്നു പോകുന്നുണ്ട്. മിക്കതും ഭൂമിയെ ശല്യം ചെയ്യാതെ കടന്നു പോകുന്നു. എന്നാൽ, ഇവ ഭൂമിയിൽ പതിക്കാനിടയായാൽ അത് കനത്ത നാശ നഷ്ടങ്ങൾക്ക് ഇടയാക്കും. ഛിന്നഗ്രങ്ങൾ ഭൂമിയ്ക്കുയർത്തുന്ന ഭീഷണികൾ ഏറെക്കാലമായി ശാസ്ത്രോലകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. ഭൂമിയ്ക്ക് നേരെ ഒരു ഛിന്നഗ്രഹം പാഞ്ഞടുത്താൽ എങ്ങനെ നേരിടാമെന്നാണ് ശാസ്ത്രലോകം ചിന്തിക്കുന്നത്.

ഗവേഷകരുടെ ഈ ആശങ്കകൾ വളരെ ഗൗരവമേറിയതാണ്. കാരണം, ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതാണ് ഭൂമിയിലെ ദിനോസറുകളെ ഒന്നടങ്കം തുടച്ചുനീക്കിയത്. ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്. പിൻകാലത്ത് ഇന്നത്തെ ഉഷ്ണമേഖലാ വനങ്ങളുടെ ആവിർഭാവത്ത ഇത് സ്വാധീനിച്ചതായും ഗവേഷകർ പറയുന്നു.

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച ഛിന്നഗ്രഹ പതനം ഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥകൾക്ക് വിനാശകരമാവുകയും പല സ്പീഷീസുകളുടെയും ഘടനയിൽ വലിയ മാറ്റമുണ്ടാക്കുകയും ചെയ്തു.

ഇത്തരത്തിൽ ഒരു ഉൽക്കയോ ഛിന്നഗ്രഹമോ ഭൂമിയ്ക്ക് നേരെ വന്നാൽ അതിനെ വഴിതിരിച്ചു വിട്ട് ഭൂമിയിലെ ജീവജാലങ്ങളെ സുരക്ഷിതമാക്കാനുള്ള മാർഗങ്ങളാണ് ശാസ്ത്രലോകം ആലോചിക്കുന്നത്. എന്നാൽ, ഈ ആശയങ്ങൾ പ്രാവർത്തികമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതേ സമയം, ഛിന്നഗ്രഹത്ത വ്യതിചലിപ്പിക്കാനുള്ള തയാറെടുപ്പുകൾ സ്വീകരിക്കുന്നതിന് നിശ്ചിത ' മുന്നറിയിപ്പ് സമയം " ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ മുന്നറിയിപ്പ് സമയത്തിനുള്ളിൽ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയാതെ പോയാൽ അതിശക്തമായ ഊർജത്തിന്റെ സഹായത്താൽ ഛിന്നഗ്രഹത്തെ തകർക്കാനുള്ള മാർഗം ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ശാസ്ത്ര ജേർണലായ ആക്‌റ്റ ആസ്ട്രനോട്ടികയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാവിയിൽ ഛിന്നഗ്രഹത്തെ തടസപ്പെടുത്താനുള്ള നടപടികൾ മുന്നറിയിപ്പ് സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ന്യൂക്ലിയർ എനർജിയെ പകരം ഉപയോഗപ്പെടുത്തുന്നതിന്റെ സാദ്ധ്യതകളാണ് ഗവേഷകർ ചർച്ച ചെയ്യുന്നത്.

വ്യത്യസ്ത ഭ്രമണപഥങ്ങളിലും വ്യത്യസ്ത വേഗതയിലുമുള്ള ഛിന്നഗ്രഹങ്ങളെ തടയാൻ വ്യത്യസ്ത മാർഗങ്ങളും ഗവേഷകർ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ, ഏറെ സങ്കീർണവും ബുദ്ധിമുട്ടേറിയതുമാണ് ആണവായുധങ്ങൾ ഉപയോഗിച്ചുള്ള ഈ നടപടികൾ. പൊതുവായ ഒരു മാതൃക നിർമ്മിച്ചെടുക്കണമെങ്കിലും അതിനും വെല്ലുവിളികൾ ഏറെയാണ്.

 നാസയുടെ ഡാർട്ട്

അതേ സമയം, ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹത്തെ ' ഇടിച്ചു തെറിപ്പിക്കുന്ന " പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മുന്നോട്ട് പോവുകയാണ്. ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് കുതിച്ചുയരുന്ന ഒരു ബഹിരാകാശ പേടകം അതിനെ ശക്തമായി ഇടിച്ചു തെറിപ്പിക്കുകയും ഭ്രമണപഥത്തിൽ നിന്ന് വഴിതിരിച്ചു വിടുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ' ‌ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് ( DART ) " എന്നാണ് ഈ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്.

നാസ, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി തുടങ്ങിയവ സംയുക്തമായാണ് ഡാർട്ട് പദ്ധതി വികസിപ്പിച്ചത്. ' കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപദം വ്യതിചലിപ്പിക്കുക എന്നതാണ് പേടകത്തിന്റെ ലക്ഷ്യം. ഇതിനായി സെക്കന്റിൽ 6.6 കിലോമീറ്റർ വേഗതയിൽ പേടകം ഛിന്നഗ്രഹത്തിൽ ഇടിക്കും. ഇത് ഛിന്നഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ നിന്ന് വളരെ നേരിയ തോതിൽ വ്യതിചലിക്കാൻ കാരണമാകുമെന്നാണ് നിഗമനം. നവംബർ അവസാനത്തോടെ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡാർട്ടിനെ വിക്ഷേപിക്കാനാണ് പദ്ധതി.

ഒരു കാറിന്റെ വലിപ്പമുണ്ട് ഡാർട്ട് പേടകത്തിന്. ആദ്യ പരീക്ഷണത്തിൽ ഡിഡിമോസ് എന്ന ഛിന്നഗ്രഹ വ്യൂഹത്തിലേക്കാണ് ഡാർട്ട് കുതിക്കുന്നത്. ഡിഡിമോസ് ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ഡിഡിമൂൺ എന്ന ചെറു ഛിന്നഗ്രഹത്തിനെ ഡാർട്ട് ഇടിക്കും. 2022 ഒക്ടോബറോടെയാകും ഡാർട്ട് ലക്ഷ്യ സ്ഥാനത്തെത്തുക. ഒന്നുകിൽ ഛിന്നഗ്രഹം ക്രമേണ അല്പം തെന്നിമാറും. അല്ലെങ്കിൽ ഡാർട്ട് ഫലം കാണാതെ തകരും. ഏതായാലും ഡാർട്ട് വിജയകരമായാൽ ശാസ്ത്രലോകത്തെ വൻ വഴിത്തിരിവാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOUBLE ASTEROID REDIRECTION TEST, DART, NASA, ASTEROID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.