ന്യൂഡൽഹി: കോൺഗ്രസിന് അടുത്ത വർഷം സെപ്തംബറോടെ പുതിയ അദ്ധ്യക്ഷൻ വരും. ബൂത്ത് തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് തീയതികളും എ.ഐ.സി.സി പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് പരിഗണിക്കാമെന്ന് ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിലാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാംനബി ആസാദ്, മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ചരൺജിത് സിംഗ് ഛന്നി, ഭൂപേഷ് ബഘേൽ തുടങ്ങിയവർ അദ്ധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചപ്പോഴാണ് 'പരിഗണിക്കാം" എന്ന മറുപടി രാഹുൽ നൽകിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് പൂർണ സമയ അദ്ധ്യക്ഷ പദവി വഹിക്കുന്ന സോണിയ ഗാന്ധിയിൽ യോഗം പൂർണ വിശ്വാസം രേഖപ്പെടുത്തിയെന്ന് രൺദീപ് സുർജെവാല പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെ അദ്ധ്യക്ഷ പദവിയിൽ തുടരും. വിലക്കയറ്റം, മോദി സർക്കാരിന്റെ ജനവിരുദ്ധത, കർഷക സമരം എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പ്രവർത്തക സമിതി പാസാക്കി.
അംഗത്വ വിതരണം നവംബറിൽ
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി താഴെത്തട്ടു മുതൽ ശക്തിപ്പെടുത്തണമെന്ന് 23 നേതാക്കളടങ്ങിയ 'ജി 23" ഉയർത്തിയ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് തീയതി ഇങ്ങനെ
നവംബർ ഒന്നുമുതൽ 2022 മാർച്ച് 31വരെ : 5 രൂപ നിരക്കിൽ അംഗത്വവിതരണം
15 ഏപ്രിലിന് മുൻപ് പ്രാഥമിക അംഗങ്ങളുടെയും മത്സരിക്കാൻ യോഗ്യരായവരുടെയും പ്രാഥമിക പട്ടിക ഡി.സി.സികൾ പ്രസിദ്ധീകരിക്കും.
ഏപ്രിൽ 16 മുതൽ മെയ് 31 വരെ: ബൂത്ത്, ബ്ളോക്ക്തല കമ്മിറ്റികളുടെയും പ്രസിഡന്റിന്റെയും ബ്ളോക്ക് കമ്മിറ്റിയിൽ നിന്നുള്ള പി.സി.സി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ്
ജൂൺ 1- ജൂലായ് 20: ഡി.സി.സി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സി. കമ്മിറ്റി തിരഞ്ഞെടുപ്പ്
ജൂലായ് 21-ആഗസ്റ്റ് 20: പി.സി.സി പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ,
ട്രഷറർ, പി.സി.സി എക്സിക്യുട്ടിവ് തിരഞ്ഞെടുപ്പ്. പി.സി.സി ജനറൽ ബോഡി ചേർന്ന് എ.ഐ.സി.സി അംഗങ്ങളെ തിരഞ്ഞെടുക്കൽ.
ആഗസ്റ്റ് 21-സെപ്തംബർ20: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ്
സെപ്തംബർ-ഒക്ടോബർ: പ്ളീനറി സമ്മേളനത്തിൽ പുതിയ അദ്ധ്യക്ഷന്റെ സ്ഥാനാരോഹണം, പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കൽ.