ന്യൂഡൽഹി: പീഡനക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന, വിവാദ ആൾദൈവം ആസാരാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്ക് ഗുജറാത്ത് ഹൈക്കോടതി പരോൾ അനുവദിച്ചത് സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാരിന്റെ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നാരായൺ സായി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് അടക്കം ചൂണ്ടിക്കാട്ടിയാണ് പരോൾ റദ്ദാക്കിയത്.
2013 ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ആശ്രമത്തിൽ വച്ച് ആസാരാം ബാപ്പുവും മകനും ചേർന്ന് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നാരായൺ സായിക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.