ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ ഐ.സി.സി അക്കാഡമി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ഹിന്ദിയിലും ഹോട്ട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. ലോകകപ്പിലെ ബാറ്റിംഗ് ഓർഡർ തന്നെയായിരിക്കും ഇന്ന് പരീക്ഷിക്കുകയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന സന്നാഹത്തിൽ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ കീഴടക്കിയിരുന്നു. ഇഷാൻ കിഷനും കെ.എൽ രാഹുലും അർദ്ധ സെഞ്ചുറി നേടുകയും റിഷഭ് പന്ത് തകർപ്പൻ ബാറ്റിംഗ് പുറത്തെടുക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം.
രോഹിതിനൊപ്പം രാഹുൽ തന്നെയെന്ന് കൊഹ്ലി
ദുബായ്: ട്വന്റി-20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ രാഹുലായിരിക്കും ഓപ്പണറായെത്തുകയെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് ശേഷമാണ് കൊഹ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്നാഹത്തിൽ ഉൾപ്പെടെ സമീപകാലത്ത് ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇഷാൻ കിഷന് രോഹിതിനൊപ്പം അവസരം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് കൊഹ്ലിയുടെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയിൽ രോഹിതിനൊപ്പം ഓപ്പണറായി രാഹുലിനെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാനാകില്ല. ഞാൻ മൂന്നാം നമ്പറിൽ ഇറങ്ങും. ഇതു മാത്രമാണ് ഇപ്പോൾ പറയാനാകുക. - കൊഹ്ലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |