ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) അറസ്റ്റിലായി. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഇന്നലെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മരട് സെന്റ് മേരീസ് മഗ്ദലീൻ പള്ളി സഹ വികാരിയായിരുന്ന ഇയാൾ എടത്തല കുഴിവേലിപ്പടിയിൽ വാടക വീട്ടിൽ മാതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയെയാണ് ഉപദ്രവിച്ചത്.
മാർച്ച് 30ന് കുട്ടിയുടെ മാതാവ് എടത്തല പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബി വർഗീസ് കീഴടങ്ങിയത്. ആലുവയ്ക്ക് സമീപത്തെ ഒരു ഇടവകയിൽ വൈദികനായിരിക്കെ കുട്ടിയുടെ മാതാവുമായി പ്രതി അടുപ്പത്തിലായി. പ്രതിമാസം 8,500 രൂപ വാടകയുള്ള വീട്ടിൽ എട്ട് മാസത്തോളം ഇവർക്ക് താമസസൗകര്യമടക്കം ഒരുക്കിയിരുന്നു. പ്രതി ഇവിടെയെത്തുമ്പോൾ പാന്റും ഷർട്ടും ധരിക്കുന്നതിനാൽ കെട്ടിട ഉടമയ്ക്കും അയൽവാസികൾക്കും ഇയാൾ വൈദികനാണെന്ന് അറിയില്ലായിരുന്നു. സിബിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.