SignIn
Kerala Kaumudi Online
Saturday, 27 April 2024 6.37 AM IST

പൊറുതിമുട്ടിച്ച് ഉടുമ്പും നീർനായയും മരപ്പട്ടിയും !

neernaya

കോട്ടയം: ഉടുമ്പ്, നീർനായ, മരപ്പട്ടി എന്നിവയുടെ ആക്രമണം അപ്പർ കുട്ടനാടൻ മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പുക്കര, വെച്ചൂർ , തലയാഴം, വൈക്കം, കല്ലറ, നീണ്ടൂർ പ്രദേശത്തെ കോഴി, മീൻ, താറാവ് എന്നിവയെ വളർത്തി ജീവിക്കുന്ന കർഷകരുടെ വരുമാനമാർഗവും ഇവയുടെ ആക്രമണത്താൽ അടയുകയാണ്.

അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം ജീവികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്

കോഴിവളർത്തൽ ഈ പ്രദേശങ്ങളിലെ സധാരണക്കാരുടെ പ്രധാന വരുമാനമാർഗമായിരുന്നു . ഉടുമ്പിന്റെ ശല്യം വർദ്ധിച്ചതോടെ നാടൻ കോഴി വളർത്തൽ വലിയ തോതിൽ കുറഞ്ഞു. താറാവു കർഷകരെയും ഉടുമ്പിന്റ ശല്യം ബാധിച്ചു. വെള്ളത്തിലൂടെ വന്ന് ഇവ താറാവുകുഞ്ഞുങ്ങളെ കടിച്ച് വലിച്ചുകൊണ്ടു പോകും. താറാവു മുട്ടയും ഭക്ഷണമാക്കും. വലയിട്ടാലും കടിച്ചു പൊട്ടിക്കും.

നീർനായയുടെ ശല്യം മീൻകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരെയാണ് പ്രധാനമായും ബാധിച്ചത്. ഒരു തവണ കൃഷിയും പിന്നെ മീൻവളർത്തലുമായി "ഒരു നെല്ലും മീനും" കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന നീർനായ്ക്കൾ മനുഷ്യരെയും അക്രമിക്കുന്നു. ഇവയെ പേടിച്ച് ‌വെള്ളത്തിലിറങ്ങാനും കഴിയുന്നില്ല. കായലിലെ നാടൻ മൽസ്യങ്ങളുടെ വംശനാശത്തിനും ഇവ കാരണമാകുന്നു .

മരപ്പട്ടിയുടെ ശല്യംഓടിട്ട പഴയ വിടുകളിലാണ് കൂടുതൽ .രാത്രികാലങ്ങളിൽ മച്ചിലും പുരപ്പുറത്തും പായുന്ന ഇവ ഉറക്കം കെടുത്തുകയും ആക്രമിക്കുകയും ചെയ്യും . വന്യജീവി ലിസ്റ്റിലുള്ളതിനാൽ കൊല്ലാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുക്കും.

തണ്ണീർത്തടങ്ങളോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം . പുത്തൻകായലിൽ കാടുപിടിച്ചു കിടക്കുന്ന 900 ഏക്കറോളം സ്ഥലം ഇവയുടെ വിഹാര കേന്ദ്രമാണ്.

ഉടുമ്പ് , നീർനായ ,മരപ്പട്ടി തുടങ്ങിയവയെ ക്ഷുദ്രജീവികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാൻ അനുവദിക്കുന്നതുപോലെ ഇവയെ നശിപ്പിക്കാനും കർഷകരെ അനുവദിക്കണം. വനം മന്ത്രിക്ക് ഇതുമായിബന്ധപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

- എബി ഐപ്പ്

കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി

 ഉടുമ്പ്

ഉടുമ്പ് പൊതുവേ മാംസഭുക്കാണ്. നായയെപ്പോലെ ഇണക്കി വളർത്താം. കോഴിമുട്ടയും മീൻ-ഇറച്ചി കഷണങ്ങളുമാണ് ഭക്ഷണം. പണ്ട് കള്ളന്മാർ ഉടുമ്പുകളെ ഇണക്കി വളർത്തിയിരുന്നു. വൻചുമരുകളിൽ ഉടുമ്പിനെ എറിഞ്ഞ് പിടിപ്പിച്ച് അതിന്റെ അരയിൽ കെട്ടിയ കയറിൽ പിടിച്ച് മുകളിൽ കയറുന്നതിനാണിത്. ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കാനോ കടത്താനോ കൈവശം വയ്ക്കാനോ പാടില്ല.

 നീർനായ

മാംസഭോജികളായ നീർനായ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് ഘ്രാണശക്തി കൂടുതലാണ്. ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടൽക്കാടുകളോ ആണ്‌ നീർനായകളുടെ പാർപ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ നീർനായകളെ കാണാം.

 മരപ്പട്ടി

സാധാരണ മരത്തിൽ ജീവിക്കുന്ന മരപ്പട്ടികളുടെ കാൽനഖങ്ങൾ മരത്തിൽ പിടിച്ചു കയറാൻ പാകത്തിൽ വളരെ കൂർത്തതായിരിക്കും. മണ്ണിലിറങ്ങിയും ഇരതേടാറുണ്ട്. കറുത്ത രോമങ്ങളാൽ മൂടപ്പെട്ട ശക്തമായ വാലും മരങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായമായി ഉപയോഗിക്കുന്നു. രാത്രിയിലാണ് ഇരതേടാനിറങ്ങുക. മിശ്രഭുക്ക് ആയ ഈ ജീവികളുടെ ഭക്ഷണം പ്രധാനമായും പഴങ്ങളും ചെറു ഉരഗങ്ങളും മുട്ടകളുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, NEERNAYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.