SignIn
Kerala Kaumudi Online
Saturday, 21 September 2024 5.46 AM IST

സ്‌കൂൾ തുറക്കുമ്പോൾ സുരക്ഷയാണു പ്രധാനം

Increase Font Size Decrease Font Size Print Page

school-opening

ദിവസവും വൈകിട്ട് സർക്കാർ പുറത്തുവിടുന്ന കൊവിഡ് സ്ഥിതിവിവരങ്ങൾ പൂർണമായി ആശ്വസിക്കാൻ വകനല്‌കുന്നില്ലെങ്കിലും എല്ലാ മേഖലകളും മഹാമാരിക്കു മുമ്പുള്ള കാലത്തേക്ക് അതിവേഗം മടങ്ങിക്കൊണ്ടിരിക്കുകയാണ്. അടച്ചിട്ടിരുന്ന മേഖലകളെല്ലാം തുറന്നുകഴിഞ്ഞു. കോളേജുകൾ ഇന്നലെ മുതൽ പൂർണമായും പ്രവർത്തിച്ചുതുടങ്ങി. സിനിമാ തിയേറ്ററുകളിൽ ബുധനാഴ്ച മുതൽ പ്രദർശനങ്ങൾ തുടങ്ങും. വിനോദസഞ്ചാര മേഖല നേരത്തെതന്നെ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ഓർക്കാപ്പുറത്തുണ്ടായ പ്രളയവും ഉരുൾപൊട്ടലും വലിയ തോതിൽ നാശം വിതയ്ക്കാതിരുന്നെങ്കിൽ കഴിഞ്ഞയാഴ്ചതന്നെ എല്ലാം സാധാരണ നിലയിലാകേണ്ടതായിരുന്നു. ഇനിയും തുറക്കാനുള്ളത് സ്കൂളുകളാണ്. നവംബർ ഒന്നുമുതൽ സ്കൂൾ ക്ളാസുകളും ആരംഭിക്കാനിരിക്കുകയാണ്. പ്രതിരോധ വാക്സിൻ ഇതുവരെ കുട്ടികളിലെത്താത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ കൈവരിച്ച പ്രതിരോധമാണ് സ്കൂളുകൾ തുറക്കാനുള്ള പ്രധാന പ്രേരണ. കുട്ടികൾക്കിടയിൽ നടത്തിയ സിറോ സർവേയിൽ പകുതിയോളം കുട്ടികൾ സ്വയാർജ്ജിത പ്രതിരോധശേഷി കൈവരിച്ചതായും തെളിഞ്ഞിരുന്നു.

വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ച് സർക്കാർ ആവർത്തിച്ച് മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ക്ളാസുകൾ സജ്ജമാക്കേണ്ട രീതികൾ പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങളും ഒക്ടോബർ 27-നുതന്നെ പൂർത്തിയാക്കി സ്കൂളുകൾ കേരളപ്പിറവി ദിനത്തിൽ കുട്ടികളെ വരവേല്‌ക്കാൻ തക്ക തയ്യാറെടുപ്പുകളാണ് സ്കൂളുകളിൽ നടക്കുന്നത്. പി.ടി.എ യോഗം ചേർന്ന് എല്ലാ കാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കേണ്ടതുണ്ട്. ക്ളാസ് മുറികൾ മാത്രമല്ല, ഒന്നര വർഷത്തിലധികമായി സ്കൂൾ പരിസരങ്ങളും കാടുപിടിച്ച് കിടക്കുകയായിരുന്നു. അതെല്ലാം വൃത്തിയാക്കുന്ന ജോലി നടക്കുന്നതേയുള്ളൂ. സ്വകാര്യ സ്കൂളുകൾ ഇക്കാര്യത്തിൽ മുന്നിലാണെങ്കിലും സർക്കാർ സ്കൂളുകളുടെ കാര്യം അങ്ങനെയല്ല. ക്രമീകരണങ്ങൾ പൂർത്തിയായിട്ടില്ലാത്ത സ്കൂളുകളിൽ അദ്ധ്യയനം പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. പി.ടി.എകളും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. കൊവിഡിൽ നിന്നു മാത്രമല്ല ഇഴജന്തുക്കളിൽ നിന്നുകൂടി കുട്ടികൾക്കു സംരക്ഷണം നൽകാനാവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ക്ളാസ് മുറിയിൽ വച്ചുപോലും പാമ്പുകടിയേറ്റ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമാകേണ്ടതുണ്ട്.

സ്‌കൂളുകൾ തുറക്കുമ്പോൾ അദ്ധ്യാപകർക്കുള്ള അക്കാഡമിക് മാർഗരേഖ ഇനിയും പ്രസിദ്ധീകരിക്കാത്തത് പോരായ്മ തന്നെയാണ്. രണ്ടുദിവസത്തിനകം അത് പുറത്തിറക്കുമെന്നാണ് പറയുന്നത്. സ്കൂൾ തുറക്കുന്നതിനു തലേദിവസം വരെ അതിനായി കാത്തിരിക്കേണ്ടതില്ലായിരുന്നു.

സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക കടുത്ത വെല്ലുവിളിയാകും. കൂട്ടംചേരൽ ഒഴിവാക്കാനും അച്ചടക്കത്തോടെ ക്ളാസിൽ പെരുമാറാനും കുട്ടികളെ നിർബന്ധിക്കേണ്ടിവരും. സ്കൂളിലേക്കു പുറപ്പെടും മുമ്പ് വീട്ടിൽ രക്ഷാകർത്താക്കളും ഈ വിഷയത്തിൽ കുട്ടികൾക്കു വേണ്ട ഉപദേശവും മാർഗനിർദ്ദേശവും നൽകേണ്ടതുണ്ട്. എല്ലാ സ്കൂളുകളിലും വ്യക്തിശുചിത്വത്തിനുള്ള സംവിധാനം ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിച്ചിട്ടുണ്ട്. ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനവും ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. ഇതെല്ലാം നടപ്പായിട്ടുണ്ടെന്ന് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പാക്കാൻ സംവിധാനം വേണം. നല്ലൊരു ഭാഗം സ്‌കൂളുകളും ഗ്രാമപ്രദേശങ്ങളിലായതിനാൽ അധികൃതരുടെ ശ്രദ്ധയും കണ്ണും അങ്ങോട്ട് അധികം എത്തുകയില്ല. അതിനാൽ ഇത്തരം സ്കൂളുകളുടെ പ്രവർത്തനത്തിൽ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. ജാഗ്രതയും കരുതലും എത്രകണ്ടു കർക്കശമാകുന്നുവോ അത്രയധികം രോഗപ്രതിരോധ കവചം സൃഷ്ടിക്കാനാവും. കുട്ടികളുടെ കാര്യമാകയാൽ ആരുടെ ഭാഗത്തുനിന്നും ഉപേക്ഷയൊന്നും ഉണ്ടാവില്ലെന്നു വിശ്വസിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL OPENING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.