SignIn
Kerala Kaumudi Online
Friday, 20 September 2024 2.52 PM IST

സഹായമെത്തിക്കാനും വേണം‌ തീവ്രവേഗത

Increase Font Size Decrease Font Size Print Page

flood

പ്രളയവും ഉരുൾപൊട്ടലുകളും സൃഷ്ടിച്ച മഹാദുരന്തത്തിന് ഇരയായവർക്ക് എത്രയും വേഗം ആശ്വാസമെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിത്. കെടുതികൾ ഏതാണ്ട് ശമിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് തീവ്രമഴയെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പുകൾ വരുന്നത്. കെടുതികളനുഭവിച്ച് മനസു മരവിച്ചു നിൽക്കുന്നവരെ വീണ്ടും സംഭ്രാന്തിയിലാക്കുന്ന സാഹചര്യം. പേമാരിയിലും ഉരുൾപൊട്ടലുകളിലുമായി സംസ്ഥാനത്ത് 42 പേർ മരിച്ചെന്നാണ് കണക്ക്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആളൊന്നിന് നാലുലക്ഷം രൂപ വീതം സഹായധനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ മുഴുവൻ പേരും ഉരുൾപൊട്ടലിൽ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ട സംഭവവുമുണ്ട്. അവർക്കുള്ള ധനസഹായത്തിന്റെ അവകാശികൾ ആരെന്ന് നിർണയിക്കേണ്ടതുണ്ട്. സാങ്കേതികത്വത്തിൽ തൂങ്ങി ഇതൊക്കെ വൈകിപ്പിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമം ഉണ്ടായിക്കൂടായ്കയില്ല. രണ്ടുവർഷം മുൻപുണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ടവർക്കുള്ള സഹായവിതരണം ഇനിയും ശേഷിക്കുന്നുവെന്ന ദുരവസ്ഥ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സഹായം തേടിയുള്ള അവരുടെ അപേക്ഷകളിൽ പത്തുദിവസത്തിനകം തീർപ്പുണ്ടാക്കണമെന്ന കർക്കശ നിർദ്ദേശവും വന്നിട്ടുണ്ട്. ഫയലിൽ കെട്ടിവച്ച് അതിനു പുറത്തിരുന്ന് സമയം കളയേണ്ട അപേക്ഷകളായിരുന്നില്ല അവയെന്ന് അറിയാത്തതാണോ അതോ ഉപേക്ഷയാണോ ഇതിനു കാരണം. എന്തായാലും അപലപിക്കപ്പെടേണ്ട നിസംഗത തന്നെ.

പ്രളയത്തിൽ വിവിധ മേഖലകളിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങളെ സഹായിക്കാൻ മാനദണ്ഡങ്ങൾ നിലവിലുണ്ട്. കണക്കെടുപ്പു നടത്തി റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് കൈമാറേണ്ട ചുമതല വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ്. ഓരോ രംഗത്തും നേരിട്ട നഷ്ടങ്ങളുടെ ഏകദേശ കണക്ക് ഇതിനകം വന്നിട്ടുണ്ട്. കൃഷിനാശം ഇരുനൂറുകോടി രൂപയിലധികമെന്നാണു സൂചന. നെല്ല്, വാഴ, മരച്ചീനി കൃഷികളാണ് ഏറെയും നശിച്ചത്. വിള ഇൻഷ്വറൻസ് എടുത്തവർക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ ഭൂരിപക്ഷം കർഷകരും പല കാരണങ്ങളാൽ ഇൻഷ്വറൻസ് പരിധിക്കു പുറത്താണ്. അവരുടെ കാര്യത്തിൽ അനുഭാവപൂർവമായ സമീപനമുണ്ടാകണം. സഹായ അപേക്ഷകളിൽ ഒരുമാസത്തിനകം ഉദ്യോഗസ്ഥർ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരുണ്ട്. ഭാഗികനഷ്ടം വന്നവരുണ്ട്. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരത്തുകകൊണ്ട് പുതിയൊരു കിടപ്പാടം നിർമ്മിക്കാനാവില്ലെന്ന് സർക്കാരിനും അറിയാം. ഇത്തരം കേസുകളിൽ സർക്കാർ സമീപനം കൂടുതൽ ഉദാരമാകണം. കഴിഞ്ഞദിവസം വരെ ലഭിച്ച വിവരമനുസരിച്ച് പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി 217 വീടുകളാണ് പൂർണമായും തകർന്നത്. ഭാഗികമായി നാശം സംഭവിച്ച വീടുകൾ നിരവധിയുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾക്കു പുറമെ എങ്ങനെ കൂടുതൽ സഹായിക്കാമെന്ന് അടുത്ത മന്ത്രിസഭായോഗം പരിഗണക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ദുരന്തമുണ്ടാകുമ്പോൾ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും കാലാന്തരത്തിൽ ഭംഗം വരുന്നതായാണ് കാണുന്നത്. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇവിടെയെത്തി നൽകിയ വാഗ്ദാനം പോലും പിന്നീട് വിസ്മരിക്കപ്പെടുകയായിരുന്നു. സംസ്ഥാന സർക്കാർ തുടങ്ങിവച്ച പ്രളയാനന്തര പുനരുദ്ധാരണ പദ്ധതികൾക്കും വേണ്ടത്ര വേഗതയുണ്ടായില്ല. പ്രകൃതി ദുരന്തത്തിന്റെ തോത് വലുതാകുന്തോറും പുനർനിർമ്മാണവും പുനരധിവാസവുമൊക്കെ മന്ദഗതിയിലാകുന്നതാണ് കണ്ടുവരുന്നത്. നാശനഷ്ടങ്ങൾ നേരിടേണ്ടിവരുന്നവർക്ക് ഈ കാലതാമസം സഹിക്കാവുന്നതിനും അപ്പുറമായിരിക്കും. യുദ്ധകാലത്തെ ചടുലതയും പ്രാപ്തിയും മിടുക്കും ഒരുപോലെ പ്രദർശിപ്പിക്കേണ്ട സന്ദർഭമാണിത്. ദുരന്തനിവാരണ നടപടികൾ മറ്റൊരു ദുരന്തമായി മാറാതിരിക്കാനുള്ള കരുതലാണ് നാട് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FLOOD KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.