പത്തനംതിട്ട/ തൃശൂർ: കക്കി ഡാം തുറന്നതോടെ പത്തനംതിട്ടയിൽ പമ്പാനദീതീരപ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ കുട്ടനാടൻ മേഖലയും ഷോളയാർ ഡാം തുറന്നതോടെ തൃശൂർ ജില്ലയിൽ ചാലക്കുടി പുഴയുടെ തീരവും കൊല്ലം തെന്മലയിൽ പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ കല്ലടയാറിന്റെ തീരമേഖലയും അതീവ ജാഗ്രതയിലായി.
നാളെ മുതൽ കൊടുംമഴയെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകളിൽ രണ്ടെണ്ണം ഇന്നു രാവിലെ 11ന് അരമീറ്റർ ഉയർത്തുമ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലമായിരിക്കും പെരിയാറിലൂടെ ഭൂതത്താൻ കെട്ടിലേക്ക് പ്രവഹിക്കുക. ഭൂതത്താൻ കെട്ട് തുറന്നിട്ടിരിക്കുകയാണ്. മുൻകരുതലായി, ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്നു രാവിലെ 6ന് 80 സെന്റീ മീറ്റർ ഉയർത്തും. പെരിയാറിന്റെ തീരങ്ങളിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
മാട്ടുപ്പെട്ടി, പെരിങ്ങൽകുത്ത്, പമ്പ, കല്ലാർ എന്നീ ഡാമുകളും കെ.എസ്.ഇ.ബി തുറക്കും.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗം
ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ചാലക്കുടി പുഴയുടെ തീരത്തെ താമസക്കാർ മാറണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പമ്പ കര കവിയില്ലെന്നാണ് കളക്ടറേറ്റിൽ ചേർന്ന പ്രളയസ്ഥിതി അവലോകന യോഗശേഷം റവന്യു മന്ത്രി കെ. രാജൻ അറിയിച്ചത്.
ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ എൻ.ഡി.ആർ.എഫ് സംഘത്തെ ജില്ലയിൽ വിന്യസിച്ചു. എയർ ലിഫ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11നാണ് കക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഒരടി വീതം ഉയർത്തിയത്. ഉച്ചയ്ക്ക് 1.15ന് പമ്പ ത്രിവേണിയിൽ ജലനിരപ്പ് 40 സെ.മീ ഉയർന്നു. വൈകിട്ട് ആറ് മണിയോടെ റാന്നിയിലും ജലനിരപ്പുയർന്നു. കോഴഞ്ചരി, ആറന്മുള, ചെങ്ങന്നൂർ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെയോടെ വെള്ളം ഉയരും. തുടർന്ന് കുട്ടനാട്ടിലേക്ക് വ്യാപിക്കും.
കുട്ടനാട്ടിലെ എട്ട് പഞ്ചായത്തുകൾ ഇപ്പോൾത്തന്നെ പൂർണ്ണമായും വെള്ളത്തിലാണ്. വാണിംഗ് വാട്ടർ ലെവലിനേക്കാൾ അഞ്ചിരട്ടിയാണ് കുട്ടനാട്ടിലെ ജലനിരപ്പ്. ഇന്നലെ മാത്രം ഒന്നര അടിയിലധികം ഉയർന്നു. ഇവിടേക്കാണ് കക്കിയിലെ ജലംകൂടി എത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയാണ്.
ഷോളയാർ ഡാം
2663 അടി: സംഭരണ ശേഷി
2662.5 അടി: ജലനിരപ്പ്
ഒരു ഷട്ടർ 4 അടി ഉയർത്തി
കക്കി ഡാം
3320 അടി: സംഭരണശേഷി
3214.92 അടി: ജലനിരപ്പ്
രണ്ട് ഷട്ടർ 30 സെന്റീ മീറ്റർ ഉയർത്തി
ഇടുക്കി
2403 അടി:സംഭരണശേഷി
2397.53 അടി: ജലനിരപ്പ്
രണ്ട് ഷട്ടറുകൾ അരമീറ്റർ ഉയർത്തും
റെഡ് അലർട്ട്
മൂഴിയാർ, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ, മൂഴിയാർ
പീച്ചി, ചിമ്മണി
ഓറഞ്ച് അലർട്ട്
ഇടുക്കി,മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ
കല്ലട, ചുള്ളിയാർ, മീങ്കര, മലമ്പുഴ, മംഗളം
ബ്ളൂ അലർട്ട്
ഇടമലയാർ
വാഴാനി, പോത്തുണ്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |