SignIn
Kerala Kaumudi Online
Saturday, 20 April 2024 5.02 AM IST

സ്വർണക്കടത്ത് കുറ്റപത്രം: മുഖ്യപ്രതികളുടെ പങ്കാളിത്തം

gold-smuggling

പി.എസ്. സരിത്ത് : സ്വർണക്കടത്തിനായി സ്വപ്നയുമായി ഗൂഢാലോചന നടത്തി. ഒരു കിലോ സ്വർണം കടത്താൻ കോൺസൽ ജനറലിന് 1000 ഡോളർ നൽകണമെന്ന് റമീസിനെയും സന്ദീപിനെയും അറിയിച്ചു. സ്വർണക്കടത്തിന് പകരം പണം നൽകുമ്പോൾ കള്ളനോട്ട് നൽകുമെന്നും ഇതു സൂക്ഷിക്കണമെന്നും കോൺസൽ ജനറൽ പറഞ്ഞത് അനുസരിച്ച് നോട്ടെണ്ണുന്ന മെഷീൻ വാങ്ങി. അഡ്മിൻ അറ്റാഷെക്ക് പ്രതിഫലം നൽകാൻ ഇന്ത്യൻ കറൻസി ഡോളറാക്കി. സ്വർണക്കടത്തിന് സഹായങ്ങൾ ഒരുക്കി.

സ്വപ്ന സുരേഷ് :ഗൂഢാലോചനയിലും സ്വർണക്കടത്തിലും നിർണായക പങ്ക്. കോൺസലേറ്റ് ജനറലിന് ദുബായിൽ വീടുപണിയാൻ പണം വേണമെന്നും നയതന്ത്ര സ്വർണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നൽകണമെന്നും മറ്റുള്ളവരെ അറിയിച്ചു. സ്വർണക്കടത്തിന് പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്ന് സന്ദീപിന്റെ മൊഴിയുണ്ട്. സരിത്തുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനാൽ സ്വപ്നയുടെ വിഹിതം കൂടി സരിത്ത് എടുക്കുന്നതിനെ എതിർത്തില്ല. കൊവിഡ് കാരണം കോൺസൽ ജനറൽ മടങ്ങിപ്പോയതോടെ അഡ്മിൻ അറ്റാഷയെ സ്വാധീനിച്ചു. ഒരുകിലോ സ്വർണം കടത്താൻ 1500 ഡോളറായിരുന്നു അറ്റാഷെയുടെ പ്രതിഫലം.

സന്ദീപ് നായർ : സ്വർണക്കടത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ. കള്ളക്കടത്തു വിവരങ്ങൾ കൈമാറാൻ സി.പി.എം കമ്മിറ്റി എന്ന പേരിൽ ഒരു ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി. സ്വന്തം മൊബൈൽ ഇതിനായി ഉപയോഗിച്ചില്ല. ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചും മറ്റും കൊണ്ടുവരുന്ന സ്വർണം കെ.ടി. റമീസിന്റെ സഹായത്തോടെ വേർതിരിച്ചെടുത്തു. വാട്ടർ പ്യൂരിഫയർ, സ്പീക്കർ, മൈക്രോവേവ് അവൻ തുടങ്ങിയവയിൽ ഒളിപ്പിച്ചാണ് സ്വർണം എത്തിച്ചത്. സ്വർണം കെ.ടി. റമീസിനാണ് കൈമാറിയത്.

കെ.ടി. റമീസ് : കരിപ്പൂർ, തിരുവനന്തപുരം എയർപോർട്ടുകൾ വഴിയുള്ള സ്വർണക്കടത്തു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിരുന്നു. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിന് സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുമായി ചേർന്ന് പദ്ധതിയുണ്ടാക്കി. ദുബായിൽ നിന്ന് സ്വർണം നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നത് ഏകോപിപ്പിച്ചു.

എ.എം. ജലാൽ, റബിൻസ് ഹമീദ്, : സ്വർണക്കടത്തിന് പണം മുടക്കി. പണത്തിനായി മറ്റു നിക്ഷേപകരെ കണ്ടെത്തി. 26വരെയുള്ള മറ്റുപ്രതികൾ കള്ളക്കടത്തു സ്വർണം വാങ്ങിയവരും കള്ളക്കടത്തിനായി പണം നിക്ഷേപിച്ചവരും കൂട്ടുനിന്നവരുമാണ്. ചില ജുവലറി ഉടമകളും ഉണ്ട്.

ഗോഡ്ഫ്രേ പ്രതാപ് : യു.എ.ഇ കോൺസുലേറ്റിന്റെ കസ്റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസിന്റെ ജനറൽ മാനേജർ. നയതന്ത്രബാഗുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയില്ല. സ്വർണക്കടത്തിന് കൂട്ടുനിന്നു.

എമിറേറ്റ്സ് സ്കൈ കാർഗോ : നയതന്ത്ര ബാഗാണെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തി. യു.എ.ഇ വിദേശ മന്ത്രാലയത്തിന്റെ രേഖകളില്ലാതെയാണ് സ്വർണം ഒളിപ്പിച്ച ഗൃഹോപകരണങ്ങൾ ഉൾപ്പെടെ അടങ്ങിയ ബാഗുകൾ നയതന്ത്ര ബാഗുകളാണെന്ന് സ്ഥിരീകരിച്ചത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്നതിന് തെളിവുണ്ട്.

ശിവശങ്കർ : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. സ്വപ്നയുമായി അടുത്തബന്ധം. യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് സ്വപ്ന ശിവശങ്കറിനോടു പറഞ്ഞിരുന്നു. കോസ്‌മെറ്റിക് സാധനങ്ങൾ കള്ളക്കടത്തു നടത്തുന്നതും ഇതിനായി കമ്മിഷൻ വാങ്ങുന്നതുമൊക്കെ വിശദീകരിച്ചിരുന്നു. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒൗദ്യോഗിക യാത്രകളിലുൾപ്പെടെ സ്വപ്നയെ ഒപ്പം കൂട്ടി. ശിവശങ്കറിന്റെ ഒരു ജന്മദിനത്തിന് സമ്മാനമായി ലഭിച്ച ഐ ഫോൺ ലൈഫ് മിഷൻ പദ്ധതി കരാറുകാരൻ സന്തോഷ് ഇൗപ്പൻ വാങ്ങിയതായിരുന്നു. ഒരു കേശവദാസുമായി ചേർന്ന് യു.എ.ഇയിൽ നിക്ഷേപത്തിന് പദ്ധതിയി​ട്ടു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബോർഡ് ചെയർമാനായിരിക്കെ സ്പേസ് പാർക്കിൽ സ്വപ്നയെ ജോലിക്കെടുത്തു. സ്വർണം പിടിച്ചതു മുതൽ എൻ.ഐ.എ അറസ്റ്റ് ചെയ്യും വരെ സ്വപ്നയുമായി നിരന്തരം വാട്സാപ്പ് കോളിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് സന്ദീപിന്റെ മൊഴിയുണ്ട്. നയതന്ത്ര ചാനലിന്റെ മറവിൽ കള്ളക്കടത്തു നടക്കുന്നതായി പൊലീസിന് രഹസ്യവിവരമുണ്ടെന്ന് ശിവശങ്കർ പറഞ്ഞതായി സ്വപ്നയുടെ മൊഴിയുണ്ട്. കോൺസൽ ജനറലായിരുന്ന ജമാൽ അൽസാബിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.